ആ ലക്ഷ്യത്തോടെ മൂസയെ തേടി മറുനാട്ടിൽ നിന്ന് ലക്‌സി എത്തുന്നു, സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറാൻ അവളും, അശ്വിനി റെഡ്ഡിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്!

സുരേഷ് ഗോപിയുടെ പുതിയ ചിത്രം ‘മേം ഹൂം മൂസ’യ്ക്കായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. നടൻ വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ചിത്രം സെപ്തംബര്‍ 30 ന് പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇന്ത്യന്‍ സൈന്യത്തിലെ അംഗവും രാജ്യസ്‌നേഹിയുമായ പൊന്നാനിക്കാരന്‍ മൂസയായായിട്ടാണ് സുരേഷ് ഗോപി‘മേം ഹൂം മൂസ’യില്‍ എത്തുന്നത്.

ചിത്രത്തിലൂടെ പുതിയ ഒരു നടിയേയും മലയാളികൾക്ക് സംവിധായകൻ പരിചയപ്പെടുത്തുകയാണ്. ലക്‌സി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അശ്വിനി റെഡ്ഡിയുടെ ക്യാരക്ടർ പോസ്റ്ററും അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. മൂസയെ തേടി മറുനാട്ടിൽ നിന്ന് ലക്‌സി വന്നത് കൃത്യമായ ലക്ഷ്യത്തോടെ ആണെങ്കിൽ മലയാള സിനിമയിലേക്ക് അശ്വിനി റെഡ്ഡി എന്ന മറു നാട്ടുകാരി വരുന്നതും അതേ ആത്മവിശ്വസത്തോടെ തന്നെയാണ്.

‘മേം ഹും മൂസ’ ദേശീയത പറയുന്ന ചിത്രമാകുമെന്നും ഭാരതത്തിന്‍റെ അഖണ്ഡതക്ക് വിവിധ കോണുകളില്‍ ചോദ്യം ചിഹ്നമായുയരുന്ന ജല്‍പ്പനങ്ങള്‍ക്ക് അറുതി വരുത്താന്‍ മൂസക്ക് സാധിക്കുമെന്നും സുരേഷ് ഗോപി മുൻപ് പറഞ്ഞിരുന്നു. സുരേഷ് ഗോപിയിൽ നിന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലെ മൂസയെന്ന് സംവിധായകനായ ജിബു ജേക്കബും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ അകമഴിഞ്ഞു സ്നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രം. അദ്ദേഹത്തിന്‍റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

പൂനം ബജ്വ നായികയാവുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 3 വ്യത്യസ്ഥ കാലഘട്ടത്തില്‍ 3 വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി എത്തുന്നത്. 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. സുരേഷ് ഗോപിയുടെ കരിയറിലെ 253ാം സിനിമയാണ് മേ ഹൂം മൂസ. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്നും സംവിധായകന്‍ ജിബു ജേക്കബ് പറഞ്ഞിരുന്നു.

കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രചന രൂബേഷ് റെയിന്‍, ഛായാഗ്രഹണം വിഷ്ണു നാരായണന്‍, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം സജിത്ത് ശിവഗംഗ, വരികള്‍ സജ്ജാദ്, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് ഷാബില്‍, സിന്റോ, ബോബി, സ്റ്റില്‍സ് അജിത്ത് വി ശങ്കര്‍, ഡിസൈന്‍ ഏസ്‌തെറ്റിക് കുഞ്ഞമ്മ.

Noora T Noora T :