മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ കമൽ ഹാസൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം അനുശോചനം അറിയിച്ചത്.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
ഒരു മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്. മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമാണ് എംടി വാസുദേവൻ നായർ. മലയാള സിനിമാ ലോകത്തിന് എന്നെ പരിചയപ്പെടുത്തിയ ‘കന്യാകുമാരി’ എന്ന സിനിമയുടെ സൃഷ്ടാവ് എന്ന നിലയിൽ അദ്ദേഹവുമായുള്ള എൻ്റെ സൗഹൃദത്തിന് ഇപ്പോൾ അൻപത് വയസ് തികയുന്നു. ഒടുവിൽ അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ ആ സൗഹൃദം തുടർന്നു.
മലയാള സാഹിത്യ ലോകത്തിന് മികച്ച നോവലുകൾ സമ്മാനിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയാണ്. തന്റേതായ ശൈലിയിലൂടെ എഴുത്തിന്റെ എല്ലാ രൂപങ്ങൾക്കും സംഭാവന നൽകിയ ആ വ്യക്തിത്വം വിരമിച്ചു. ഇതൊരു വലിയ നഷ്ടമാണ്. ഇത് തെന്നിന്ത്യൻ സാഹിത്യ ലോകത്തെയും വായനക്കാരെയും കലാ ആസ്വാദകരെയും ദു:ഖത്തിലാഴ്ത്തും. മഹാനായ എഴുത്തുകാരന് എൻ്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.
ശ്വാസതടസത്തെ തുടർന്ന് ഡിസംബർ 16 തിങ്കളാഴ്ച പുലർച്ചെയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതമുണ്ടായതോടെ നില വഷളാവുകയായിരുന്നു. പിന്നാലെ, എംടിയുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചിരുന്നു.
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ചായിരുന്നു എംടിയുടെ അന്ത്യം സംഭവിച്ചത്. 91 വയസായിരുന്നു. എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിട്ടുണ്ട്.