സൂര്യപ്രകാശം പോലെയാണ് പൂജ; ആദ്യ കാഴ്ചയില്‍ തന്നെ പൂജയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു ; മനസ് തുറന്ന് നവാബ് ഷാ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ ഇടംപിടിച്ച ഒന്നായിരുന്നു നടി പൂജ ബത്രയുടെ വിവാഹം.
നടന്‍ നവാബ് ഷായെയാണ് പൂജ വിവാഹം കഴിച്ചത്. ഇപ്പോളിതാ തങ്ങളുടെ വിവാഹത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നവാബ് ഷാ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ആദ്യ കാഴ്ചയില്‍ തന്നെ പൂജയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചുവെന്നാണ് അഭിമുഖത്തിൽ നവാബ് പറയുന്നത്. ‘സൂര്യപ്രകാശം പോലെയാണ് പൂജ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. അപ്പോള്‍ തന്നെ എനിക്കുറപ്പായിരുന്നു അവര്‍ക്കൊപ്പമാണ് ഞാന്‍ എന്റെ ബാക്കി ജീവിതം ജീവിക്കേണ്ടത് എന്ന്- നവാബ് വ്യക്തമാക്കുന്നു.

‘ഇന്നത്തെ കാലത്ത് വളരെ വിരളമായി മാത്രം കാണുന്ന ഒരു ബന്ധമാണ് ഞങ്ങളുടേത്. വിവാഹത്തെ കുറിച്ചോ ബന്ധത്തെ കുറിച്ചോ ഞങ്ങള്‍ക്ക് യാതൊരു സംശയവും ഇല്ലായിരുന്നു. വളരെ മനോഹരമായി ഞങ്ങള്‍ പരസ്പരം കണക്ട് ചെയ്തു, എല്ലാ കാര്യങ്ങളും ഞങ്ങള്‍ക്ക് അനുകൂലമായി വന്നു,’ നവാബ് ഷാ പറഞ്ഞു.
ഡല്‍ഹിയില്‍ വച്ച് പരമ്പരാഗത രീതിയിലാണ് വിവാഹം നടന്നത്.അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങായിരുന്നു ഇരുവരുടേയും വിവാഹം.

ആര്യ സമാജ് ചടങ്ങുകള്‍ പ്രകാരം തങ്ങള്‍ വിവാഹിതരായെന്നും ഈ ആഴ്ച തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം പൂജ ബത്ര പറഞ്ഞത്.

“അതെ, ഞങ്ങൾ വിവാഹിതരായി. നവാബും ഞാനും ഡൽഹിയിൽ വച്ച് മനസമ്മതം കൈമാറി, ഞങ്ങളുടെ കുടുംബങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. എന്തിനാണ് വിവാഹം വച്ച് താമസിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ പ്രിയപ്പെട്ടവർ ഞങ്ങളോട് ചോദിക്കുന്നുണ്ടായിരുന്നു. ഞാനൊരു ഒഴുക്കിനൊപ്പം പോകുകയായിരുന്നു. പെട്ടെന്നാണ് എന്റെ ജീവിതം ഞാൻ ചെലവഴിക്കാൻ ആഗ്രഹിക്കുന്നത് ഇദ്ദേഹത്തോടൊപ്പമാണ് എന്ന് തിരിച്ചറിഞ്ഞത്. പിന്നെ വച്ചു നീട്ടുന്നതിൽ അർഥമില്ല. അതിനാൽ, ഞങ്ങൾ വിവാഹിതരായി. ആര്യ സമാജ് ചടങ്ങ് പ്രകാരം ഞങ്ങൾ വിവാഹിതരായി. ഈയാഴ്ച വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യും,” പൂജ പറഞ്ഞു.

പൂജാ ബത്രയുടെ രണ്ടാം വിവാഹമാണ് ഇത്. 2003 ഫെബ്രുവരി 9-ന് ഡോക്ടർ ആയ സോനു അലുവാലിയയെ വിവാഹം ചെയ്ത പൂജ ഭർത്താവിനൊപ്പം അമേരിക്കയിലെ ലൊസാഞ്ചൽസിൽ താമസമാക്കിയിരുന്നു. തുടർന്ന് 2011 -ൽ ഇവർ വിവാഹമോചനം നേടി

1997-ൽ പുറത്തിറങ്ങിയ ‘വിരാസത്’ എന്ന ചിത്രത്തിലൂടെയാണ് പൂജ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. സുനിൽ ഷെട്ടിയോടൊപ്പം അഭിനയിച്ച ‘ഭായ്’, സഞ്ജയ് ദത്തിനൊപ്പം അഭിനയിച്ച ‘ഹസീന മാൻ ജായേഗി’ തുടങ്ങിയവ വിജയ ചിത്രങ്ങളായിരുന്നു.

ബോളിവുഡ് ചിത്രങ്ങൾക്ക് പുറമേ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻ‌ലാലിനൊപ്പം ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം ‘മേഘം’ എന്ന ചിത്രത്തിലും ജയറാമിനൊപ്പം ‘ദൈവത്തിന്റെ മകൻ’ എന്ന ചിത്രത്തിലും പൂജ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

navab sha reveals about pooja batra

Noora T Noora T :