ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ നയൻതാര സജീവമല്ലെങ്കിലും അടുത്തിടെ താരം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്തിരുന്നു. ഇടയ്ക്കിടെ ഇപ്പോൾ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ നടിയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് വളരെ സജീവമാണ്.
അദ്ദേഹമാണ് വിവരങ്ങളെല്ലാം പങ്കുവെച്ച് എത്തുന്നത്. അതുപോലെ തന്നെ അഭിമുഖങ്ങളും താരം അങ്ങനെ നൽകാറില്ല. സുന്ദർ സി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മൻ 2 എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നു വരികയാണ്. നയൻതാര ദേവിയായി എത്തുന്ന സിനിമയുടെ പൂജ നടന്നത് കഴിഞ്ഞ ദിവസമാണ്. വലിയൊരു താരനിര തന്നെ പൂജയ്ക്ക് എത്തിയിരുന്നു. സുന്ദർ സിയ്ക്കും ചിത്രത്തിലെ മറ്റ് താരങ്ങൾക്കുമൊപ്പം മീന, ഖുശ്ബു, കെഎസ് രവികുമാർ, ഹിപ്പ് ഹോപ്പ് ആദി തുടങ്ങിയവരുമുണ്ടായിരുന്നു പൂജയ്ക്ക്.
എന്നാൽ കഴിഞ്‍ ദിവസം, മൂക്കുത്തി അമ്മൻ 2 സംബന്ധിച്ച് ചില അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നയൻതാരയും സംവിധായകൻ സുന്ദർ സിയും തമ്മിൽ പ്രശ്നങ്ങളുണ്ടായെന്നും ഷൂട്ടിംഗ് നിർത്തി വെക്കേണ്ടി വന്നെന്നും സംസാരമുണ്ടായി. നയൻതാരയ്ക്ക് പകരം തമന്ന ഭാട്ടിയയെ നായികയാക്കിയേക്കുമെന്നുമാണ് പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ബിസ്മി.
തമന്ന നായികയാകുമെന്ന് അഭ്യൂഹം വന്നെങ്കിലും. എന്നാൽ അത് സത്യമല്ലെന്ന് ബിസ്മി പറയുന്നു. നയൻതാര തന്നെയാണ് നായിക. നയൻതാരയ്ക്ക് തമിഴ് സിനിമാ ലോകം കൊടുത്ത സിംഹാസനം അവർ ദുരുപയോഗം ചെയ്യുന്നു. പത്ത് കോടിയും പതിനഞ്ച് കോടിയും കൊടുത്ത് അഭിനയിപ്പിക്കുന്ന നിർമാതാക്കളെക്കുറിച്ച് ഒരു ദിവസം പോലും ചിന്തിക്കുന്നില്ല. കഥ കേട്ട് സിനിമ ചെയ്യാൻ തയ്യാറായി ഷൂട്ടിംഗിനെത്തുമ്പോൾ അഹംഭാവം കാണിക്കുന്നു. ഇങ്ങനെ അഭിനയിക്കില്ല, അങ്ങനെ അഭിനയിക്കില്ല എന്നൊക്കെ പറയുന്നു. മുക്കുത്തി അമ്മൻ 2 ഭക്തി സിനിമയാണ്. മോശം കോസ്റ്റ്യൂം എന്തായാലും കൊടുക്കില്ല. സുന്ദർ സി അങ്ങനെയൊരു സംവിധായകനല്ല. ഒരു കോസ്റ്റ്യൂം കൊടുത്തപ്പോൾ ഈ കോസ്റ്റ്യൂമിൽ അഭിനയിക്കില്ലെന്ന് പറഞ്ഞു.
