കസ്റ്റഡിയിൽ ചോദ്യം ചെയ്യണം, കേസ് അട്ടിമറിക്കാനും സാധ്യത; മുകേഷിന് ജാമ്യം നൽകരുതെന്ന് പോലീസ്

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച് മുകേഷിനെതിരെ വെളിപ്പെടുത്തലുകളുമായി ജൂനിയർ ആർട്ടിസ്റ്റുകളും നടിമാരും രം​ഗത്തെത്തുന്നത്. പിന്നാലെ മുകേഷിനെതിരെ പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ പോലീസ് രം​ഗത്തെത്തിയിരിക്കുകയാണ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്.

ഇത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിൽ സത്യവാങ്മൂലം നൽകുമെന്നും വിവരമുണ്ട്. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണെമന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും പോലീസ് പറയുന്നു. ബ ലാത്സംഗക്കുറ്റമാണ് മുകേഷിനെതിരെ ഉയർന്നിരിക്കുന്നതെന്നും വിശദമായ അന്വേഷണം വേണമെന്നും പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിക്കും.

കെപിസിസിയുടെ മുൻ ലീഗൽ സെൽ ചെയർമാൻ ചന്ദ്രശേഖരനും ജാമ്യം നൽകരുതെന്ന സത്യവാങ്മൂലം നൽകാനുള്ള നീക്കത്തിലാണ് പൊലീസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷും ചന്ദ്രശേഖരനും പ്രതികളായത്. ഇന്നലെ മുകേഷിന്റെ മരടിലെ വീട്ടിൽ നടിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. എന്നാൽ മുകേഷ് രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നാണു സിപിഎം നിലപാട്. കോടതിയിലെത്തിയാൽ കേസ് തന്നെ ഇല്ലാതാകാനുള്ള സാധ്യത അടക്കം സിപിഎം മുന്നിൽ കാണുന്നുമുണ്ട്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ബ്ലാക്മെയിലിങ്ങിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം.

തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണു മുകേഷ് മുഖ്യമന്ത്രിയോട് പറഞ്ഞിരിക്കുന്നത്. നടി അയച്ച വാട്സാപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നുമാണ് വിവരം.

മുകേഷ്, ജയസൂര്യ, മണിയൻ പിള്ള രാജു, ഇടവേള ബാബു, ലോയേഴ്സ് കോൺ​ഗ്രസ് നേതാവായിരുന്നു അഡ്വ. ചന്ദ്രശേഖർ എന്നിവരും രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരും ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് നടി പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഐ പി എസ് ഉദ്യോ​ഗസ്ഥരായ അജിതാ ബീ​ഗം, പൂങ്കുഴലി എന്നിവർ ഇവരുടെ ഫ്ലാറ്റിലെത്തി വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. നടി നൽകിയിരുന്ന കേസുകളുമായി മുകേഷിനെതിരായ കേസിലെ രഹസ്യമൊഴിയും കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയിരുന്നു.

അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീ ഡിപ്പിച്ചെന്നാണ് പരാതി. മുകേഷിനെതിരെ നടി പരാതി നൽകിയതിന് പിന്നാലെ മുകേഷ് എം എൽ എ സ്ഥാനം രാജി വെയ്ക്കണം എന്ന ആവശ്യം ഉയർന്നുവരുന്നുണ്ട്. മുകേഷ് എംഎൽഎ സ്ഥാനത്തിരിക്കുന്നത് ധാർമ്മികമല്ലെന്നും രാജിക്ക് തയ്യാറായില്ലെങ്കിൽ രാജി ആവശ്യപ്പെടണമെന്നും സിപിഐ വ്യക്തമാക്കിയതോടെ സർക്കാരും സിപിഐഎമ്മും പ്രതിരോധത്തിലായിരിക്കുകയാണ്.

ധാർമികതയും നിയമബോധവുമുണ്ടെങ്കിൽ എംഎൽഎ സ്ഥാനത്ത് മുകേഷിന് തുടരാൻ കഴിയില്ലെന്ന് ബിന്ദുകൃഷ്ണ പ്രതികരിച്ചു. ചില സിപിഐഎം നേതാക്കൾ മുകേഷിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. മുകേഷിന് എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നാണ് കൊല്ലത്തെ ജനങ്ങളുടെ നിലപാട്.

സിപിഐഎം നേതൃത്വം മുകേഷിനെ സംരക്ഷിക്കുകയാണ്. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയും ആരോപണ പരമ്പരകൾ ഉയർന്ന നേതാവ് വേറെയില്ല. മുകേഷ് എത്രയും പെട്ടെന്ന് രാജിവെക്കണം. അന്തസ്സുണ്ടെങ്കിൽ രാജി വെച്ച് അന്വേഷണം നേരിടണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിരുന്നു.

Vijayasree Vijayasree :