മതഭ്രാന്തനായ സുല്‍ത്താന്റെ കഥ, കര്‍ണാടക തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സിനിമാ പ്രഖ്യാപനം; ടിപ്പു സുല്‍ത്താന്റെ മുഖം വികൃതമാക്കി പോസ്റ്റര്‍

മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താനെ കേന്ദ്രീകരിച്ച് പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നു. കര്‍ണാടക തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. പവന്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സംവിധാനം.

ബിജെപിയുടെ നോര്‍ത്ത് ഈസ്റ്റ് സ്ട്രാറ്റജിസ്റ്റും മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിന്റെ ഉപദേശകനും എഴുത്തുകാരനുമായ രജത് സെത്തിയാണ് ചിത്രത്തിന്റെ ആശയം വികസിപ്പിച്ചതെന്നും ചിത്രത്തിനായി റിസേര്‍ച്ച് ചെയ്‌തെന്നും പോസ്റ്ററില്‍ കാണിക്കുന്നുണ്ട്. ഗുരുതരമായ ആരോപണങ്ങളാണ് മോഷന്‍ പോസ്റ്ററില്‍ ടിപ്പുവിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

‘8000 അമ്പലങ്ങളും 27 പള്ളികളും തകര്‍ക്കപ്പെട്ടു, 40 ലക്ഷം ഹിന്ദുക്കള്‍ ഇസ്ലാമിലേയ്ക്ക് മതം മാറാന്‍ നിര്‍ബന്ധിതരായി, ഒരു ലക്ഷത്തിലധികം ഹിന്ദുക്കള്‍ ജയിലിലായി, കോഴിക്കോടുള്ള 2000ലധികം ബ്രാഹ്മണര്‍ തുടച്ചുനീക്കപെട്ടു, ജിഹാദിന് വേണ്ടിയുള്ള അവന്റെ നിലവിളി തുടങ്ങിയത് 1783ലാണ്’, എന്നെല്ലാമാണ് മോഷന്‍ പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

ഈ എഴുത്തുകളോടെ തുടങ്ങുന്ന മോഷന്‍ പോസ്റ്റര്‍ അവസാനിക്കുന്നത് ടിപ്പുവിന്റെ മുഖം വികൃതമാക്കിയ ചിത്രത്തിലാണ്. മതഭ്രാന്തനായ സുല്‍ത്താന്റെ കഥയെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. ഇറോസ് ഇന്റര്‍നാഷണലും രശ്മി ശര്‍മ്മ ഫിലിംസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘പി എം നരേന്ദ്ര മോദി’, ‘ബാല്‍ ശിവജി’ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച സന്ദീപ് സിങ്ങും ഒപ്പം രശ്മി ശര്‍മ്മയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Vijayasree Vijayasree :