‌നാലാമത്തെ പ്രതി അനാവശ്യമായി മൂന്നാമത്തെ പ്രതിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു; ധനുഷ് കോടതിയിൽ

നയൻതാര: ബിയോണ്ട് ദ ഫെയ്‌റി ടെയ്ൽ എന്ന നെറ്റ്ഫ്‌ളിക്‌സ് ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. നയൻതാരയുടെ വിവാഹത്തിനൊപ്പം ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നുണ്ട്. എന്നാൽ വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളിലും താരം അകപ്പെട്ടിരുന്നു.

ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന സിനിമയിലെ ബിടിഎസ് വീഡിയോ ഉപയോഗിച്ചതായിരുന്നു വിവാദത്തിനാധാരം. സിനിമയുടെ നിർമാതാവായ ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെയാണ് നയൻ‌താര രംഗത്ത് മൂന്ന് പേജുള്ള കത്തിലൂടെ നടനെതിരെ രംഗത്തെത്തിയിരുന്നത്. എന്നാൽ തന്റെ തീരുമാനത്തിൽ നിന്ന് മാറാൻ ധനുഷ് ഒരുക്കമായിരുന്നില്ല.

സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെൻററിയിൽ ഉപയോഗിക്കാൻ ധനുഷ് സമ്മതിക്കാതിരുന്നപ്പോഴാണ് നയൻതാര അന്ന് മൊബൈലിൽ എടുത്തുവച്ചിരുന്ന ദൃശ്യം ഡോക്യുമെൻററിയിൽ ചേർത്തത്. 3 സെക്കൻഡ് വീഡിയോ ഉൾപ്പെട്ട ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻതാരയ്ക്ക് നോട്ടിസ് അയച്ചത്.

ഈ ഡോക്യുമെന്ററിയിൽ നിന്നും ‘നാനും റൗഡി താൻ’ സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിക്കുന്നത് സ്ഥിരമായി തടയണമെന്ന് ആവശ്യപ്പെട്ട് നടനും നിർമാതാവുമായ ധനുഷ് സിവിൽ കേസ് ഫയൽ ചെയ്തു. ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് സിവിൽ കേസ് നൽകിയിരിക്കുന്നത്. ഏപ്രിൽ 9 ന് കേസ് വീണ്ടും പരിഗണിക്കും.

ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലെ സത്യവാങ്മൂലത്തിൽ നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും പ്രവർത്തികൾ കാരണം സിനിമയ്ക്ക് വലിയ നഷ്ടമുണ്ടാക്കി എന്നും ധനുഷ് ആരോപിക്കുന്നുണ്ട്. വിഘ്നേഷ് ശിവന്റെ ശ്രദ്ധ മുഴുവൻ നയൻതാരയിൽ ആയിരുന്നുവെന്നും ധനുഷ് പ്രുയുന്നു.

‘നാലാമത്തെ പ്രതി അനാവശ്യമായി മൂന്നാമത്തെ പ്രതിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി, മറ്റ് അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അവഗണിച്ചുകൊണ്ട്, മൂന്നാം പ്രതി ഉൾപ്പെട്ട രംഗങ്ങളുടെ ഒന്നിലധികം റീടേക്കുകൾ എടുത്തു. അവർ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്ന് ഉറപ്പുവരുത്താനും മറ്റ് അഭിനേതാക്കളെ മുൻഗണന നൽകാതിരിക്കാനും സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചുവെന്നും ധനുഷ് ആരോപിച്ചു.

പ്രൊഡക്ഷൻ വൈകിയത് കാരണം 12 കോടി രൂപ അധികച്ചെലവ് വരികയും ചെയ്തുവെന്നാണ് ധനുഷ് പറയുന്നത്. ഇതേച്ചൊല്ലി പലതവണ തർക്കങ്ങളും ഉണ്ടായി. ഒരുഘട്ടത്തിൽ ചിത്രം തന്നെ ഉപേക്ഷിക്കാൻ ധനുഷ് ആലോചിച്ചിരുന്നു. അവസാനഘട്ടത്തിൽ ധനുഷ് വേണ്ടത്ര പണം നൽകാത്തതിനാൽ നയൻതാര വിഘ്നേഷിനുവേണ്ടി സ്വന്തം പണം മുടക്കിയാണ് സിനിമ പൂർത്തിയാക്കിയതെന്നും വിവരമുണ്ട്.

Vijayasree Vijayasree :