നവാഗത സംവിധായകരുടെ സിനിമ സ്വീകരിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത താരമാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ വ്യത്യസ്തമായ ഒരുപാട് ഹിറ്റ് ചിത്രങ്ങൾ നവാഗതർക്കൊപ്പം പിറവിയെടുത്തിട്ടുണ്ട്. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് തമിഴ് തെലുങ്കു ചിത്രങ്ങളിലേക്ക് എത്തിയിരിക്കുകയാണ് മമ്മൂട്ടി. തെലുങ്ക് ചിത്രമായ യാത്രയുടെയും സംവിധായകൻ നവാഗതനാണ്.
നവാഗത സംവിധായകരുടെ സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് പലരുമെത്തിയിരുന്നു. പ്രമേയത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിനിടയില്‍ 70 ഓളം സംവിധായകരെയാണ് താന്‍ പരിചയപ്പെടുത്തിയതെന്ന് മമ്മൂട്ടി പറയുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. പല സംവിധായകരുടെയും കരിയര്‍ ബ്രേക്ക് ചിത്രമായി മാറിയ സിനിമകളും മമ്മൂട്ടിയുടേതായിട്ടുണ്ട്.
ഒരു മറവത്തൂര്‍ കനവ്
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളായ ലാല്‍ ജോസ് തുടക്കം കുറിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു. ശ്രീനിവാസനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്നും ഡയറക്ടറിലേക്കുള്ള ലാല്‍ ജോസിന്റെ ചുവട് വെപ്പ് കൂടിയാണ് ഈ സിനിമ. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
കാഴ്ച
ബ്ലസിയെന്ന സംവിധായകന്റെ മികച്ച സിനിമകളിലൊന്നാണ് കാഴ്ച. മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കിയാണ് അദ്ദേഹം തുടക്കം കുറിച്ചത്. 2004 ലായിരുന്നു സിനിമ റിലീസ് ചെയ്തത്. പത്മപ്രിയയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയം സ്വന്തമാക്കിയ സിനിമയ്ക്ക് നാല് പുരസ്‌കാരമായിരുന്നു സംസ്ഥാന അവാര്‍ഡില്‍ ലഭിച്ചത്.
പോക്കിരി രാജ
മമ്മൂട്ടിയും പൃഥ്വിരാജും സഹോദരന്‍മാരായെത്തിയ സിനിമയാണ് പോക്കിരിരാജ. പതിവില്‍ നിന്നും വ്യത്യസ്തമായി ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമയില്‍ രാജയായാണ് മമ്മൂട്ടിയെത്തിയത്. അദ്ദേഹത്തിന്റെ വേഷവിധാനങ്ങളും സംഭാഷണങ്ങളുമാണ് പ്രധാന ഹൈലൈറ്റ്. 2010 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്.
രാജമാണിക്യം
മമ്മൂട്ടിയുടെ കരിയറിലെ തന്നെ പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് രാജമാണിക്യം. തിരുവന്തപുരം ഭാഷയുമായാണ് മെഗാസ്റ്റാര്‍ എത്തിയത്. ബെല്ലാരി രാജയെന്ന പോത്ത് കച്ചവടക്കാരനായാണ് മമ്മൂട്ടി എത്തിയത്. അന്‍വര്‍ റഷീദിന്റെ സിനിമാജീവിതത്തിലും ഏറെ പ്രധാനപ്പെട്ട സിനിമയാണിത്.
ബിഗ് ബി
സ്റ്റൈലിഷ് കഥാപാത്രമായി മമ്മൂട്ടി എത്തിയ സിനിമയാണ് ബിഗ് ബി. ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയം നേടിയില്ലെങ്കിലും ടെലിവിഷനിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ബിലാല്‍ പഴയ ബിലാല്ല, തുടങ്ങി നിരവധി ഡയലോഗുകളാണ് ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത്.
ബെസ്റ്റ് ആക്ടര്‍
മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ആദ്യ സിനിമ മമ്മൂട്ടിക്കൊപ്പമായിരുന്നു. നടനാവാനുള്ള പരിശ്രമവുമായി നടക്കുന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. 2010 ലായിരുന്നു ബെസ്റ്റ് ആക്ടര്‍ റിലീസ് ചെയ്തത്.
ദി ഗ്രേറ്റ് ഫാദര്‍
ഹനീഫ് അദേനിയെന്ന സംവിധായകന്‍ അരങ്ങേറിയത് ദി ഗ്രേറ്റ് ഫാദറിലൂടെയാണ്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയം നേടാനും ഈ ചിത്രത്തിന് കഴിഞ്ഞിരുന്നു. മമ്മൂട്ടിയുടെ കരിയറിലും പ്രധാനപ്പെട്ട സിനിമയാണിത്. ആഷിഖ് അബു, നിഥിന്‍ രണ്‍ജിപണിക്കര്‍, ജി മാര്‍ത്താണ്ഡന്‍, ശ്യാംദത്ത് തുടങ്ങിയവരുടെയും ആദ്യ സിനിമ മമ്മൂട്ടിക്കൊപ്പമായിരുന്നു.
നവാഗത സംവിധായകനായ സജീവ് പിള്ള ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം അണിയറയിൽ ഒരുങ്ങുകയാണ്. മമ്മൂട്ടി നായകനായെത്തുന്ന ചിത്രം വിവാദങ്ങളിൽ പെട്ട് കിടക്കുകയാണ്.
momootty with his debut directors filims