സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്‌നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്. 2022 ജൂൺ ഒമ്പതിനായിരുന്നു നയൻതാര സംവിധായകൻ വിഘ്‌നേഷ് ശിവനെ വിവാഹം ചെയ്തത്. ഏഴ് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇന്ത്യൻ സിനിമ ഒന്നാകെ ഒഴുകിയെത്തിയ ആഘോഷമായിരുന്നു ഇരുവരുടെയും വിവാഹം. താരങ്ങളുടെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്കേറെ ഇഷ്ടമാണ്.

എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. ചിമ്പുവും, നടനും ഡാൻസറുമായ പ്രഭുദേവയും ചിമ്പുവുമായുള്ള പ്രണയവുമെല്ലാം ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ പ്രഭുദേവയും വിവാഹം ചെയ്യാൻ ഒരുങ്ങുന്നുവെന്നും നയൻതാര മതം മാറി ഹിന്ദുവാകുന്നുവെന്നെല്ലാം വാർത്തകൾ വന്നിരുന്നു. പ്രഭുദേവയെ വിവാഹം ചെയ്ത് ജീവിക്കാൻ തീരുമാനിച്ച നയൻതാര സിനിമാ കരിയർ വിടാനും തയ്യാറായി.

സീത രാമ രാജ്യം എന്ന തെലുങ്ക് ചിത്രം തന്റെ അവസാന സിനിമയാണെന്ന് നയൻതാര പ്രഖ്യാപിച്ചതുമാണ്. എന്നാൽ പ്രഭുദേവയുമായുള്ള ബന്ധം മുന്നോട്ട് പോയില്ല. മാനസികമായി തകർന്ന നയൻതാര കുറച്ച് കാലം കരിയറിൽ നിന്നും മാറി നിന്നു. പിന്നീട് ശക്തമായ തിരിച്ച് വരവും നടത്തി. ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ നയൻതാര സജീവമല്ലെങ്കിലും അടുത്തിടെ താരം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്തിരുന്നു. ഇടയ്ക്കിടെ ഇപ്പോൾ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ നടിയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് വളരെ സജീവമാണ്. അദ്ദേഹമാണ് വിവരങ്ങളെല്ലാം പങ്കുവെച്ച് എത്തുന്നത്.

ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിച്ചപ്പോൾ പ്രേക്ഷകർ അത്ഭുതപ്പെട്ടു. ഒരു നവ സംവിധായകനെ നടി എന്തുകൊണ്ട് സ്വീകരിച്ചുവെന്നതായിരുന്നു എല്ലാവരുടേയും മനസിൽ വന്ന ആദ്യ ചോദ്യം. എന്നാൽ ആസ്തി നോക്കിയല്ല തന്നോട് കാണിക്കുന്ന സ്നേഹവും ബഹുമാനവും കണ്ടാണ് വി‌ഘ്നേഷിനോട് പ്രണയം തോന്നിയതെന്ന് പറയുകയാണ് നടി. താൻ ആഗ്രഹിച്ചതുപോലൊരു പങ്കാളിയാണ് വിഘ്നേഷ് എന്നും നയൻതാര പറയുന്നു. സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.

എനിക്ക് അത് ഒരിക്കലും വേണ്ടായിരുന്നു. എനിക്ക് ഏറ്റവും പ്രധാനം സ്നേഹവും ബഹുമാനവുമാണ്. അതാണ് എനിക്ക് ഇപ്പോൾ ലഭിക്കുന്നത്. ഇതാണ് ഞാൻ വളരെക്കാലമായി ആഗ്രഹിച്ചത്. അതാണ് എനിക്ക് ഇപ്പോൾ ലഭിക്കുന്നത്. ഒരുമിച്ച് ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങൾ അത് ചെയ്യുക തന്നെ ചെയ്യും. അങ്ങനെ ഒരു ദിവസം വരും. ഈ വെറുക്കുന്നവർക്കെല്ലാം മറ്റ് മാർഗമൊന്നുമില്ലാതെ വിക്കിയെക്കുറിച്ചും എന്നെക്കുറിച്ചും വീണ്ടും നല്ല കാര്യങ്ങൾ മാത്രം എഴുതാൻ തുടങ്ങേണ്ടി വരും. നിങ്ങൾ വിജയം തിരഞ്ഞെടുക്കുന്നില്ല, പണം തിരഞ്ഞെടുക്കുന്നില്ല, പ്രണയം തെരഞ്ഞെടുക്കുന്നില്ല. നിങ്ങൾ ഏതെങ്കിലും ഒരു സാഹചര്യത്തിൽ ആരുമായെങ്കിലും പ്രണയത്തിലായാൽ പ്രണയത്തിലാണ് എന്നത് മാത്രം.

