ബോളിവുഡ് പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ നവാസുദ്ദീൻ സിദ്ദിഖി. ഇപ്പോഴിതാ നടനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു ജൻജാഗൃതി സമിതി. മഹാരാഷ്ട്രയിലെ ഹിന്ദുത്വ സംഘടനയാണിത്. താരത്തിനെതിരെ ഇവർ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
സംഘടനയുടെ സുരാജ്യ അഭിയാൻ കാമ്പയിനിന്റെ ഭാഗമായിട്ടാണ് പരാതി നൽകിയിരിക്കുന്നത്. ഒരു ബെറ്റിങ് ആപ്പിന്റെ പരസ്യത്തിൽ പൊലീസുകാരനായി നവാസുദ്ദീൻ അഭിനയിച്ചിരുന്നു. ഈ പരസ്യം മഹാരാഷ്ട്ര പൊലീസിന്റെ പ്രതിച്ഛായ തകർക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന കമ്മീഷണർക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുന്നത്.
ബെറ്റിങ് ആപ്പ് ആയ ബിഗ് ക്യഷ് പോക്കർ എന്ന ബെറ്റിങ് ആപ്പിന് വേണ്ടിയാണ് നവാസുദ്ദീൻ സിദ്ദീഖി പരസ്യം ചെയ്തിരിക്കുന്നത്. പൊലീസ് യൂണിഫോം ധരിച്ച് പോക്കർ പോലുള്ള ചൂതാട്ട ഗെയിമിനെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്നാണ് ഹിന്ദു ജൻജാഗൃതി സമിതി പറയുന്നത്.
സംഭവത്തിൽ നവാസുദ്ദീൻ സിദ്ദീഖി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ദിഖി. ബ്ലാക്ക് ഫ്രൈഡേ, കഹാനി, ഗ്യാങ്ങ്സ് ഓഫ് വസേപ്പൂർ, രമൺ രാഘവ് 2.0, ലഞ്ച്ബോക്സ്, ഫോട്ടോഗ്രാഫ്, തലാഷ്, പത്താങ്ങ്, സേക്രഡ് ഗെയിംസ് (വെബ് സീരീസ്) തുടങ്ങീ മികച്ച സിനിമകളിലൂടെ ഗംഭീര പ്രകടനമാണ് നവാസുദ്ദീൻ സിദ്ദിഖി കാഴ്ച വെച്ചിട്ടുള്ളത്.