ലൂസിഫറിന്റെ മൂന്നാം ഭാഗവും എന്റെ മനസ്സില്‍ ഉണ്ട്; മുരളി ഗോപി

മോഹന്‍ലാലിനെ നായികനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. 2019 മാര്‍ച്ച് 28നായിരുന്നു ലൂസിഫര്‍ തീയേറ്ററുകളിലെത്തിയത്. മലയാള സിനിമ ലൂസിഫറിന് മുമ്പും ശേഷവും എന്നാണ് പിന്നീട് അറിയപ്പെട്ടുതുടങ്ങിയത്. മലയാളത്തിലെ ഏറ്റവും വലിയ പണം വാരി പടമായി മാറി ചിത്രം. ഇപ്പോള്‍ ചിത്ത്രതിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഈ വേളയില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഞാനിത് ഒരു മൂന്ന് പാര്‍ട്ടുള്ള സിനിമ സീരിയസ് ആയിട്ടാണ് തുടക്കത്തില്‍ തന്നെ പ്ലാന്‍ ചെയ്തത്. അപ്പോള്‍ തന്നെ അതിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും എന്റെ മനസ്സില്‍ ഉണ്ട്. വളരെ മുമ്പ് പ്ലാന്‍ ചെയ്ത ഒരു കോണ്‍സെപ്റ്റ് ആണ് ലൂസിഫറിന്റേത്. അപ്പോള്‍ തന്നെ ഒരു ഡ്രാമാറ്റിക് പ്രൊഗര്‍ഷന്‍ ഉണ്ടെങ്കിലും അതിന്റെ കാലത്തിന് അനുസരിച്ചുള്ള ഒരു വിലയിരുത്തല്‍ ഉണ്ട്.

ആ ചിന്തയില്‍ നിന്നാണ് എഴുതുന്നത്. നമുക്ക് ഒരിക്കലും പറയാന്‍ കഴിയില്ല രണ്ടാം ഭാഗം ഒന്നാം ഭാഗത്തേക്കാള്‍ മുകളിലായിരിക്കുമെന്ന്. അല്ലെങ്കില്‍ അത് താഴെ പോവും പോവുമോ എന്നൊന്നും പറയാന്‍ കഴിയില്ല. മനസ്സില്‍ തോന്നുന്ന വളരെ സത്യസന്ധമായ കാര്യത്തെ മാത്രമേ ഞാന്‍ ഒരു പേപ്പറില്‍ എഴുതാറുള്ളൂ. അതില്‍ എനിക്കൊരു വിശ്വാസമുണ്ട്. അത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്’, എന്നും മുരളി ഗോപി ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞു.

എല്ലാ കണ്ണുകളും ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാനിലേക്കാണ്. ചിത്രത്തിന്റേതായി പുറത്തെത്തിയ വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എമ്പുരാന്‍ ചിത്രീകരണം ഇനിയും ബാക്കിയാണ്. വിദേശത്ത് ചിത്രീകരിക്കേണ്ട പ്രധാന ഭാഗങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി. നിലവില്‍ ഗുജറാത്ത് ഷെഡ്യൂള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.

മലയാളത്തിന്റെ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായ് സംവിധായകന്റെ കൂപ്പായം അണിഞ്ഞ ചിത്രമായി കൂടിയാണ് ലൂസിഫര്‍ അറിയപ്പെടുന്നത്.

നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ അതിഗംഭീരമായ തിരക്കഥയും സുജിത് വാസുദേവിന്റെ ഛായാഗ്രഹണവും ദീപക് ദേവിന്റെ സംഗീതവും ഒത്തുചേര്‍ന്നപ്പോള്‍ പിറന്നത് ലൂസിഫര്‍ എന്ന മനോഹരമായ മാസ് ക്ലാസ് ചിത്രമായിരുന്നു.

മലയാള സിനിമകളില്‍ ഏറ്റവും വേഗത്തില്‍ 50 കോടിയും നൂറ് കോടിയും നേട്ടം സ്വന്തമാക്കിയ ചിത്രവുമായി ലൂസിഫര്‍. മലയാളത്തിലെ ആദ്യത്തെ 200 കോടി നേട്ടമെന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കി. ജിസിസി 2019 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമ എന്ന റെക്കോഡും ലൂസിഫറിനായിരുന്നു. തമിഴ്‌നാട്ടിലും റെസ്റ്റ് ഓഫ് ഇന്ത്യയിലും പിന്നെ ഓവര്‍സീസിലും ചിത്രം വലിയ വിജയം സ്വന്തമാക്കി.

Vijayasree Vijayasree :