ബോളിവുഡിനെ കരകയറ്റാൻ രൺബീർ കപൂർ ചിത്രം ‘ബ്രഹ്‍മാസ്‍ത്ര’, ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു

രണ്‍ബീര്‍ കപൂര്‍ നായകനായ ബ്രഹ്‍മാസ്‍ത്ര ബോളിവുഡിനെ രക്ഷപ്പെടുത്തും എന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയ ‘ബ്രഹ്‍മാസ്‍ത്ര’ ആ പ്രതീക്ഷകള്‍ നിറവേറ്റുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു ലക്ഷത്തില്‍ അധികം സിനിമാ ടിക്കറ്റുകള്‍ വിറ്റു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പിവിആര്‍, ഐനോക്സ്, സിനിപോളിസ് എന്നീ മൂന്ന് ദേശീയ ശൃംഖലകളിലായി ഒരു ലക്ഷത്തില്‍ അധികം ടിക്കറ്റുകള്‍ വിറ്റു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ‘ആര്‍ആര്‍ആറി’ന്റെ റെക്കോര്‍ഡ് (1.05 ലക്ഷം ടിക്കറ്റുകള്‍) മറികടക്കാന്‍ ബ്രഹ്‌മാസ്ത്രയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ വരും ദിവസങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ് എന്ന പ്രതീക്ഷയാണ് അണിയറ പ്രവര്‍ത്തകരും പ്രകടിപ്പിക്കുന്നത്.

ഇന്ത്യന്‍ പുരാണങ്ങളിലെ സങ്കല്‍പ്പങ്ങളും ഇന്നത്തെ ലോകവും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടാണ് ബ്രഹ്‌മാസ്ത്ര ഒരുക്കിയിരിക്കുന്നത്. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, മൗനി റോയി, എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. രണ്‍ബീര്‍ ശിവ എന്ന കഥാപാത്രത്തെയും ആലിയ ഇഷ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.

ബോളിവുഡിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കുന്ന സിനിമയാണ് ബ്രഹ്‌മാസ്ത്ര. പബ്ലിസിറ്റിയും പ്രിന്‍ഡിങും ഒഴികെ 410 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘ബ്രഹ്‌മാസ്ത്ര ഒന്നാം ഭാഗം : ശിവ’ സെപ്റ്റംബര്‍ ഒമ്പതിനാണ് തിയേറ്ററുകളില്‍ എത്തുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്‍മാസ്‍ത്ര’ എത്തുക. രണ്‍ബീര്‍ കപൂറിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ‘ബ്രഹ്‍മാസ്‍ത്ര’. അമിതാഭ് ബച്ചനും ബ്രഹ്‍മാസ്‍ത്ര എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഹുസൈൻ ദലാലും സംവിധായകൻ അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

Noora T Noora T :