നടികര്‍ സംഘത്തിന്റെ പേര് മാറ്റി വിജയകാന്തിന്റെ പേര് നല്‍കാന്‍ ആവശ്യം

തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യം. കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ വിജയകാന്തിന്റെ സ്മരണാര്‍ത്ഥം പേര് മാറ്റണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. 2000 മുതല്‍ 2006 വരെയുള്ള കാലഘട്ടത്തില്‍ സംഘടനയുടെ പ്രസിഡന്റ് ആയിരുന്നു വിജയകാന്ത്.

450 കോടി രൂപയുടെ കടബാധ്യത ഉണ്ടായിരുന്ന നടികര്‍ സംഘത്തെ പുനരുജ്ജീവിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് താരം. അദ്ദേഹത്തിന്റെ ആശയങ്ങളും ധനസമാഹരണ പരിപാടികളുമാണ് സംഘടനയെ കടബാധ്യതയില്‍ നിന്ന് രക്ഷിച്ചത്. അഭിനേതാക്കളെ ഒരുമിച്ച് നിര്‍ത്തുന്നതിലും അദ്ദേഹം പ്രധാന പങ്കു വഹിച്ചു.

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ഡിസംബര്‍ 28ന് രാവിലെയാണ് അന്തരിച്ചത്. മൃതദേഹം ഇന്നലെ വൈകിട്ട് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ഡിഎംഡികെ ആസ്ഥാനത്ത് സംസ്‌കരിച്ചു. രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും പൊതുജനങ്ങളും വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

വിവിധ ആരോഗ്യ പ്രശനങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന വിജയകാന്തിനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അന്ത്യം.

ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല.

വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിയോഗം. 2005ല്‍ ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) എന്ന രാഷ്ട്രീയ പാര്‍ട്ടിക്കും വിജയകാന്ത് രൂപം നല്‍കി.

2006 ലെ തമിഴ് നാട് നിയമ സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ എല്ല 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തില്‍ മാത്രമേ വിജയം നേടാനായുള്ളു.

വിരുധാചലം, റിഷിവന്ദ്യം മണ്ഡലങ്ങളില്‍ നിന്ന് ഓരോ തവണ വിജയിച്ചു. 20112016 കാലയളവില്‍ തമിഴ്‌നാടിന്റെ പ്രതിപക്ഷനേതാവുമായിരുന്നു വിജയകാന്ത്. 1990ലായിരുന്നു വിജയകാന്ത് പ്രേമലതയെ വിവാഹം ചെയ്യുന്നത്. ഷണ്‍മുഖ പാണ്ഡ്യന്‍, വിജയ് പ്രഭാകര്‍ അളകര്‍സാമി എന്നിവര്‍ മക്കളാണ്.

Vijayasree Vijayasree :