ചന്ദ്രമുഖിയുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചു; നയൻതാരയുടെ ഡോക്യുമെന്ററി വീണ്ടും വിവാദത്തിൽ!

നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങൾ നയൻതാരയുടെ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചുവെന്നാണ് ആരോപണം.

ഇത് സംബന്ധിച്ച് സിനിമയുടെ നിർമാതാക്കൾ മാസങ്ങൾക്ക് മുമ്പ് നയൻതാരയ്ക്കും നെറ്റ്ഫ്ളിക്സിനും നോട്ടീസ് അയച്ചിരുന്നു. ഇപ്പോഴിതാ ചന്ദ്രമുഖിയുടെ പകർപ്പകവകാശം കൈവശമുള്ള എ.പി. ഇന്റർനാഷ്ണൽ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.

ദൃശ്യങ്ങൾ നീക്കം ചെയ്യാനും അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമുള്ള മുൻകാല നിയമപരമായ അറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും സിനിമയിൽ നിന്നുള്ള ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ അനുമതിയില്ലാതെ ഉപയോഗിച്ചതായി ആണ് കമ്പനി അവകാശപ്പെട്ടിരിക്കുന്നത്. ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നും ഡോക്യുമെന്ററിയിൽ നിന്ന് ലഭിച്ച വരുമാനം വെളിപ്പെടുത്തണമെന്നും ഹർജിയിൽ പറയുന്നു. ‌

നേരത്തെ നാനും റൗഡി താൻ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിന് നടൻ ധനുഷും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെൻററിയിൽ ഉപയോഗിക്കാൻ ധനുഷ് സമ്മതിക്കാതിരുന്നപ്പോഴാണ് നയൻതാര അന്ന് മൊബൈലിൽ എടുത്തുവച്ചിരുന്ന ദൃശ്യം ഡോക്യുമെൻററിയിൽ ചേർത്തത്.

ഇതുൾപ്പെട്ട ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻതാരയ്ക്ക് നോട്ടിസയച്ചു. 3 സെക്കൻറ് വിഷ്വലിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിലെ അനൗചിത്യം ചോദ്യംചെയ്ത് നയൻതാര മൂന്നുപേജുള്ള കുറിപ്പ് സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഇട്ടു. ധനുഷിൻറെ വ്യക്തിത്വത്തെയും പെരുമാറ്റത്തെയുമെല്ലാം അതിരൂക്ഷമായി വിമർശിക്കുന്നതായിരുന്നു കത്ത്.

Vijayasree Vijayasree :