ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ആലുവയിലെ നടിയുടെ പീ ഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ലൈംഗികാതിക്രമ വകുപ്പ് കൂടി ചേർത്താണ് മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
മുകേഷിനെതിരെയുള്ള ഡിജിറ്റൽ തെളിവുകളിൽ വാട്ട്സ് ആപ്പ് ചാറ്റുകളും ഇമെയിൽ സന്ദേശങ്ങളുമുണ്ട്. കൂടാതെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. താരസംഘടന ആയിരുന്ന അമ്മയുടെ അംഗത്വം വാഗ്ദാനം ചെയ്ത് നടൻ മുകേഷ് പല സ്ഥലങ്ങളിൽ വെച്ച് നടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
കേസിൽ കോടതി എന്തെങ്കിലും നിലപാടെടുക്കും വരെ മുകേഷിന് എംഎൽഎ ആയി തുടരാമെന്ന പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവന ശരിവച്ച് വനിതാ നേതാക്കളും രംഗത്തുവന്നു. നിയമപരമായി രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയാൽ മാത്രം രാജിവച്ചാൽ മതിയെന്നും പാർട്ടി നേതാവും വനിതാ കമ്മിഷൻ അധ്യക്ഷയുമായ പി.സതീദേവി പറഞ്ഞു.
2010ലെ സംഭവത്തിൽ കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് മുകേഷിനെതിരെ നടി പരാതി നൽകിയത്. ആഗസ്റ്റ് അവസാനം മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കാലതാമസം കേസന്വേഷണത്തിൽ വെല്ലുവിളിയാകുമെന്ന വിലയിരുത്തലുണ്ടായെങ്കിലും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാൻ അന്വേഷണസംഘത്തിന് സാധിച്ചു.