നടിയായും രാഷ്ട്രീയ പ്രവർത്തകയായും പ്രേക്ഷകർക്കേറെ സുപരിചിതയാണ് ജയ ബച്ചൻ. എപ്പോഴും വിവാദങ്ങളിൽ ചെന്ന് വീഴാറുള്ള വ്യക്തി കൂടിയാണ് ജയ ബച്ചൻ. ഇപ്പോഴിതാ ഭർത്താവിന്റെ പേര് ചേർത്ത് തന്നെ അഭിസംബോധന ചെയ്യരുതെന്ന് പറയുകയാണ് സമാജ്‌വാദി പാർട്ടി എം.പി കൂടിയായ ജയ.
രാജ്യസഭയിൽ സംസാരിക്കവെയാണ് ജയ ബച്ചൻ പൊട്ടിത്തെറിച്ചത്. ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായണൻ സിങ്ങാണ് അമിതാഭ് ബച്ചന്റെ പേര് ചേർത്ത് അഭിസംബോധ ചെയ്തത്. സിവിൽ സർവീസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റിൽ വെള്ളം കയറിയ സംഭവത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ജയ ബച്ചൻ.
ശ്രീമതി ജയ അമിതാഭ് ബച്ചൻ ജി എന്ന് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഹരിവംശ് നാരായണൻ സിങ്. പെട്ടെന്ന് തന്നെ തന്നെ ജയ ബച്ചൻ എന്ന് വിളിച്ചാൽ മതി, ഇതൊരു പുതിയ കാര്യമാണ്, സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരുടെ പേരിൽ അംഗീകരിക്കപ്പെടും. സ്ത്രീകൾക്ക് സ്വന്തമായി അസ്തിത്വമോ നേട്ടങ്ങളോ ഇല്ല എന്നായിരുന്നു ജയ മറുപടിയായി പറഞ്ഞത്.
സഭാ രേഖകളിൽ ജയ അമിതാഭ് ബച്ചൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അതുകൊണ്ടാണ് അങ്ങനെ അഭിസംബോധന ചെയ്തതെന്നുമാണ് ഹരിവംശ് നാരായൺ സിങ് പറഞ്ഞത്. അമിതാഭ് ബച്ചനുമായുള്ള വിവാഹശേഷമായിരുന്നു ജയ ഭാദുരി എന്ന ജയ ബച്ചൻ സിനിമയിൽ നിന്നും ഇടവേളയെടുത്തത്.
1973 ജൂൺ മൂന്നിനായിരുന്നു അമിതാഭ് ബച്ചനും ജയയും വിവാഹിതരാകുന്നത്. ഒരു ഡസനിലധികം സിനിമകളിൽ പ്രണയാർദ്രമായി ഒന്നിച്ചഭിനയിച്ച് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ ശേഷമായിരുന്നു സ്ക്രീനിലെ പ്രിയ ജോഡികൾ ജീവിതത്തിലും ഒന്നായത്. മലബാർ ഹിൽസിലെ സ്കൈലാർക്ക് ബിൽഡിങ്ങിന്റെ മുകൾവശത്തായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ നടന്നത്.
ശ്വേത ബച്ചൻ, അഭിഷേക് ബച്ചൻ എന്നിവരാണ് മക്കൾ. നിഖിൽ നന്ദയാണ് ശ്വേതയുടെ ഭർത്താവ്. ഇവർക്ക് അഗസ്ത്യ നന്ദ, നവ്യ നവേലി നന്ദ എന്നിവരാണ് മക്കൾ. നടി ഐശ്വര്യാ റായിയാണ് അഭിഷേക് ബച്ചന്റെ ഭാര്യ. ആരാധ്യയാണ് ഇവരുടെ മകൾ. എന്നാൽ മക്കളുടെ വിവാഹ ബന്ധം അത്ര നല്ല രീതിയിലല്ലെന്നാണ് റിപ്പോർട്ടുകൾ.