അത് സംവിധായകനോടാണ് പറയേണ്ടത്. എന്നാൽ അസിസ്റ്റന്റ് ഡയരക്ടറെ വേലക്കാരനെ പോലെ കണ്ട് ദേഷ്യപ്പെട്ട് സംസാരിച്ചാൽ അതെങ്ങനെ അംഗീകരിക്കാൻ പറ്റും. ഈ പ്രശ്നം കാരണം അസിസ്റ്റന്റ് ഡയരക്ടർ ഈ സിനിമയേ വേണ്ടെന്ന് പറഞ്ഞ് പോയി. പൊള്ളാച്ചിയിൽ ഷൂട്ട് ചെയ്യാനായിരുന്നു പ്ലാൻ. പൊള്ളാച്ചിക്ക് വരാൻ പറ്റില്ല, എനിക്ക് കുട്ടികളുണ്ടെന്ന് നയൻതാര പറഞ്ഞു. ഇപ്പോൾ ചെന്നെെയ്ക്കടുത്താണ് ഷൂട്ടിംഗ്. ഇനിയും ഇങ്ങനെയാണെങ്കിൽ നയൻതാരയെ മാറ്റാൻ പോലും സാധ്യതയുണ്ട്. സുന്ദർ സി നേരത്തെ തമന്നയെ വെച്ച് സിനിമ ചെയ്തതാണ്. സുന്ദർ സി വളരെ ഫ്രണ്ട്ലിയായ ഡയരക്ടറാണ്. ആരോടും പരിധി വിട്ട് സംസാരിക്കില്ല. എന്ത് ദേഷ്യമുണ്ടെങ്കിലും അധികം പുറമേക്ക് കാണിക്കില്ല. എത്ര അമർഷമുണ്ടെങ്കിലും ചിരിക്കും. മാത്രവുമല്ല ഇപ്പോഴാണ് സിനിമ ആരംഭിച്ചത്. ഷൂട്ട് നന്നായി പോകട്ടെയെന്ന് അദ്ദേഹം കരുതുന്നു. 112 കോടിയാണ് സിനിമയുടെ ബഡ്ജറ്റെന്നും ബിസ്മി വ്യക്തമാക്കി.
അടുത്തിടെ ചെയ്ത ഒരു സിനിമ കൊടെെക്കനാൽ നടക്കുന്ന കഥയാണ്. എന്നാൽ അത്രയും ദൂരം വരാനാകില്ല, രണ്ട് കുട്ടികളുണ്ടെന്ന് നയൻതാര പറഞ്ഞു. ആ ഏരിയയുടെ സെറ്റ് ചെന്നെെയിൽ തയ്യാറാക്കി. എന്നിട്ടാണ് നയൻതാര അഭിനയിച്ചതെന്ന് ബിസ്മി പറയുന്നു. കൊടെെക്കനാലിൽ പോയി അഭിനയിക്കാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാണ് പണം വാങ്ങിയതെന്നും ബിസ്മി ചോദിക്കുന്നു. സിറ്റി ഫോക്സ് മീഡിയ എന്ന തമിഴ് യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.
ആരോപണങ്ങളോട് നയൻതാര പ്രതികരിച്ചിട്ടില്ല. താരത്തിനെതിരെ നിരന്തരം സംസാരിക്കുന്ന ഫിലിം ജേർണലിസ്റ്റുകളിൽ ഒരാളാണ് ബിസ്മി. ഒരിക്കൽ നയൻതാര ഇവർക്കെതിരെ സംസാരിച്ചിട്ടുണ്ട്. തന്നെക്കുറിച്ച് തെറ്റായ പല കാര്യങ്ങളും മൂന്ന് പേർ പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച നയൻതാര കുരങ്ങൻമാരുമായി ഇവരെ ഉപമിച്ചു. എന്നാൽ നയൻതാരയെക്കുറിച്ച് പറയുന്നത് സത്യമാണെന്നാണ് ബിസ്മിയുടെ വാദം.
അതേസമയം, നേരത്തെയും ഈ സിനിമയുമായി ബന്ധപ്പെട്ട് നയൻതാര വിവാദങ്ങളിൽ പെട്ടിരുന്നു. മൂക്കുത്തി അമ്മൻ 2വിന്റെ പൂജ ചടങ്ങിൽ നിന്നുള്ള ചില വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവാദവും ഉയർന്നു വന്നത്. നടി മീനയോടുള്ള നയൻതാരയുടെ പെരുമാറ്റമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയത്. . തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയാണ് മീന.
