ഒരു ചിത്രത്തിന് 100 കോടി എന്ന തരത്തില്‍ ശമ്പളം ആവശ്യപ്പെടുന്നത് സിനിമയെ ദോഷകരമായി ബാധിക്കും; തുറന്നടിച്ച് നവാസുദ്ദീന്‍ സിദ്ദിഖി

ബോക്‌സ് ഓഫീസ് കളക്ഷനുകളെക്കുറിച്ചും ടിക്കറ്റ് വില്‍പ്പനയെക്കുറിച്ചും അഭിനേതാക്കള്‍ സംസാരിക്കേണ്ട കാര്യമില്ലെന്ന് ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. ഇത്തരം സംസാരങ്ങള്‍ നമ്മുടെ കഴിവില്‍ വെള്ളം ചേര്‍ക്കുന്നത് പോലെയാണ് എന്ന് താരം അഭിപ്രായപ്പെട്ടു. ഒരു ചിത്രത്തിന് നൂറുകോടി പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ നിലപാടിനെതിരെയും സിദ്ദിഖി സംസാരിച്ചു. ഒരു സിനിമയെ ഹിറ്റ് അല്ലെങ്കില്‍ ഫ്‌ലോപ്പ് ആക്കുന്നത് സിനിമയുടെ ബജറ്റാണെന്ന് അഭിപ്രായപ്പെട്ട താരം. സിനിമയുടെ സാമ്പത്തിക കാര്യങ്ങള്‍ നിര്‍മ്മാതാവിന്റെ ഉത്തരവാദിത്വമാണെന്നും പറഞ്ഞു.

ഒരു ചിത്രത്തിന് 100 കോടി എന്ന തരത്തില്‍ ശമ്പളം ആവശ്യപ്പെടുന്നത് സിനിമയെ ദോഷകരമായി ബാധിക്കും. ഒരു സിനിമയുടെ ബഡ്ജറ്റ് ഇത് കാരണം പരിധിക്ക് അപ്പുറം എത്തുന്നു ഇത് പരാജയ കാരണമാകുന്നു. നടന്മാരോ സംവിധായകരോ കഥാകൃത്തുക്കളോ ചിലപ്പോള്‍ ഇവിടെ പരാജയപ്പെടണമെന്നില്ല. സിനിമയുടെ ബജറ്റ് തന്നെയാണ് അതിനെ ഹിറ്റ് ആക്കുകയോ ഫ്‌ലോപ്പ് ആക്കുകയോ ചെയ്യുന്നത് നവാസുദ്ദീന്‍ സിദ്ദിഖി കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ സിനിമ രംഗത്തിന് ബിഗ് ബജറ്റ് ആണോ അല്ലെങ്കില്‍ വലിയ ആശയങ്ങളാണോ വേണ്ടത് എന്ന ചോദ്യത്തിന് ചരിത്രപരമായി പണം എല്ലായ്‌പ്പോഴും നല്ല ആശയങ്ങളെ പിന്തുടരുകയായിരുന്നു എന്ന് നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു. ‘എനിക്ക് ഒരു ട്രില്യണ്‍ ഡോളര്‍ ബജറ്റ് ഉണ്ട്, എന്നാല്‍ നല്ല ആശയം സിനിമയ്ക്ക് ലഭിച്ചില്ലെങ്കില്‍, എന്റെ ട്രില്യണ്‍ ഡോളര്‍ പോക്കറ്റില്‍ നിന്നും പോകും’ അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ സിനിമ രംഗത്ത് ഒരു വ്യക്തയുടെ അടുത്ത് നല്ല തിരക്കഥയുണ്ടെങ്കില്‍, തിരക്കഥ ലഭിക്കാന്‍ വേണ്ടി മാത്രം നിര്‍മ്മാതാക്കള്‍ പണവുമായി അയാളുടെ പുറകെ വരും. ‘നല്ല ആശയങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന ഒരോ വ്യക്തിക്കും നാം കൂടുതല്‍ വിശ്വാസ്യത നല്‍കണം’ അദ്ദേഹം പറഞ്ഞു.

താരങ്ങള്‍ നിയന്ത്രിക്കുന്ന ചലച്ചിത്ര രംഗം അവസാനിക്കാന്‍ പോവുകയാണെന്നും നവാസുദ്ദീന്‍ തുറന്നു പറഞ്ഞു. പ്രേക്ഷകര്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുമ്പോള്‍,നമ്മുടെ താരങ്ങള്‍ അത് മനസിലാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.2023ല്‍ റിലീസിന് തയ്യാറെടുക്കുന്ന ഹദ്ദി എന്ന ചിത്രത്തിലാണ് താരം നവാസുദ്ദീന്‍ സിദ്ദിഖി അഭിനയിക്കുന്നത്.

Vijayasree Vijayasree :