പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വി​ഘ്നേഷും

ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ നയൻതാര സജീവമല്ലെങ്കിലും അടുത്തിടെ താരം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്തിരുന്നു.

ഇടയ്ക്കിടെ ഇപ്പോൾ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ നടിയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് വളരെ സജീവമാണ്. അദ്ദേഹമാണ് വിവരങ്ങളെല്ലാം പങ്കുവെച്ച് എത്തുന്നത്. അതുപോലെ തന്നെ അഭിമുഖങ്ങളും താരം അങ്ങനെ നൽകാറില്ല. ഇപ്പോഴിതാ പഴനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുകയാണ് നടിയുടെ ഭർത്താവും.

ഇരട്ടകുട്ടികളായ ഉയിരിനും ഉലകിനുമൊപ്പമാണ് ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. ചുവന്ന സൽവാറിൽ അതിസുന്ദരിയായി ആണ് നടി എത്തിയത്. കുർത്ത ധരിച്ചാണ് വിഘ്നേഷ് ശിവനും മക്കളും എത്തിയത്. പൊലീസ് സംരക്ഷണയിലായിരുന്നു താരങ്ങളുടെ സന്ദർശനം. ഇരുവരും ക്ഷേത്രത്തിലെത്തിയത് പ്രമാണിച്ച് ക്ഷേത്രത്തിൽ ഭക്ത‍ർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

മാത്രമല്ല, മുരുകന്റെ ഫോട്ടോ പ്രിന്റ് ഇരുവർക്കും ഉപഹാരമായി ക്ഷേത്രഭാരവാഹികൾ നൽകി. ക്ഷേത്രത്തിനുള്ളിൽ നിന്നിരുന്ന തന്റെ ആരാധകരെ നയൻതാര അഭിവാദ്യം ചെയ്തു. നിരവധി പേരാണ് നടിയെയും കുടുംബത്തെയും കാണാൻ തടിച്ച് കൂടിയത്. ക്ഷേത്രത്തിലെ പ്രസാദം സ്വീകരിച്ച ശേഷമാണ് കുടുംബം തിരികെ പോയത്.

Vijayasree Vijayasree :