സ്ത്രീകള്‍ ഹിജാബ് ധരിച്ചെത്തിയാലും ബിക്കിനി ധരിച്ചെത്തിയാലും അവര്‍ക്ക് പ്രശ്‌നമാണ്; ദീപിക പദുകോണിനെ പിന്തുണച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത്ത് ജഹാന്‍

ഷാരൂഖ് ഖാന്‍ ചിത്രമായ പത്താനിലെ ‘ബേഷാരം രംഗ്’ ഗാനത്തിനെതിരെ വിവാദങ്ങള്‍ ആളിക്കത്തുകയാണ്. ഗാനത്തില്‍ ദീപിക പദുക്കോണ്‍ ധരിച്ച വസ്ത്രത്തിന്റെ നിറത്തെ ചൊല്ലിയാണ് പ്രശ്‌നം ആരംഭിച്ചത്. ഇതിനെ വിമര്‍ശിച്ച് ബിജെപി മന്ത്രി നരോത്തം മിശ്രയും ബിജെപി എംഎല്‍എ രാം കദമും രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന്‍ ഗാനത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ആളുകള്‍ എല്ലാ കാര്യത്തിലും പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നവരാണ്. സ്ത്രികള്‍ കാവി ധരിച്ചെത്തിയാല്‍ പ്രശ്‌നമാണ്. സ്ത്രീകള്‍ ബിക്കിനി ധരിക്കുന്നതും അവരില്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്നും നുസ്രത്ത് ജഹാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

അഭിനയത്തില്‍ നിന്ന് രാഷ്ട്രീയത്തിലേയ്ക്ക് എത്തിയ നുസ്രത്ത് ഈ സാഹചര്യത്തെ ആസൂത്രിത ഗൂഢാലോചനയാണെന്ന് പറഞ്ഞു. ‘ഇത് ആരുടെയും ചിന്താഗതിയല്ല. അധികാരത്തിലുള്ള പാര്‍ട്ടി ആളുകളില്‍ ഇത്തരമൊരു ചിത്രം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചാണ്. അവര്‍ എന്തുചെയ്യുന്നോ അത് ആത്മീയവും മതപരവും ആസൂത്രിതവുമായ ഗൂഢാലോചന മാത്രമാണ്’. അതുകൊണ്ടാണ് അവര്‍ സംസ്‌കാരത്തെക്കുറിച്ചും ബിക്കിനി ധരിച്ച സ്ത്രീകളെക്കുറിച്ചും സംസാരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ചില മന്ത്രിമാര്‍ സ്ത്രീകളുടെ ജീവിതം നിയന്തിക്കാന്‍ ശ്രമിക്കുന്നതിനെപറ്റിയും നുസ്രത്ത് ചൂണ്ടികാട്ടി. സ്ത്രീകള്‍ ഹിജാബ് ധരിച്ചെത്തിയാലും ബിക്കിനി ധരിച്ചെത്തിയാലും അവര്‍ക്ക് പ്രശ്‌നമാണ്. എന്താണ് അവര്‍ ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് അവര്‍ക്കറിയില്ല. ഈ കാലഘട്ടത്തെ വികസിത ഇന്ത്യ എന്ന് വിളിക്കാന്‍ തന്നെ ഭയമാണെന്നും ഇനിവരുന്ന കാലഘട്ടം നമ്മളെ എങ്ങോട്ട് കൊണ്ടുപോവുമെന്നും ആലോചിച്ച് പേടിയാവുന്നുവെന്നും നുസ്രത്ത് വ്യക്തമാക്കി.

പത്താനിലെ ഗാനം പുറത്തുവന്നപ്പോള്‍ തന്നെ മിശ്ര എതിര്‍പ്പുകള്‍ ഉയര്‍ത്തി രംഗത്തെത്തിയിരുന്നു. ഗാനത്തിലെ വസ്ത്രങ്ങള്‍ ഒറ്റനോട്ടത്തില്‍ തന്നെ വിരോധമാണ് ഉയര്‍ത്തുന്നത്. ഈ ഗാനത്തിന്റെ പേരും പ്രതിഷേധമാണ് ഉയര്‍ത്തുന്നതെന്നും മിശ്ര പറഞ്ഞു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ചിത്രം നേരിടുന്ന വിവാദങ്ങളെക്കുറിച്ച് ഷാരൂഖ് പ്രതികരിച്ചു.

Vijayasree Vijayasree :