ബാലതാരമായി സിനിമാ ലോകത്തെത്തിയ നടി, നടൻ ശിവാജി ഗണേശൻ നായകനായ ‘നെഞ്ചകൾ’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. അതേ വർഷം തന്നെ ‘ഏരു നാപ കത്തി’ എന്ന തമിഴ് ചിത്രത്തിലും നായികയായ നടി.
തമിഴ്, തെലുങ്ക്, ഹിന്ദി മലയാളം തുടങ്ങിയ ഭാഷകളിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച, രജനീകാന്തും കമലും മുതൽ മമ്മൂട്ടിയു മോഹൻലാലും വരെയുള്ളവരുടെ കൂടെ ഇന്നും നായികയായി അഭിനയിക്കുന്ന മീനയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. എന്നാൽ അങ്ങനെയുള്ള മീനയെ നയൻതാര അപമാനിച്ചുവെന്നാണ് സോഷ്യൽ മീഡിയയുടെ ആരോപണം.
പൂജ ചടങ്ങിൽ നിന്നുമുള്ള ചില വീഡിയോകളിൽ നയൻതാര മീനയ്ക്കും ഖുശ്ബുവിനുമൊപ്പം വേദി പങ്കിടുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്നതായി കാണാം. ഖുശ്ബുവിനെ നയൻതാര കെട്ടിപ്പിടിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ സമയമത്രയും അരികിലുണ്ടായിരുന്ന മീനയെ നയൻതാര ഒന്നു നോക്കുകയോ ഒരു വാക്ക് സംസാരിക്കുകയോ ചെയ്യുന്നില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
പിന്നാലെ മീനയുടെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. ആടിൻകൂട്ടത്തിന് നടുവിൽ നിൽക്കുന്ന സിംഹമാണ് സ്‌റ്റോറിയിലുള്ളത്. ‘ആടുകൾ തന്നെക്കുറിച്ച് എന്ത് പറയുന്നുവെന്നോ എന്ത് ചിന്തിക്കുന്നുവെന്നോ ആലോചിച്ച് സിംഹം സമയം കളയാറില്ല’ എന്നാണ് ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ പറയുന്നത്.
മറ്റൊരു സ്റ്റോറിയും മീന പങ്കുവെച്ചിരുന്നു. നിന്റെ പരിശുദ്ധമായ ഹൃദയത്തെ ഓർത്ത് അഭിമാനിക്കുക. എല്ലാവർക്കുമുള്ള ഒന്നല്ല അത്’ എന്ന വാക്കുകളാണ് മീന പങ്കുവച്ചിരിക്കുന്നത്. മീനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി തന്നെ അവഗണിക്കുകയും അതുവഴി അവഹേളിക്കുകയും ചെയ്ത നയൻതാരയ്ക്കുള്ള മറുപടിയാണെന്നാണ് ചില ആരാധകർ പറയുന്നത്.
അതേസമയം, വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് മൂക്കുത്തി അമ്മൻ 2. നേരത്തെ ചിത്രത്തിൽ നയൻതാരയെ നായികയാക്കുന്നതിനെ ചിലർ വിമർശിച്ചിരുന്നു. ദേവിയായി അഭിനയിക്കാൻ നയൻതാരയേക്കാൾ യോഗ്യതയുള്ളത് മീനയ്ക്കാണെന്നായിരുന്നു ചില ആരാധകർ വാദിച്ചത്. മൂക്കുത്തി അമ്മൻ 2വിന്റെ പൂജയ്ക്ക് പിന്നാലെയായിരുന്നു സോഷ്യൽ മീഡിയയിൽ ഈ ചർച്ച നടന്നത്.
നയൻതാര ഗ്ലാമർ വേഷങ്ങൾ ചെയ്യുന്ന നടിയാണ്, അതിനാൽ ദേവിയാക്കാൻ പാടില്ലെന്നാണ് അവർ വാദിച്ചത്. മൂക്കുത്തി അമ്മന്റെ ആദ്യഭാഗത്തും നയൻതാരയായിരുന്നു നായിക. ആർജെ ബാലാജി ആയിരുന്നു ആദ്യ ഭാഗം സംവിധാനം ചെയ്തത്. ചിത്രം വലിയ വിജയം നേടുകയും ചെയ്തു.
