ഞാന്‍ ഒരുപാട് അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട്, 18-19 കൊല്ലം സിനിമ രംഗത്ത് തുടരുക എന്നത് ലളിതമായ ഒരു കാര്യമല്ല; തുറന്ന് പറഞ്ഞ് നയന്‍താര

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. അധികം അഭിമുഖങ്ങളൊന്നും നല്‍കാത്ത, സോഷ്യല്‍ മീഡിയയിലും സജീവമല്ലാത്ത താരം കൂടിയാണ് നയന്‍സ്. എന്നാല്‍ ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറിനെ കുറിച്ച് നയന്‍താര പറയുന്നത്.

രണ്ട് പതിറ്റാണ്ടോളമാകുന്ന തന്റെ സിനിമ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ടായെന്നാണ് നയന്‍താര പറയുന്നത്. നല്ലതും മോശവുമായ അവസ്ഥയിലേയ്ക്ക് കടന്നുപോയി. അവയെല്ലാം പലതും പഠിപ്പിച്ചു. 18-19 കൊല്ലം സിനിമ രംഗത്ത് തുടരുക എന്നത് ലളിതമായ ഒരു കാര്യമല്ലെന്നും നയന്‍താര അഭിമുഖത്തില്‍ പറഞ്ഞു.

‘ഞാന്‍ ഒരുപാട് അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട്. അതിനാല്‍ പലതും പഠിക്കാന്‍ സാധിച്ചു. അത് നല്ലതാണ്. നല്ലതും ചീത്തയുമായ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന അവസ്ഥയില്‍ ഞാന്‍ എന്ത് തെറ്റ് ചെയ്താലും എല്ലാം ഇപ്പോള്‍ നന്നായി തന്നെ വന്നു. 18-19 വര്‍ഷമായി സിനിമ രംഗത്ത് തുടരുക എന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ പ്രേക്ഷകരും ദൈവവും എന്നോട് കരുണ കാണിക്കുന്നു. ഞാന്‍ അനുഗ്രഹിക്കപ്പെടുന്നു. എല്ലാം എങ്ങനെ ഒന്നിച്ച് വന്നു എന്നത് ഇപ്പോഴും ഇനിക്ക് അറിയില്ല’.

തന്റെ സിനിമ നിര്‍മ്മാണ കമ്പനി സംബന്ധിച്ചും നയന്‍താര സംസാരിച്ചു. ‘മികച്ച സിനിമകള്‍ ഉണ്ടാക്കുക എന്നതാണ് എന്റെ പ്രധാന്യം. അത് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ ആയാലും, വാങ്ങുന്ന ചിത്രങ്ങള്‍ ആയാലും, അല്ലെങ്കില്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ ആയാലും അങ്ങനെ തന്നെ. നല്ല ചിത്രങ്ങള്‍ ഉണ്ടാകണം അത് പ്രേക്ഷകരില്‍ എത്തണം.

നല്ല ഉള്ളടക്കമാണ് നല്ല ചിത്രത്തെ തീരുമാനിക്കുന്നത്. നിങ്ങളുടെ ക്രാഫ്റ്റില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നന്നായി ജോലി ചെയ്യാന്‍ സാധിക്കും. അത് പ്രേക്ഷകര്‍ ഇഷ്ടപ്പെടും. അവര്‍ നിങ്ങളെ സ്‌നേഹിക്കും, നിങ്ങളെ ആഘോഷിക്കും. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം’ എന്നും നയന്‍താര പറയുന്നു.

അതേസമയം, തമിഴ് ഹൊറര്‍ ചിത്രമായ കണക്ടാണ് നയന്‍താരയുടെ അടുത്ത് റിലീസ് ചെയ്ത ചിത്രം. സംവിധായകന്‍ ആറ്റ്‌ലിയുടെ ജവാന്‍ എന്ന ചിത്രത്തിലൂടെ നയന്‍താര ഈ വര്‍ഷം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ഷാരൂഖ് ഖാനാണ് ചിത്രത്തിലെ നായകന്‍. ഷാരൂഖിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റാണ് ഇത് നിര്‍മ്മിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി ജൂണ്‍ 2 ന് ജവാന്‍ റിലീസ് ചെയ്യും.

Vijayasree Vijayasree :