‘അയൽവാശി’ ഒ ടി ടി യിൽ

‘അയൽവാശി’ ഒ ടി ടി യിൽ. മെയ് 19 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചു. സൗബിൻ ഷാഹിർ, ബിനു പപ്പു, നിഖില വിമൽ, ലിജോമോൾ ജോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രിൽ 21നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

കൈമോശം വരാത്ത നന്മയാണ് ആത്യന്തികമായി ഈ സിനിമയുടെ പ്രമേയം. ഇതിനായി തുടക്കത്തിൽ സന്മനസുള്ളവർക്ക് സമാധാനം എന്ന വിശ്വാസത്തെ കുറിച്ച് അയൽവാശി പുനർചിന്തനം ചെയ്യുന്നുണ്ട്. നന്മ കൊണ്ട് പല വിധ പ്രശ്നങ്ങളിൽ പെടുന്നവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. അനുതാപം, സഹായ മനസ്ഥിതി ഒക്കെ കൊണ്ട് പല വിധ പ്രശ്‌നങ്ങളിലേക്ക് ഇതിലെ കഥാപാത്രങ്ങളെത്തുന്നു. അടുത്ത വീടുകളിൽ താമസിക്കുന്ന താജുവും ബെന്നിയും അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളുമൊക്കെയാണ് ഈ കഥയെ മുന്നോട്ട് കൊണ്ട് പോകുന്നത്.

ഉപാധികളില്ലാത്ത സ്നേഹവും സൗഹൃദവുമൊക്കെയാണ് ഇവർക്കിടയിലുള്ളത്. കുടുംബ പ്രശ്നങ്ങളും പ്രാരബ്ദങ്ങളും ഒക്കെയാണ് ഇവരുടെ ജീവിതത്തിലെ നിത്യ കാഴ്ച. ഇതിനിടെ തീർത്തും അപ്രതീക്ഷിതമായി അവർക്കിടയിൽ ഉണ്ടാവുന്ന കലഹവും പിന്നീട് നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും സിനിമയെ മുന്നോട്ട് നയിക്കുന്നു. അപ്പോഴൊക്കെ സിനിമ നന്മ നിറഞ്ഞ കഥാപാത്രങ്ങളുടെ നിസ്സഹായതയെ തന്നെയാണ് കൂടെ കൂട്ടുന്നത്. ഒരു ഭാഗത്ത് നിന്ന് നന്മയുള്ള ജീവിതത്തെ ട്രോളുമ്പോഴും മറുഭാഗത്ത് കൂടെ നന്മ വിജയിക്കും, നന്മ ഒളിച്ചു വച്ചവർ എന്നൊക്കെയുള്ള ക്‌ളീഷേകളിലേക്കു സിനിമ പതിവ് രീതിയിൽ സംസാരിക്കുന്നു.

ആഷിഖ് ഉസ്മാൻ, മുഹ്സിൻ പരാരി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. സംഗീതം ഒരുക്കിയത് ജേക്ക്സ് ബിജോയ് ആണ്. ഛായാഗ്രഹണം സജിത്ത് പുരുഷൻ, എഡിറ്റിങ്ങ് സിദ്ദിഖ് ഹൈദർ എന്നിവർ നിർവഹിക്കുന്നു.

Noora T Noora T :