അതിന് അപ്പുറം വേറൊന്നുമില്ല. എന്റെയും വിഘ്‌നേഷിന്റെയും കാര്യത്തിൽ ഞാൻ ഡോക്യുമെന്ററിയിൽ പറഞ്ഞതുപോലെയാണ് കാര്യങ്ങൾ ഞങ്ങളുടെ റിലേഷൻഷിപ്പിൽ ആദ്യ സ്റ്റെപ്പ് എടുത്തത് ഞാനാണ്. എന്റെ ജീവിതത്തിൽ മുമ്പ് ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല. റിലേഷൻഷിപ്പിൽ ആദ്യ സ്റ്റെപ്പ് എടുക്കുക എന്നതിൽ അതുവരെ ഞാൻ വളരെ ഇഗോയിസ്റ്റിക്കായിരുന്നു. പക്ഷെ വിക്കിയുടെ കാര്യത്തിൽ ഞാൻ ആദ്യ സ്റ്റെപ്പ് എടുക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നി. ഞാൻ ആദ്യം ആ നീക്കം നടത്തിയില്ലെങ്കിൽ എനിക്ക് അവനെ ഇഷ്ടമാണെന്ന് വിക്കിക്ക് മനസിലാകില്ലെന്നും എനിക്ക് തോന്നി എന്നാണ് നയൻതാര പറഞ്ഞത്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. വിഘ്നേഷ് നയൻസ് കീ കൊടുക്കുമ്പോൾ ചലിക്കുന്ന പാവയാണെന്നും അങ്ങനൊരു പങ്കാളിക്ക് വേണ്ടിയാണ് നടി കാത്തിരുന്നതെന്നുമാണ് നയൻതാര പറയാതെ പറഞ്ഞതെന്നാണ് ചിലർ പറയുന്നത്. പണത്തിലും പ്രശസ്തിയിലും തന്നെക്കാൾ ഉയർന്ന ഒരാളാണ് പങ്കാളിയെങ്കിൽ അയാളെ അടിമയെ പോലെ ഇങ്ങനെ കൊണ്ടു നടക്കാൻ കഴിയില്ലല്ലോ, അവർ അവരുടെ വഴിയ്ക്ക് പോകും. അതുകൊണ്ട് അതൊന്നും ഇല്ലാത്ത ഒരാളെ നയൻതാര കണ്ട് പിടിച്ച് അടിമയാക്കി അയാളുടെ കരിയറും നശിപ്പിക്കുന്നു. നയൻതാരയെ വിവാഹം കഴിച്ച ശേഷം നല്ലൊരു സിനിമ വിഘ്നേശിന്റെ കരിയറിൽ സംഭവിച്ചിട്ടില്ല. കരാർ ഒപ്പിട്ട അജിത്തിന്റെ സിനിമയിൽ നിന്ന് വരെ ഒഴിവാക്കിയെന്നും ചിലർ കമന്റുകളായി കുറിക്കുന്നുണ്ട്.

അതേസമയം, വിഘ്നേഷിന് മുമ്പ് നിരവധി പ്രണയങ്ങൾ നയൻതാരയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. അതിൽ ആദ്യത്തേത് നടൻ സിലമ്പരസൻ എന്ന സിമ്പു ആയിരുന്നു. വല്ലവൻ സമയത്തായിരുന്നു ഇരുവരുടേയും പ്രണയം മൊട്ടിട്ടത്. പക്ഷെ സ്വകാര്യ ചിത്രങ്ങൾ ലീക്കായതോടെ ഇരുവരും വേർപിരിഞ്ഞു. പിന്നീട് നടനും സംവിധായകനും നർത്തകനുമെല്ലാമായ പ്രഭുദേവയായിരുന്നു നയൻതാരയുടെ പ്രണയം. ഇരുവരും വിവാഹിതരാകുമെന്ന് തന്നെയാണ് പ്രേക്ഷകരും സിനിമാ ലോകവും കരുതിയിരുന്നത്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഇവരുടെ വേർപിരിയൽ.