ഉർവ്വശി, റജീന കാസൻഡ്ര, യോഗി ബാബു, അഭിനയ എന്നിവരും റണ്ടാം ഭാഗത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മീനയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 100 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് കരുതപ്പെടുന്നത്. മൂക്കുത്തി അമ്മനിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി നയൻതാരയും കുടുംബവും വ്രതത്തിലാണെന്ന് നിർമ്മാതാവ് ഇഷാരി കെ ഗണേഷ് പറഞ്ഞിരുന്നു.
ഒരു മാസമായി നയൻതാരയും കുഞ്ഞുങ്ങളും അടക്കം വ്രതത്തിലാണ്. സിനിമ ഇതിലും വലിയ രീതിയിലാകും ഒരുക്കുക. റിലീസ് അതിലും വലുതായി, പാൻ ഇന്ത്യൻ റീലീസ് ആയാകും എത്തുക എന്നും നിർമ്മാതാവ് വ്യക്തമാക്കി. ഈ സിനിമയുടെ ഷൂട്ടിന് മുമ്പും നയൻതാര വ്രതം എടുത്തിരുന്നു. ജീവിതം മുമ്പോട്ട് കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ മുന്നിൽ മൂക്കുത്തി അമ്മൻ പ്രത്യക്ഷപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറഞ്ഞത്.
കരിയറിൽ ഒരിടവേളയിലുമായിരുന്നു നയൻതാര. 2023 ൽ പുറത്തിറങ്ങിയ അന്നപൂർണി ദ ഗോഡസ് ഓഫ് ഫുഡ് ആണ് നയൻതാരയുടേതായി ഒടവിൽ പുറത്തിറങ്ങിയ സിനിമ. ഈ ചിത്രം വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. പോയവർഷം പുറത്തിറങ്ങിയ നയൻതാരയുടേയും വിഘ്‌നേശ് ശിവന്റേയും വിവാഹ ഡോക്യുമെന്ററിയും വിവാദത്തിൽ പെട്ടിരുന്നു. ഡോക്യുമെന്ററിയ്ക്കായി അനുവാദമില്ലാതെ നാനും റൗഡി താൻ സിനിമയുടെ രംഗങ്ങൾ ഉപയോഗിച്ചതിന് ധനുഷ് താരത്തിന് വക്കീൽ നോട്ടീസ് അയച്ചത് വലിയ ചർച്ചയായി മാറിയിരുന്നു.
ടെസ്റ്റ് ആണ് നയൻതാരയുടെ റിലീസ് കാത്തു നിൽക്കുന്ന സിനിമ. പിന്നാലെ മലയാളത്തിലേക്കും നയൻതാര തിരികെ വരും. മമ്മൂട്ടിയും മോഹൻലാലും അഭിനയിക്കുന്ന മഹേഷ് നാരായണൻ സിനിമയിലൂടെയാണ് നയൻതാരയുടെ തിരിച്ചുവരവ്. കന്നഡ ചിത്രം ടോക്‌സിക് അടക്കമുള്ള സിനിമകളും അണിയറയിലുണ്ട്. നേരത്തെ ജവാനിലൂടെ ബോളിവുഡിലും നയൻതാര അരങ്ങേറ്റം കുറിച്ചിരുന്നു.
ടെലിവിഷൻ അവതാരകയായി എത്തി മലയാള സിനിമയിലേയ്ക്കും അവിടെ നിന്ന് തന്റെ കരിയർ ആരംഭിച്ച നയൻസ് വളരെപ്പെട്ടെന്ന് തന്നെ തമിഴകത്ത് ഏറ്റവും താരമൂല്യമുള്ള നായികയായി മാറുകയായിരുന്നു. നയൻതാര ഇപ്പോൾ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാറില്ല. പ്രമൊഷൻ ഇവന്റുകളിൽ പങ്കെടുക്കാറില്ല. സാധാരണം വിവാഹം കഴിഞ്ഞാൽ മാർക്കറ്റ് നഷ്ടമാകുമെങ്കിലും നയൻതാരയുടെ താരമൂല്യത്തിന് കുറവ് വന്നിട്ടില്ല.