150 കോടി ജനങ്ങളുടെ നേതാവാണ് നരേന്ദ്ര മോദി, മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കി, പകരം ലക്ഷദ്വീപിലേയ്ക്ക് പോകും; നാഗാര്‍ജുന

മാലദ്വീപിലേക്കുള്ള തന്റെ അവധിക്കാല യാത്ര റദ്ദാക്കിയെന്ന് തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുന. പകരം ലക്ഷദ്വീപിലേയ്ക്ക് അവധിക്കാല യാത്രക്കായി പോകുമെന്നും താരം പറഞ്ഞു. സംഗീതസംവിധായകന്‍ എം.എം. കീരവാണിയുമായുള്ള അഭിമുഖസംഭാഷണത്തിലാണ് നാഗാര്‍ജുനയുടെ പ്രതികരണം. ഇന്ത്യ മാലദ്വീപ് അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് നടന്റെ പ്രസ്താവന.

‘ജനുവരി 17ന് മാലദ്വീപിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോകാന്‍ ഇരുന്നതാണ്. ബിഗ് ബോസിലും നാ സാമി രംഗ എന്ന സിനിമയിലുമായി 75 ദിവസം ഇടവേളയില്ലാതെ ജോലി ചെയ്തു. ഞാന്‍ ഇപ്പോള്‍ ടിക്കറ്റ് റദ്ദാക്കിയിരിക്കുകയാണ്. പകരം അടുത്തയാഴ്ച ലക്ഷദ്വീപിലേയ്ക്ക് പോകാനാണ് തീരുമാനം.

ഭയം കൊണ്ടല്ല യാത്ര റദ്ദാക്കിയത്, അത് ശരിയല്ലെന്ന് തോന്നി. അവര്‍ നടത്തിയ പ്രസ്താവനകള്‍ ഒട്ടും ആരോഗ്യകരമായിരുന്നില്ല, അത് ശരിയല്ല. നരേന്ദ്ര മോദി നമ്മുടെ പ്രധാനമന്ത്രിയാണ്. 150 കോടി ജനങ്ങളെ അദ്ദേഹം നയിക്കുന്നു. 150 കോടി ജനങ്ങളുടെ നേതാവാണ് അദ്ദേഹം. മാലദ്വീപ് പ്രത്യാഘാതങ്ങള്‍ നേരിടുകയാണ്’, നാഗാര്‍ജുന പറഞ്ഞു.

ലക്ഷദ്വീപിലെ ബംഗാരം ദ്വീപിന്റെ ഭംഗിയെക്കുറിച്ച് വാചാലനായ നടന്‍ കീരവാണിയോട് ലക്ഷദ്വീപിലേയ്ക്ക് യാത്ര പോകാനും തമാശരൂപേണ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയുള്ള മാലദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമര്‍ശത്തെത്തുടര്‍ന്ന് പ്രമുഖരുള്‍പ്പെടെ നിരവധിയാളുകള്‍ അവിടേയ്ക്കുള്ള യാത്രകള്‍ റദ്ദാക്കിയിരുന്നു.

മാലദ്വീപ് ബഹിഷ്‌കരണ കാമ്പെയ്‌നുകളും സാമൂഹികമാധ്യമങ്ങളില്‍ നിറയുകയാണ്. മാലദ്വീപിന് പകരം ഇന്ത്യക്കാര്‍ ലക്ഷദ്വീപിനെ ഉയര്‍ത്തിപ്പിടിക്കുകയും അവിടേക്ക് യാത്രകള്‍ നടത്തണമെന്നുമാണ് ഈ കാമ്പെയ്‌നില്‍ പങ്കെടുക്കുന്നവരുടെ വാദം.

Vijayasree Vijayasree :