കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ ക്ഷണിച്ചാലും പോകില്ല; വിവാദത്തിന് പിന്നാലെ വിശദീകരണവുമായി നാനി

നിരവധി ആരാധകരുള്ള തെലുങ്ക് താരമാണ് നാനി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ ക്ഷണിച്ചാലും പോകില്ല എന്നാണ് നാനിയുടെ പരാമര്‍ശം.

കോഫി വിത്ത് കരണ്‍ ഷോയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ എന്തായിരിക്കും മറുപടി എന്ന ചോദ്യം നാനിയോട് ചോദിച്ചിരുന്നു. തന്റെ വ്യക്തിഗത ജീവിതം സ്വകാര്യമായി സംരക്ഷിക്കാന്‍ ശ്രമിക്കും എന്ന തരത്തിലായിരുന്നു താരത്തിന്റെ മറുപടി. ഈ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടു എന്നാണ് നാനി ഇപ്പോള്‍ പറയുന്നത്.

‘എല്ലാം വളച്ചൊടിക്കുന്ന കാലമാണിത്, ഞാന്‍ ആ ഷോയ്ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല. കോഫി വിത്ത് കരണ്‍ കാണുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. ആ ഷോയ്ക്ക് പറ്റിയ ആളല്ല ഞാനെന്നും എനിക്കുറപ്പുണ്ട്. ഞാന്‍ ഒന്നിനെ കുറിച്ചും സംസാരിക്കാത്തതിനാല്‍ എനിക്കത് വളരെ ബോറായേക്കാം.’

‘അതൊരു രസകരമായ ഷോയാണ്, കരണുമായി സിനിമയെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ പരിപാടിയിലെ സമ്മാനവും റാപ്പിഡ് ഫയറും ഞാന്‍ അതിന് അനുയോജ്യനല്ല’ എന്നാണ് നാനി പറയുന്നത്.

അതേസമയം, ‘ഹായ് നന്ന’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് നാനി ഇപ്പോള്‍. മൃണാല്‍ ഠാക്കൂര്‍ ആണ് ചിത്രത്തില്‍ നായിക. നവാഗതനായ ശൗര്യുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

Vijayasree Vijayasree :