ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയിലാകെ തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ നയൻതാര സജീവമല്ലെങ്കിലും അടുത്തിടെ താരം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്തിരുന്നു. ഇപ്പോൾ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നടി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഇനി മുതൽ തന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കരുതെന്ന് പറയുകയാണ് നയൻതാര. നയൻതാര എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആരാധകരെ ഈ വിവരം അറിയിച്ചത്.
ഒരു നടി എന്ന നിലയിൽ സന്തോഷവും വിജയവും നിറഞ്ഞ എന്റെ യാത്രയ്ക്ക് എല്ലാവരോടും നന്ദി പറയുന്നു. നിങ്ങളുടെ നിരുപാധികമായ സ്‌നേഹവും വാത്സല്യവും കൊണ്ട് അലങ്കാരമായി തീർന്ന ഒരു തുറന്ന പുസ്തകമാണ് എന്റെ ജീവിതം. എന്റെ വിജയത്തിനിടയിൽ എന്റെ തോളിൽ തലോടിയും കഷ്ടപ്പാടുകളിൽ എനിക്ക് ഉയരാൻ കൈ നീട്ടിയും നിങ്ങൾ എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു.
നിങ്ങളിൽ പലരും എന്നെ ‘ലേഡി സൂപ്പർസ്റ്റാർ’ എന്ന് സ്‌നേഹപൂർവ്വം വിളിച്ചിട്ടുണ്ട്, നിങ്ങളുടെ അതിയായ സ്‌നേഹത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു പദവിയാണ് ഇത്. ഇത്രയും വിലപ്പെട്ട ഒരു പദവി നൽകി എന്നെ കിരീടമണിയിച്ചതിന് ഞാൻ നിങ്ങളോട് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. പക്ഷേ, ഇനിമുതൽ നിങ്ങളെല്ലാവരും എന്നെ ‘നയൻതാര’ എന്ന് വിളിക്കണമെന്ന് ഞാൻ താഴ്മയോടെ അഭ്യർത്ഥിക്കുകയാണ്.
കാരണം, ആ പേരാണ് എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തുനിൽക്കുന്നതെന്ന് എനിക്ക് തോന്നുന്നു. ഒരു താരം എന്ന നിലയിൽ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും ഞാൻ ആരാണെന്ന് അത് പ്രതിനിധീകരിക്കുന്നു. എല്ലാ പരിധികൾക്കും അപ്പുറം നമ്മെ ബന്ധിപ്പിക്കുന്ന സ്‌നേഹത്തിന്റെ ഭാഷയാണ് നമുക്കെല്ലാവർക്കും ഉള്ളത്. അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്.
നിങ്ങളുടെ അവസാനിക്കാത്ത പിന്തുണയും സ്‌നേഹവും തുടർന്നും എനിയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. സിനിമയാണ് നമ്മളെ ഒന്നിപ്പിച്ചു നിർത്തുന്നത്, നമുക്ക് അത് ഒരുമിച്ച് ആഘോഷിക്കാം. സ്‌നേഹത്തോടെ, ബഹുമാനത്തോടെ, നന്ദിയോടെ എന്നും നയൻതാര കുറിപ്പിൽ പറയുന്നു.