ഇതുപോലൊരു ഓണസമ്മാനം നീ തരുമെന്ന് കരുതിയില്ല, സിനിമയിലെത്തിയതല്ലേയുള്ളൂ അവര്‍ ചോദിച്ചത്; പഴയ സംഭവത്തെക്കുറിച്ച് മുകേഷ്‌

സിനിമാ സൗഹൃദക്കൂട്ടങ്ങളിലെ കഥകളും തമാശകളുമൊക്കെ രസകരമായി അവതരിപ്പിക്കാറുള്ള ആളാണ് മുകേഷ്. ‘മുകേഷ് കഥകള്‍’ എന്ന പേരില്‍ പുസ്‍തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് അദ്ദേഹം. മുകേഷ് സ്പീക്കിംഗ് യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കിടാറുണ്ട് മുകേഷ്. കരിയറിലെയും ജീവിതത്തിലെയും അനുഭവങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കാറുള്ളത്.

ചില സമയത്ത് കോമഡിയും കൗതുകവുമൊക്കെ കാണും പറയുന്ന കാര്യങ്ങളില്‍. പുതുമയുള്ള എന്തെങ്കിലുമുണ്ടാവും വീഡിയോകളില്‍. സിനിമയില്‍ വന്ന കാലത്തെ അനുഭവങ്ങളെക്കുറിച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം വാചാലനായത്. ഉദ്ഘാടനത്തിന് പോയ സമയത്തെ സംഭവങ്ങളെക്കുറിച്ചാണ് ഇത്തവണ അദ്ദേഹം പറഞ്ഞത്.

രണ്ട് സിനിമ റിലീസ് ചെയ്ത സമയത്താണ് ഈ സംഭവം നടക്കുന്നത്. ഞാന്‍ സിനിമയിലെത്തിയതിന് ട്രീറ്റ് വേണമെന്നായിരുന്നു ഫ്രണ്ട്‌സ് പറഞ്ഞത്. ഞങ്ങള്‍ കോളേജില്‍ പഠിച്ചിരുന്ന കാലം മുതല്‍ പോയിരുന്ന ഹോട്ടലില്‍ വെച്ച് മതി ട്രീറ്റ് എന്നും സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. അത് നമുക്ക് അഫോഡബിളുമാണ്. ഓണത്തിന് മുന്‍പൊരു ദിവസം ഹോട്ടല്‍ പൂട്ടിയതിന് ശേഷം നമ്മള്‍ അവിടേക്ക് പോവുന്നു. നമുക്ക് വേണ്ട ഭക്ഷണങ്ങളൊക്കെ നേരത്തെ തന്നെ പറഞ്ഞ് സെറ്റാക്കുമെന്നുമായിരുന്നു സുഹൃത്തുക്കള്‍ പറഞ്ഞത്.

അതിനിടയിലാണ് സൗണ്ട് റെക്കോര്‍ഡിസ്റ്റായ ഹരി എന്നോട് ഒരു ഓണാഘോഷ ചടങ്ങില്‍ അതിഥിയായി പങ്കെടുക്കാന്‍ പറഞ്ഞത്. ഞാന്‍ അതിനുമാത്രം ആയില്ലെന്ന് പറഞ്ഞെങ്കിലും ഹരി സമ്മതിച്ചില്ല. നമ്മുടെ പാര്‍ട്ടി പറഞ്ഞ ദിവസം തന്നെയാണ് ഈ ഉദ്ഘാടനവും. നിങ്ങള്‍ക്ക് ഫ്രീയാവേണ്ട സമയത്ത് തിരികെ കൊണ്ടുവിടുമെന്നും ഹരി പറഞ്ഞിരുന്നു.

അതുകഴിഞ്ഞ് നേരെ ഹോട്ടലിലേക്ക് പോവാമെന്നായിരുന്നു ഞാനും കരുതിയത്. വൈകിട്ട് തന്നെ അവരുടെ വണ്ടി വന്നു. ഞാന്‍ ഡ്രൈവ് ചെയ്ത് വരാമെന്ന് പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല. മറ്റൊരു അതിഥി കൂടി ആ ചടങ്ങില്‍ വരാനുണ്ടായിരുന്നു. അഞ്ച് മിനിറ്റ് ചോദിച്ച് സംസാരിച്ച് തുടങ്ങിയ അദ്ദേഹം അരമണിക്കൂറെടുത്താണ് പോയത്. അപ്പോള്‍ തന്നെ ഏഴരയായിരുന്നു. ഭാരവാഹികളെയൊന്നും അവിടെ കാണാനുണ്ടായിരുന്നില്ല. ആ പരിപാടി കഴിഞ്ഞിട്ടും അവരെയൊന്നും കാണുന്നില്ലായിരുന്നു.

മണിക്കൂറുകളോളം ഇരുന്നിട്ടും അവരെ കണ്ടില്ല. എനിക്ക് പോവാന്‍ വണ്ടിയും കിട്ടിയില്ല. അടുത്തുള്ളൊരു മനുഷ്യന്‍ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. കുടുംബസമേതമായി ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍. എന്തെങ്കിലും വണ്ടി കിട്ടുമെന്ന് നോക്കാമെന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങി. ഇന്ന് ഉത്രാടമാണ്, ഓട്ടമില്ലെന്നായിരുന്നു അതുവഴി വന്ന ഓട്ടോക്കാരന്‍ പറഞ്ഞത്.

കുറേ താണുകേണ് പറഞ്ഞപ്പോള്‍ ആ കൊണ്ടുവിടാമെന്ന് പറഞ്ഞു. ധൃതിപ്പെട്ട് ഹോട്ടലിലെത്തിയപ്പോള്‍ അത് അടച്ചിട്ടിരിക്കുന്നു. എന്റെ സുഹൃത്തുക്കളെല്ലാം പുറത്തുണ്ട്. ഇതുപോലൊരു ഓണസമ്മാനം നീ തരുമെന്ന് കരുതിയില്ല, സിനിമയിലെത്തിയതല്ലേയുള്ളൂവെന്നുമായിരുന്നു അവര്‍ ചോദിച്ചത്.

AJILI ANNAJOHN :