മുകേഷ് കൊല്ലത്തെ വീട്ടിലില്ല, തിരുവനന്തപുരത്തെ വീടിന് കനത്ത പോലീസ് കാവൽ

കഴിഞ്ഞ ദിവസമായിരുന്നു നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ നടി ലൈം ​ഗിക പീഡ നാരോപണവുമായി രം​ഗത്തെത്തിയിരുന്നത്. പിന്നാലെ കടുത്ത വിമർശനങ്ങളാണ് നാലുപാട് നിന്നും ഉയർന്ന് വരുന്നത്. പ്രതിഷേധം ശക്തമായ വേളിൽ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. ഒരു ബസ് നിറയെ പോലീസ് എത്തിയിരിക്കുന്നുവെന്നാണ് വിവരം.

മെഡിക്കൽ കോളേജ് പോലീസിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയത്. നിലവിൽ മുകേഷ് കൊല്ലത്ത് ഇല്ലെന്നാണ് വിവരം. തിരുവനന്തപുരത്ത് ഉള്ളതായാണ് സൂചന. നടി കേസുമായി മുന്നോട്ട് പോയതോടെ കൊല്ലത്തെ് വീടിന് മുന്നിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെ മുകേഷ് ഇവിടെ നിന്ന് മാറിയതായാണ് റിപ്പോർട്ടുകൾ.

തിരുവനന്തപുരത്തെ വീടിന് മുന്നിൽ മുകേഷിന്റെ വാഹനം ഉണ്ടെങ്കിലും മുകേഷ് വീട്ടിൽ ഉണ്ടോ എന്ന് വ്യക്തമല്ല. നിലവിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ജില്ലയിൽ നടക്കുന്നുണ്ട്. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്കും എം എൽ എ ഓഫീസിലേക്കും മാർച്ച് നടക്കുന്നുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സെക്ഷൻ 354, 354 എ, 509 എന്നീ വകുപ്പുകൾ നടനെതിരെ ചുമത്തിയിട്ടുണ്ട്. നടന്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കാമെന്നും വിവരമുണ്ട്.

അമ്മയിൽ അം​ഗത്വവും സിനിമയിൽ ചാൻസും വാ​ഗ്ദാനം ചെയ്ത് നടിയെ പീ ഡിപ്പിച്ചെന്നാണ് പരാതി. മുകേഷിനെതിരെ നടി പരാതി നൽകിയതിന് പിന്നാലെ മുകേഷ് എം എൽ എ സ്ഥാനം രാജി വെയ്ക്കണം എന്ന ആവശ്യം ഉയർന്നുവരുന്നുണ്ട്. മുകേഷ് എംഎൽഎ സ്ഥാനത്തിരിക്കുന്നത് ധാർമ്മികമല്ലെന്നും രാജിക്ക് തയ്യാറായില്ലെങ്കിൽ രാജി ആവശ്യപ്പെടണമെന്നും സിപിഐ വ്യക്തമാക്കിയതോടെ സർക്കാരും സിപിഐഎമ്മും പ്രതിരോധത്തിലായിരിക്കുകയാണ്.

ധാർമികതയും നിയമബോധവുമുണ്ടെങ്കിൽ എംഎൽഎ സ്ഥാനത്ത് മുകേഷിന് തുടരാൻ കഴിയില്ലെന്ന് ബിന്ദുകൃഷ്ണ പ്രതികരിച്ചു. ചില സിപിഐഎം നേതാക്കൾ മുകേഷിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. മുകേഷിന് എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നാണ് കൊല്ലത്തെ ജനങ്ങളുടെ നിലപാട്.

സിപിഐഎം നേതൃത്വം മുകേഷിനെ സംരക്ഷിക്കുകയാണ്. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയും ആരോപണ പരമ്പരകൾ ഉയർന്ന നേതാവ് വേറെയില്ല. മുകേഷ് എത്രയും പെട്ടെന്ന് രാജിവെക്കണം. അന്തസ്സുണ്ടെങ്കിൽ രാജി വെച്ച് അന്വേഷണം നേരിടണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

ഇതുവരെയും ആരോപണ നിഴലിൽ മാത്രമായിരുന്ന നടനെതിരെ കേസെടുത്തതോടെ രാജി ആവശ്യപ്പെടാൻ സിപിഐ സംസ്ഥാന ഘടകം സർക്കാരിനോട് ആവശ്യപ്പെട്ടേക്കും. ബലാത്സംഗപരാതിയിൽ കേസെടുത്തതിന് ശേഷവും നടനെ പ്രതിരോധിക്കുന്ന നിലപാട് പാർട്ടി നേതാക്കൾ സ്വീകരിച്ചതോടെ ഇടതുമുന്നണി രണ്ടുതട്ടിലായിരിക്കുകയാണ്.

മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡൻറും മുൻ മന്ത്രിയുമായ പി കെ ശ്രീമതി പ്രതികരിച്ചത്. ആരോപണ വിധേയർ മാറി നിൽക്കണം എന്ന് ഒരു നിയമത്തിലും പറയുന്നില്ല എന്നും ശ്രീമതി പറഞ്ഞു.

അതേസമയം, മുകേഷിന്റെ രാജി ആവശ്യം ശക്തമാക്കിയ സിപിഐയെ ഇ പി ജയരാജൻ തള്ളി. രാജി ആവശ്യമെടുന്നതിൽ തെറ്റില്ല. സിപിഐയുടെ കാര്യങ്ങൾ സിപിഐയോട് ചോദിക്കണം. ധാർമ്മികതയും നീതിയും സ്ത്രീസംരക്ഷണവും ഉയർത്തിപ്പിടിച്ചും പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഐഎം എന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. കേരള സംസ്‌കാരത്തെയും കലയെയും അപകീർത്തിപ്പെടുത്തി ലോകത്തിന് മുന്നിൽ ഇടിച്ചുതാഴ്ത്തരുതെന്നും ഇപി ജയരാജൻ പറഞ്ഞു.

മുകേഷിന് പുറമെ ജയസൂര്യ, മണിയൻ പിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്സ് കോൺ​ഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിൽ ജയസൂര്യയ്ക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

Vijayasree Vijayasree :