ജനപ്രീതിയില്‍ ഒന്നാം സ്ഥാനം ഈ നടിയ്ക്ക്; പട്ടിക പുറത്ത്

അഭിനയത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള നടിമാരുള്ള നാടാണ് നമ്മുടേത്. തമിഴും തെലുങ്കും കന്നഡയും ഉള്‍പ്പെടുന്ന തെന്നിന്ത്യന്‍ ഭാഷകളില്‍ മാത്രമല്ല, ബോളിവുഡില്‍ പോലും കഴിവ് തെളിയിച്ച മലയാളി നടിമാരുണ്ട്. നയന്‍താര മുതല്‍ വിദ്യാബാലന്‍ വരെ ആ ലിസ്റ്റില്‍പെടും. എന്നാല്‍ ഏത് മലയാളി നടിയായിരിക്കും ജനപ്രീതിയില്‍ ഏറ്റവും മുന്നിലെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം നല്‍കുക വലിയ പ്രയാസമുള്ള കാര്യമായിരിക്കും.

എല്ലാവരും ഒന്നിനൊന്ന് മികച്ചതായതിനാല്‍ തന്നെ ആ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ ഒന്ന് ആലോചിക്കേണ്ടി വരും. സൗന്ദര്യത്തിന്റെ കാര്യത്തിലായാലും അഭിനയത്തിന്റെ കാര്യത്തിലായാലും മികച്ച് നില്‍ക്കുന്നവരാണ് ഓരോരുത്തരും. സിനിമയില്‍ നിന്നും വര്‍ഷങ്ങളായി വിട്ടുനില്‍ക്കുന്ന താരങ്ങള്‍ക്ക് പോലും ഇന്ന് സജീവമായി നില്‍ക്കുന്ന പല നടിമാരേക്കാള്‍ ജനപ്രീതിയുണ്ട്.

ഇപ്പോഴിതാ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും ജനപ്രിയനായികമാരുടെ ലിസ്റ്റ് ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഓരോ മാസത്തെയും ജനപ്രീതി അടിസ്ഥാനമാക്കി പട്ടിക പുറത്തുവിടാറുണ്ട് ഓര്‍മാക്‌സ്. ഏപ്രില്‍ മാസത്തെ പട്ടികയാണ് ഓര്‍മാക്‌സ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇത്തവണ നിര്‍ണായകമായ മാറ്റങ്ങള്‍ പട്ടികയിലുണ്ട്. ഒന്നാം സ്ഥാനത്തിന് മാത്രം കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഒന്നാം സ്ഥാനത്ത് പട്ടികയില്‍ മഞ്ജു വാര്യറാണ് ഉള്ളത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി മഞ്ജു തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടാവാറുള്ളത്. നിര്‍ണായകമായ ചില ചിത്രങ്ങളില്‍ മഞ്ജുവാണ് നായികയാവുന്നത്. അതെല്ലാം നടിക്ക് ഗുണകരമായ കാര്യങ്ങളാണ്. മലയാളത്തില്‍ എമ്പുരാനാണ് മഞ്ജുവിന് വരാനിരിക്കുന്ന ചിത്രം. അതുപോലെ തമിഴിലും വമ്പന്‍ പ്രൊജക്ടുകള്‍ നടിക്കുണ്ട്. മഞ്ജുവിന് അടുത്തിടെയായി ചിത്രങ്ങളൊന്നും റിലീസ് ചെയ്തിട്ടില്ല. എന്നിട്ടും ജനപ്രീതി നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.

