നാല് വോട്ടിന് വേണ്ടി കേരള സ്‌റ്റോറി പോലെയുള്ള സിനിമകള്‍ പിന്തുണക്കുന്ന പ്രധാനമന്ത്രി ഈ സിനിമ രാജ്യത്ത് ഉണ്ടാക്കുന്ന വിഭാഗീയത എത്രയാണെന്ന് മനസിലാക്കുന്നുണ്ടോ; മൃണാല്‍ ദാസ്

ട്രെയ് ലര്‍ റിലീസായ നാള്‍ മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് കേരള സ്‌റ്റോറി. രാജ്യമൊട്ടാകെ ചര്‍ച്ചാ വിഷയമായ ചിത്രത്തിന് ബോക്‌സോഫീസിലും മികച്ച സ്വീകരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ ഉള്ളടക്കത്തെ വിമര്‍ശിച്ചും അനുകൂലിച്ചുമൊക്കെ നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഫുഡ് വ്‌ലോഗര്‍ മൃണാല്‍ ദാസ് വേങ്ങലത്താണ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ചെന്നൈ എയര്‍പോര്‍ട്ടില്‍ വച്ച് തനിക്കുണ്ടായ ഒരു അനുഭവം ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് മൃണാള്‍ കേരള സ്‌റ്റോറിയെ രൂക്ഷമായി വിമര്‍ശിച്ചത്. എയര്‍പോര്‍ട്ടില്‍ വിമാനം കാത്തിരിക്കുമ്പോള്‍ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീ തന്റെ അടുത്ത് ഇരിപ്പുണ്ടായിരുന്നു.

ഞങ്ങള്‍ ഭക്ഷണത്തെ പറ്റി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവര്‍ എന്നോട് ചോദിച്ചു എവിടേക്കാണ് പോവുന്നത് എന്ന്. ഞാന്‍ കോയമ്പത്തൂരിലേക്ക് എന്ന് പറഞ്ഞു. കോയമ്പത്തൂരാണോ വീട് എന്ന് അവര്‍ ചോദിച്ചപ്പോള്‍ അല്ല കേരളത്തിലാണെന്ന് മറുപടി നല്‍കി. പിന്നീട് അവരുടെ പെരുമാറ്റത്തിന് മാറ്റം വന്നു.

അവര്‍ മിണ്ടാതെയിരിക്കാന്‍ തുടങ്ങി. എന്താണ് കാര്യമെന്ന് നിര്‍ബന്ധിച്ച് ചോദിച്ചപ്പോഴാണ് അവര്‍ കാര്യം പറയുന്നത്. കേരള സ്‌റ്റോറിയുടെ കഥ അവര്‍ പറഞ്ഞു. സിനിമ കണ്ടതു മുതലാണ് അവര്‍ക്ക് മലയാളികളോടുള്ള ഈ പ്രശ്‌നം.

നാല് വോട്ടിന് വേണ്ടി കേരള സ്‌റ്റോറി പോലെയുള്ള സിനിമകള്‍ പിന്തുണക്കുന്ന പ്രധാനമന്ത്രി ഈ സിനിമ രാജ്യത്ത് ഉണ്ടാക്കുന്ന വിഭാഗീയത എത്രയാണെന്ന് മനസിലാക്കുന്നുണ്ടോ എന്നും മൃണാല്‍ പറയുന്നു. ഹിന്ദുവായ തനിക്കുണ്ടായ അവസ്ഥ ഇതാണെങ്കില്‍ ഈ രാജ്യത്തെ മുസ് ലിം സമുദായക്കാരുടേയും ക്രിസ്ത്യാനികളുടേയും അവസ്ഥ എന്താകുമെന്നും ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ മൃണാല്‍ ചോദിക്കുന്നു.

Vijayasree Vijayasree :