അടുത്തിടെ, പ്രഭുദേവയുമായുള്ള ബന്ധത്തിൽ സംഭവിച്ചതിനെക്കുറിച്ച് ആദ്യമായി നയൻതാര വെളിപ്പെടുത്തിയിരുന്നു. ബന്ധത്തിലായ ശേഷം തന്നോട് കരിയർ വിടാൻ പ്രഭുദേവ ആവശ്യപ്പെട്ടെന്ന് നയൻതാര ഡോക്യുമെന്ററിയിൽ പറയുന്നത്. ആദ്യമായാണ് നയൻതാര ഇക്കാര്യത്തിൽ മനസ് തുറക്കുന്നത്. അവസാന ദിവസത്തെ ഷൂട്ടിംഗ് എനിക്ക് മറക്കാന‍ാകില്ല. ആ ഇമോഷൻ എനിക്ക് വിശദീകരിക്കാനാകില്ല. ഞാൻ വല്ലാതായി. ഞാൻ പോലുമറിയാതെ കരഞ്ഞു. ഞാൻ ഒരുപാട് സ്നേഹിച്ച്, ഇതാണ് എനിക്കെല്ലാം എന്ന് കരുതിയ പ്രൊഫഷൻ വിട്ട് കൊടുക്കേണ്ടി വന്നപ്പോൾ അതിനേക്കാൾ താഴ്ന്നതൊന്നുമില്ലെന്ന് തോന്നി. ഞാൻ ഇൻഡസ്ട്രി വിട്ടതിന് കാരണം എന്നോട് ആ വ്യക്തി ആവശ്യപ്പെട്ടതാണ്. എനിക്കതൊരു ഓപ്ഷൻ അല്ലായിരുന്നു.

നിനക്കിനി വർക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് വേറെ ഓപ്ഷനുണ്ടായിരുന്നില്ല. അന്ന് ജീവിതമെന്താണെന്ന് മനസിലാക്കാനുള്ള പക്വത എനിക്കില്ലായിരുന്നു. എന്ത് തരം ആളുകൾക്കൊപ്പമാണ് നിങ്ങളുള്ളതെന്നും എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും നിങ്ങൾക്ക് മനസിലാകുക മോശം ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴാണ്. അതെന്നെ പൂർണമായും തകർത്തു.ഞാനല്ല പ്രശ്നമെന്ന് മനസിലാക്കുന്ന ഒരു ദിവസം വരുമെന്ന് അവർ മനസിലാക്കുമെന്ന് താൻ ചിന്തിച്ചെന്നും നയൻതാര വ്യക്തമാക്കി.

ജീവിതത്തിൽ പിഴവുകൾ പറ്റുന്നതും അതിൽ ഖേദിക്കുന്നതും ഓക്കെയാണ്. ആ വ്യക്തിയെ വിശ്വസിച്ചില്ലായിരുന്നെങ്കിൽ ജീവിതത്തിലെ കുറച്ച് വർഷങ്ങൾ നഷ്ടപെടില്ലായിരുന്നു. പക്ഷെ അതിൽ കുഴപ്പമില്ലെന്നും നയൻതാര വ്യക്തമാക്കി. അതേസമയം, പ്രഭുവേദയുമായി അകന്ന ശേഷം കരിയറിൽ നിന്നും വിട്ട് നിന്ന നയൻ‌താരയ്ക്ക് മുൻനിര നായിക സ്ഥാനവും നഷ്ടമായിരുന്നു. എന്നാൽ രാജറാണി എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് താരം നടത്തി.

ലേഡി സൂപ്പർസ്റ്റാറായി മാറുന്നതും തിരിച്ച് വരവിലാണ്. അതേസമയം പ്രഭുദേവ ബന്ധം തകർന്ന ശേഷം ഇതുവരെയും നയൻതാരയെക്കുറിച്ച് സംസാരിച്ചിട്ടില്ല. ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് പ്രഭുദേവ നയൻതാരയുമായി അടുത്തത്. റംലത്ത് എന്നായിരുന്നു ആദ്യ ഭാര്യയുടെ പേര്. അന്ന് നയൻതാരയ്ക്കും പ്രഭുദേവയ്ക്കും എതിരെ റംലത്ത് പരസ്യമായി രംഗത്ത് വന്നിട്ടുമുണ്ട്. നയൻതാരയുമൊത്ത് ലിവ് ഇൻ റിലേഷൻഷിപ്പിലാണെന്ന് പറഞ്ഞ് ലത വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനായ തന്റെ ഭർത്താവിനെ നയൻതാര തട്ടിയെടുക്കുകയാണെന്ന് പറഞ്ഞാണ് പ്രഭുദേവയുടെ ഭാര്യ രംഗത്ത് വന്നത്. അവർ അതിനെതിരെ കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. 2010 ൽ ലതയും പ്രഭുദേവയും ഡിവോഴ്സ് ആയി. വൻ തുക ജീവനാംശമായി പ്രഭുദേവ നൽകി. മക്കളുടെ കാര്യങ്ങളും ഏറ്റെടുത്തു.

അടുത്തിടെ, പേരിനൊപ്പം ലേഡി സൂപ്പർ സ്റ്റാർ എന്ന് ചേർത്തുവിളിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടി നയൻ‌താര കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്ഥാനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും എന്നാൽ ചില സമയത്ത് അത് പ്രേക്ഷകരിൽ നിന്നും വേർതിരിച്ചു നിർത്തുന്നുവെന്നും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ നയൻതാര കൂട്ടിച്ചേർത്തു. നിങ്ങളെല്ലാം സ്നേഹത്തോടെ എന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിച്ചു.

