മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടനാണ് മുകേഷ്. സിനിമയിലും രാഷ്ട്രീയത്തിലും വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മാത്രമല്ല, അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ വഴി നടൻ പങ്കുവെയ്ക്കുന്ന സിനിമാ വിശേഷങ്ങളും ഓർമ്മകളുമെല്ലാം പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിതാ അമേരിക്കയിൽ നടക്കുന്ന ഫൊക്കാന കൺവെൻഷനിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇവിടെ ഒരു മലയാളി, എന്നാൽ വിമാനം പൊങ്ങിക്കഴിഞ്ഞാൽ ആള് മാറും എന്നും മുകേഷ് പറഞ്ഞു.
മലയാളി ഒരിക്കലും പിടികിട്ടാത്ത ഒരു പ്രഹേളികയാണ്. പലപ്പോഴും വിദേശത്ത് പോയി എന്തെങ്കിലും ആവശ്യത്തിന് നിൽക്കുമ്പോഴായിരിക്കും ഏതെങ്കിലും മലയാളി ഓടി വരുന്നത്. പിന്നെ കാര്യങ്ങളൊക്കെ അവർ നോക്കിക്കോളും.
എന്നാൽ നാട്ടിലാണെങ്കിൽ ഏതെങ്കിലും റെസ്റ്റോറന്റിൽ വച്ച് ഒരു മലയാളിയെ കണ്ടാൽ ‘ദേ മുകേഷ് വരുന്നു, മൈൻഡ് ചെയ്യണ്ട’ എന്നായിരിക്കും പറയുക എന്നും മുകേഷ് തമാശയായി പറഞ്ഞു.
ഫൊക്കാനയെ പ്രസിഡന്റ് ബാബു സ്റ്റീഫൻ ഉന്നതിയിലേക്ക് നയിച്ചെന്നും അദ്ദേഹം പറഞ്ഞു. തകർന്നു കിടക്കുന്ന ചില സ്കൂളുകളിലേക്ക് ഹെഡ്മാഷ് വരും. അയാളാകും ആ സ്കൂളിന്റെ ഗതി മാറ്റുന്നത്. നല്ല ഒരു മുഖ്യമന്ത്രി വന്നാൽ സ്റ്റേറ്റ് വളരും.
അതുപോലെ തന്നെയാണ് ഫൊക്കാനയ്ക്ക് ബാബു സ്റ്റീഫൻ. അംബാസഡർ ടി.പി. ശ്രീനിവാസൻ പറഞ്ഞത് പോലെ ബാബു സ്റ്റീഫന് വീണ്ടും അവസരം കൊടുക്കണമെന്നാണ് തന്റെയും ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അടുത്തിടെ അദ്ദേഹം പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിപ്രായം തുറന്നു പറയാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന ഒരു കാലത്തായിരുന്നു തൻറെ യൗവനം എന്നത് ഒരു മഹാഭാഗ്യമായി കരുതുന്നുവെന്ന് മുകേഷ് പറഞ്ഞിരുന്നു. ഇന്ന് അഭിപ്രായങ്ങൾ പറയാൻ പേടിയാണ്.
ഓരോ വാക്കിലും ജാതിയും മതവും നിറവും രാഷ്ട്രീയവും പൊളിറ്റിക്കൽ കറക്റ്റ്നസുമൊക്കെ നോക്കിയെ പറ്റു. പറയുന്ന വാക്കുകൾ ആരെയെങ്കിലും വ്രണപ്പെടുത്തുമോ, ബോഡി ഷെയിമിങ് ആകുമോ എന്നെല്ലാം ചിന്തിച്ചില്ലെങ്കിൽ വലിയ അബദ്ധവും അപകടവുമാകും. എന്തു പറയുമ്പോൾ പല വട്ടം ആലോചിക്കണം എന്നും മുകേഷ് പറഞ്ഞു.