രജനീകാന്തിനൊപ്പം വേട്ടയ്യന്‍ എന്ന ചിത്രവും മഞ്ജുവിന്റേതായി ഇനി വരാനുണ്ട്. അതും വമ്പന്‍ ചിത്രമാണ്. അങ്ങനെ ജനപ്രീതി നിലനിര്‍ത്താന്‍ വേണ്ട പ്രഖ്യാപനങ്ങളെല്ലാം മഞ്ജുവിന്റെ കാര്യത്തിലുണ്ടായിരുന്നു. മഞ്ജു വാര്യര്‍ നായികയായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ തയ്യാറാകുന്നുമുണ്ട്. മിസ്റ്റര്‍ എക്‌സ്. വേട്ടൈയ്യന്‍, എന്നീ സിനിമകളും ഇതിനുപുറമെയായി എമ്പുരാന്‍, വിടുതലൈ പാര്‍ട് 2 തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാന വേഷത്തില്‍ എത്തും. മലയാളത്തിന് പുറമെ മഞ്ജുവിന് തമിഴിലും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

വിവാഹ ശേഷം സിനിമയില്‍ നിന്ന് മഞ്ജു വാര്യര്‍ ദീര്‍ഘകാലം ഇടവേളയെടുത്തിരുന്നു. ഒടുവില്‍ 2014ല്‍ പുറത്തിറങ്ങിയ ‘ഹൗ ഓള്‍ഡ് ആര്‍യു’ എന്ന ചിത്രത്തിലൂടെ താരം ഗംഭീര തിരിച്ചുവരവ് നടത്തി. ശ്രദ്ധേയമായ സിനിമകളാണ് രണ്ടാം വരവില്‍ മഞ്ജുവിനെ കാത്തിരുന്നത്. ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ആദ്യമായി മഞ്ജു, മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയും ചെയ്തു. അസുരന്‍ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു. അജിത്ത് ചിത്രം തുനിവ് ആണ് മഞ്ജു അവസാനമായി എത്തിയ തമിഴ് ചിത്രം.

അതേസമയം രണ്ടാം സ്ഥാനത്തിന്റെ കാര്യത്തില്‍ വമ്പന്‍ സര്‍െ്രെപസാണ് ഉള്ളത്. മമിത ബൈജുവാണ് രണ്ടാം സ്ഥാനത്തേക്ക് വന്നിരിക്കുന്നത്. മമിതയുടെ പ്രേമലു നേരത്തെ വമ്പന്‍ ഹിറ്റായിരുന്നു. ഇതാണ് നടിയുടെ താരമൂല്യം ഉയര്‍ത്തിയത്. നൂറ് കോടി നേടിയ ചിത്രം തമിഴിലും തെലുങ്കിലും വരെ നേട്ടമുണ്ടാക്കിയിരുന്നു. മമിതയുടെ തമിഴ് ചിത്രവും ഏപ്രിലില്‍ റിലീസായിരുന്നു. വിജയിച്ചില്ലെങ്കിലും മറ്റ് ഇന്‍ഡസ്ട്രികളിലും മമിതയുടെ താരമൂല്യം ഉയര്‍ന്നിട്ടുണ്ട്.

മൂന്നാം സ്ഥാനത്ത് ശോഭനയാണ് ഉള്ളത്. മോഹന്‍ലാലിന്റെ പുതിയ ചിത്രത്തില്‍ ശോഭനയാണ് നായിക. തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിന്റെ പ്രഖ്യാപനം തന്നെ വലിയ തരംഗമായിരുന്നു. ഇതാണ് ജനപ്രീതിയില്‍ മുന്നേറാന്‍ ശോഭനയെ സഹായിച്ചത്.

നാലാം സ്ഥാനത്ത് ഐശ്വര്യ ലക്ഷ്മിയാണ്. അഞ്ചാം സ്ഥാനത്ത് കല്യാണി പ്രിയദര്‍ശനുമുണ്ട്. വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രമാണ് കല്യാണി അവസാനം ചെയ്ത ചിത്രം. വിഷു റിലീസായ ചിത്രം വമ്പന്‍ വിജയമായിരുന്നു. എന്നാല്‍ ഇത്തവണത്തെ പട്ടികയില്‍ കാവ്യ മാധവന്‍ ഇടം പിടിച്ചിട്ടില്ല എന്നത് നടിയുടെ ആരാധകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.

Vijayasree Vijayasree :