എനിക്ക് ഇത്രയും വലിയ ഒരു കിരീടം നൽകിയതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. എന്നാൽ എന്നെ നയൻതാര എന്ന് മാത്രം വിളിച്ചാൽ മതിയെന്ന് എളിമയോടെ അപേക്ഷിക്കുന്നു. കാരണം ഈ പേരാണ് എൻറെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നത്. ഞാൻ ആരാണ് എന്നത് ആ പേര് പ്രതിനിധീകരിക്കുന്നുണ്ട്, നടി എന്ന നിലയ്ക്ക് മാത്രമല്ല, ഒരു വ്യക്തി എന്ന നിലയ്ക്കും’ എന്നാണ് നയൻ‌താര പറഞ്ഞത്.

നയൻതാരയ്ക്ക് തമിഴ് സിനിമാ ലോകം കൊടുത്ത സിംഹാസനം അവർ ദുരുപയോഗം ചെയ്യുന്നുവെന്നാണ് അടുത്തിടെ തമിഴ് ഫിലിം ജേർണലിസ്റ്റ് ബിസ്മി വെളിപ്പെടുത്തിയത്. പത്ത് കോടിയും പതിനഞ്ച് കോടിയും കൊടുത്ത് അഭിനയിപ്പിക്കുന്ന നിർമാതാക്കളെക്കുറിച്ച് ഒരു ദിവസം പോലും ചിന്തിക്കുന്നില്ല. കഥ കേട്ട് സിനിമ ചെയ്യാൻ തയ്യാറായി ഷൂട്ടിംഗിനെത്തുമ്പോൾ അഹംഭാവം കാണിക്കുന്നു. ഇങ്ങനെ അഭിനയിക്കില്ല, അങ്ങനെ അഭിനയിക്കില്ല എന്നൊക്കെ പറയുന്നു. മുക്കുത്തി അമ്മൻ 2 ഭക്തി സിനിമയാണ്. മോശം കോസ്റ്റ്യൂം എന്തായാലും കൊടുക്കില്ല. സുന്ദർ സി അങ്ങനെയൊരു സംവിധായകനല്ല. ഒരു കോസ്റ്റ്യൂം കൊടുത്തപ്പോൾ ഈ കോസ്റ്റ്യൂമിൽ അഭിനയിക്കില്ലെന്ന് പറഞ്ഞു.

അത് സംവിധായകനോടാണ് പറയേണ്ടത്. എന്നാൽ അസിസ്റ്റന്റ് ഡയരക്ടറെ വേലക്കാരനെ പോലെ കണ്ട് ദേഷ്യപ്പെട്ട് സംസാരിച്ചാൽ അതെങ്ങനെ അംഗീകരിക്കാൻ പറ്റും. ഈ പ്രശ്നം കാരണം അസിസ്റ്റന്റ് ഡയരക്ടർ ഈ സിനിമയേ വേണ്ടെന്ന് പറഞ്ഞ് പോയി. പൊള്ളാച്ചിയിൽ ഷൂട്ട് ചെയ്യാനായിരുന്നു പ്ലാൻ. പൊള്ളാച്ചിക്ക് വരാൻ പറ്റില്ല, എനിക്ക് കുട്ടികളുണ്ടെന്ന് നയൻതാര പറഞ്ഞു. ഇപ്പോൾ ചെന്നെെയ്ക്കടുത്താണ് ഷൂട്ടിംഗ്. ഇനിയും ഇങ്ങനെയാണെങ്കിൽ നയൻതാരയെ മാറ്റാൻ പോലും സാധ്യതയുണ്ട്.

സുന്ദർ സി നേരത്തെ തമന്നയെ വെച്ച് സിനിമ ചെയ്തതാണ്. സുന്ദർ സി വളരെ ഫ്രണ്ട്ലിയായ ഡയരക്ടറാണ്. ആരോടും പരിധി വിട്ട് സംസാരിക്കില്ല. എന്ത് ദേഷ്യമുണ്ടെങ്കിലും അധികം പുറമേക്ക് കാണിക്കില്ല. എത്ര അമർഷമുണ്ടെങ്കിലും ചിരിക്കും. മാത്രവുമല്ല ഇപ്പോഴാണ് സിനിമ ആരംഭിച്ചത്. ഷൂട്ട് നന്നായി പോകട്ടെയെന്ന് അദ്ദേഹം കരുതുന്നു. 112 കോടിയാണ് സിനിമയുടെ ബഡ്ജറ്റെന്നും ഒരു അഭിമുഖത്തിൽ ബിസ്മി വ്യക്തമാക്കിയിരുന്നു.

Vijayasree Vijayasree :