പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 95മത് അക്കാദമി പുരസ്‌കാരത്തിന് ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5:30ന് തിരശീല ഉയരുകയാണ്. ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടുവിലാണ് ഇന്ത്യന്‍ പ്രേക്ഷകരുടെ പ്രതീക്ഷ. ഇപ്പോള്‍ പുരസ്‌കാരം ലഭിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നു എന്ന് പറയുകയാണ് സംഗീത സംവിധായകനും ഗായകനും മുന്‍ ഓസ്‌കര്‍ ജേതാവുമായ എ ആര്‍ റഹ്മാന്‍.
‘നാട്ടു നാട്ട് വിജയിക്കണം, അവര്‍ ഗ്രാമി പുരസ്‌കാരം നേടണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. കാരണം നമ്മില്‍ ആര്‍ക്ക് പുരസ്‌കാരം ലഭിച്ചാലും അത് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുന്നത് പോലെയാണ്.
മാത്രമല്ല ലോകത്തിന്റെ ശ്രദ്ധയിലേക്ക് നമ്മുടെ പാട്ട് എത്തുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള മറ്റ് പാട്ടുകളും അവര്‍ കേള്‍ക്കാന്‍ തല്പര്യപ്പെടും. ‘ജയ് ഹോ’യ്ക്ക് ഓസ്‌കര്‍ ലഭിച്ച ശേഷം പ്രേക്ഷകര്‍ എന്റെ മറ്റ് പാട്ടുകളും കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. എന്ത് തന്നെയായലും ഭാരതത്തിന് അഭിമാനമാണ്,’ എ ആര്‍ റഹ്മാന്‍ എഎന്‍ഐയോട് പറഞ്ഞു.
മികച്ച ഗാനം എന്ന വിഭാഗത്തിലാണ് നാട്ടു നാട്ടു മത്സരിക്കുന്നത്. എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന് വരികള്‍ എഴിതിയിരിക്കുന്നത് ചന്ദ്രബോസ് ആണ്. മൂന്ന് മിനിറ്റും 36 സെക്കന്‍ഡുമാണ് ഗാനത്തിന്റെ ദൈര്‍ഘ്യം. രാഹുല്‍ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് നാട്ടു നാട്ടു ആലപിച്ചിരിക്കുന്നത്.
