68-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളും ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും ഇന്ന് വിതരണം ചെയ്യും. ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. 3 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചലച്ചിത്ര പുരസ്കാരച്ചടങ്ങിൽ രാഷ്ട്രപതി മുഖ്യാതിഥിയാകുന്നത്
മലയാളത്തിന് 8 പുരസ്കാരങ്ങളാണ് ലഭിച്ചത്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രമൊരുക്കിയ അന്തരിച്ച സംവിധായകൻ സച്ചി ആണ് മികച്ച സംവിധായകൻ. മികച്ച സഹനടനായി ബിജു മേനോൻ, മികച്ച ഗായിക നഞ്ചിയമ്മ, മികച്ച സംഘട്ടന സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം മറ്റ് പുരസ്കാരങ്ങൾ സ്വന്തമാക്കിയത്.
മികച്ച മലയാള സിനിമയായി സെന്ന ഹെഗ്‌ഡെയുടെ ‘തിങ്കളാഴ്ച നിശ്ചയം’ തെരഞ്ഞെടുത്തപ്പോൾ സെപ്ഷ്യൽ ജൂറി പുരസ്‌കാരം നേടി ‘വാങ്ക്’ ശ്രദ്ധ നേടി. ‘ശബ്‍ദിക്കുന്ന കലപ്പ’ എന്ന ചിത്രത്തിലൂടെ നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം നിഖില്‍ എസ് പ്രവീണിനാണ് ലഭിച്ചത്. മികച്ച പുസ്തകത്തിന് അനൂപ് രാമകൃഷ്‍ണനും (എംടി: അനുഭവങ്ങളുടെ പുസ്‍തകം) തെരഞ്ഞെടുക്കപ്പെട്ടു. സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ആണ് മികച്ച സിനിമ. ഇതിലൂടെ അപർണ ബാലമുരളി മികച്ച നടിയായി. ഇതേ സിനിമയിലെ അഭിനയത്തിന് സൂര്യയും ‘തൻഹാജി: ദി അൺസങ് വാരിയർ’ എന്ന സിനിമയിലൂടെ അജയ് ദേവഗണും മികച്ച നടനുള്ള പുരസ്കാരങ്ങൾ പങ്കിട്ടു. രാജ്യത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മുതിര്‍ന്ന നടി ആശാ പരേഖിനാണ്.