ഭീമനാകാൻ മോഹൻലാലിന് കഴിയുമോ ?! എം.ടിയുടെ മറുപടി…
മോഹൻലാലിനെ നായകനാക്കി 1000 കോടി ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രമാണ് രണ്ടാമൂഴം. വി.എ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത് എം.ടി വാസുദേവൻ നായരാണ്. ഷൂട്ടിങ്ങിന്റെയും മറ്റും കാര്യങ്ങൾ എം.ടിയുമായി ചർച്ച ചെയ്തു എന്ന് വി.എ ശ്രീകുമാർ മേനോൻ തന്റെ ഒഫിഷ്യൽ പേജിലൂടെ അറിയിക്കുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ എന്ത് കൊണ്ടാണ് മോഹൻലാൽ ഭീമനാകാൻ അനുയോജ്യൻ എന്നതിനെ കുറിച്ച് എം.ടി തന്നെ പറഞ്ഞിരിക്കുകയാണ്.
രണ്ടാമൂഴത്തിലെ ഭീമനെ മോഹൻലാൽ അഭിനയിച്ചാൽ നന്നാകുമെന്ന ചിന്ത 1990- കളിൽ തന്നെ ഉണ്ടായിരുന്നതാണെന്ന് എം.ടി പറയുന്നു. പ്രശസ്തരും പ്രമുഖരുമായി പലരും രണ്ടാമൂഴത്തിന് എന്നെങ്കിലും ഒരു സിനിമ രൂപമുണ്ടായാൽ ഭീമസേനനാകാൻ ഏറ്റവും അനുയോജ്യൻ മോഹൻലാൽ ആണെന്നും, അദ്ദേഹത്തിന്റെ ലളിതവും എന്നാൽ മികച്ചതുമായ അഭിനയ ശൈലി ഭീമസേനന്റെ വികാരങ്ങൾ ആവിഷ്ക്കരിക്കാൻ ഉതകുന്നതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ മലയാളം പോലുള്ള ഒരു ചെറിയ മാർക്കറ്റിൽ ഇത്ര വലിയ ഒരു പ്രൊജക്റ്റ് നടക്കില്ലെന്ന ചിന്തയായിരുന്നു പലർക്കും.
ഇപ്പോൾ 58 വയസ്സായ മോഹൻലാൽ ഭീമനെ അവതരിപ്പിച്ചാൽ നന്നാകുമോ എന്ന ചോദ്യത്തിനും എം.ടി മറുപടി പറഞ്ഞു. രണ്ടാമൂഴത്തിലെ ഭീമൻ ഒരു പ്രത്യേക പ്രായത്തിലുള്ള നായകനല്ല. ബാല്യം മുതൽ മരണം വരെയുള്ള ഭീമന്റെ സംഭവബഹുലമായ ജീവിതം ഇതിലുണ്ട്. ഇതിൽ ബാല്യ കൗമാരങ്ങൾ അതെ പ്രായത്തിലുള്ളവർ തന്നെ ചെയ്യണ്ടി വരും. എന്നാൽ യൗവ്വനം മുതൽ മരണം വരെയുള്ള ഭീമന്റെ ജീവിതം മോഹൻലാൽ തന്നെ അവതരിപ്പിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹത്തിനത് സാധിക്കുമെന്നും എം.ടി പറയുന്നു.
1000 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമ ലോകത്തെ പല പ്രമുഖരും വേഷമിടുന്നുണ്ട്. ബി. ആർ ഷെട്ടിയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. രണ്ട് ഭാഗങ്ങളായാകും ചിത്രം തിയ്യേറ്ററിലെത്തുന്നത് എന്ന സൂചനയുമുണ്ട്.
MT Vasudevan Nair about Mohanlal as Bheemas