എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം; ഡയമണ്ടും മരതകവും പതിപ്പിച്ച ആഭരണങ്ങൾ ഉൾപ്പെടെ 26 പവനോളം നഷ്ടമായി; അന്വേഷണം ആരംഭിച്ച് പോലീസ്

പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ കോഴിക്കോടുള്ള വീട്ടിൽ മോഷണം. 26 പവനോളമാണ് നടക്കാവ് കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്ന് മോഷണം പോയിരിക്കുന്നതെന്നാണ് വിവരം. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് വിവരം. ഈ കാലയളവിൽ എംടിയും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ കാണാനില്ലെന്ന വിവരം അറിയുന്നത്.

മൂന്ന്, നാല്, അഞ്ച് പവനോളം തൂക്കം വരുന്ന മൂന്ന് മാലകൾ, മൂന്നു പവൻ തൂക്കം വരുന്ന ഒരു വള, മൂന്ന് പവൻ തൂക്കം വരുന്ന രണ്ട് ജോഡി കമ്മൽ, ഡയമണ്ട് പതിച്ച ഓരോ പവന്റെ രണ്ടു ജോഡി കമ്മൽ, ഡയമണ്ട് പതിച്ച രണ്ടു പവന്റെ ഒരു ലോക്കറ്റ്, മരതകം പതിച്ച ഒരു പവന്റെ ലോക്കറ്റ് തുടങ്ങിയവയാണ് മോഷണം പോയതെന്നാണ് വിവരം.

അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നടക്കാവ് പൊലീസിൽ എംടിയുടെ ഭാര്യ പരാതി നൽകിയത്.

Vijayasree Vijayasree :