പാച്ചുവും അത്ഭുതവിളക്കും ഒടിടിയിലേക്ക്! റിലീസ് തിയ്യതി പ്രഖ്യാപിച്ചു

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റെ സംവിധാനത്തിൽ ഒരുങ്ങിയ പാച്ചുവും അത്ഭുതവിളക്കും
ഒടിടിയിലേക്ക്. മെയ് 26 മുതൽ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും.

ഫഹദ് ഫാസിൽ, വിജി വെങ്കേടഷ്,അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏപ്രിൽ 28 നാണ് ചിത്രം റിലീസിനെത്തിയത്.

അലസനും ആളുകളുടെ പ്രിയപ്പെട്ടവനുമായ നായകൻ, ജീവിത ലക്ഷ്യത്തെ കുറിച്ചുള്ള അയാളുടെ ആശയക്കുഴപ്പങ്ങൾ, പ്രണയികൾക്കിടയിൽ ഉണ്ടാവുന്ന ജീവിത പാഠങ്ങൾ കൈമാറൽ, പ്രധാന കഥാപാത്രങ്ങളിലാരുടെയെങ്കിലും അനാഥത്വത്തെ പിൻപറ്റിയുള്ള ഒരു കഥ… ‘പാച്ചുവും അത്ഭുതവിളക്കും’
മുംബൈ നഗരത്തിന്റെ അത്രയൊന്നും പരിചിതമല്ലാത്ത, കാണാൻ കൗതുകമുള്ള കാഴ്ചകളിലൂടെയാണ് സിനിമ തുടങ്ങുന്നത്. ഇവിടെയുള്ള മലയാളി ജീവിതവും അതിന്റെ രസങ്ങളുമൊക്കെയാണ് ‘പാച്ചുവും അത്ഭുതവിളക്കും’ ആദ്യ ഭാഗത്തെ മുന്നോട്ട് നയിക്കുന്നത്.

പാച്ചു എന്ന ഓമനപ്പേരിൽ എല്ലാവരും വിളിക്കുന്ന പ്രശാന്തിലൂടെയാണ് സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കും പോലെ കഥ നീങ്ങുന്നത്. മുംബൈയിൽ കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഫ്രഞ്ചയിസി വാടകക്ക് ഏറ്റെടുത്ത് നടക്കുന്ന അയാൾക്ക് തന്റെ ബിസിനസ്സ് വലുതാക്കണമെന്ന ആഗ്രഹമുണ്ട്. എല്ലാവരുടെയും സന്തോഷിപ്പിച്ചു കൂടെ നിർത്താൻ കഴിവുള്ള ഇയാൾ ആളുകളെ പെട്ടന്ന് കയ്യിലെടുക്കാൻ മിടുക്കനാണ്. മുപ്പതുകളുടെ മധ്യത്തിലെത്തിയെങ്കിലും അവിവാഹിതനായി തുടരുന്ന ഇയാൾക്ക് വേണ്ടി പെണ്ണന്വേഷിക്കുന്ന തിരക്കിലാണ് ചുറ്റുമുള്ളവർ.

സേതു മണ്ണാർക്കാട് ആണ് ചിത്രം നിർമിച്ചത്. ജസ്റ്റിൻ പ്രഭാകർ ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം ശരൺ വേലായുധൻ, എഡിറ്റിങ്ങ് അഖിൽ സത്യൻ എന്നിവർ നിർവഹിക്കുന്നു

Noora T Noora T :