മോളി കണ്ണമാലി അമ്മയിലെ അംഗമല്ലാത്തതിനാല്‍ ചട്ടപ്രകാരം സഹായിക്കാന്‍ കഴിയില്ല; എന്നാല്‍ വ്യക്തപരമായി സഹായം ലഭിച്ചിട്ടുണ്ടെന്ന് ടിനി ടോം

കുറച്ച് നാളുകള്‍ക്ക് മുമ്പ് മിനിസ്‌ക്രീനിലൂടെയും ബിസ്‌ക്രീനിലൂടെയും സുപരിചിതയായ നടി മോളി കണ്ണമാലിയെ രോഗം മൂര്‍ച്ഛച്ചതിനെ തുടര്‍ന്ന് അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സമ്പത്തികമായി പിന്നോക്കം നിന്ന അവര്‍ക്ക് സമൂഹിക പ്രവര്‍ത്തകരും സിനിമാംഗങ്ങളും സഹായങ്ങളുമായി എത്തിയിരുന്നു.

എന്നാല്‍ താര സംഘടനയായ അമ്മയുടെ സഹായം നടിക്ക് ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും സംഘടനയ്ക്ക് നേരെ ഉയര്‍ന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ടിനി ടോം. മോളി കണ്ണമാലി സംഘടന അംഗം അല്ലാത്തതിനാല്‍, അമ്മയുടെ ചട്ടപ്രകാരം സഹായിക്കാന്‍ കഴിയില്ലെന്ന് ടിനി പറയുന്നു. പക്ഷേ സംഘടനയിലെ അംഗങ്ങളില്‍ നിന്നും വ്യക്തപരമായി അവര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും ടിനി പറഞ്ഞു.

‘മോളി കണ്ണമാലിക്ക് വീട് വച്ച് കൊടുക്കാന്‍ മമ്മൂക്കയാണ് ഏറ്റവും കൂടുതല്‍ സഹായിച്ചത്. വ്യക്തപരമായി സഹായിച്ചവരും ഉണ്ട്. അമ്മ സംഘടനയുടെ ഹെല്‍പ് കിട്ടിയിട്ടില്ല എന്നെ ഉള്ളൂ. അമ്മയുടെ അഗംങ്ങളില്‍ നിന്നും ഒരുപാട് ഹെല്‍പ് കിട്ടിയിട്ടുണ്ട്. അമ്മ സംഘടനയ്ക്ക് ഒരു അജണ്ട ഉണ്ട്. അതനുസരിച്ചേ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റൂ. അമ്മയിലെ അംഗങ്ങള്‍ ചെയ്യുന്നത് പുറത്താരോടും പറയാറില്ല. ഓവര്‍ പെയ്ഡായവര്‍ സുഖ സൗകര്യങ്ങള്‍ ആസ്വദിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ക്ക് തോന്നുക.

അമ്മ ഒരു ആര്‍ഭാട സംഘടനയായി പുറത്ത് നിന്നുള്ളവര്‍ക്ക് തോന്നും. പക്ഷെ അതില്‍ നൂറോളം പേര്‍ മാത്രമാണ് സുഖ സൗകര്യങ്ങളില്‍ ജീവിക്കുന്നവര്‍. ബാക്കി എല്ലാവരും പുറന്തള്ളപ്പെട്ട് പോയവരാണ്. കാലത്തിന്റെ ഓട്ടത്തിനിടയ്ക്ക് സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നവരാണ്’, എന്ന് ടിനി പറയുന്നു.

‘മാസം 5000രൂപ വച്ച് കൈനീട്ടം പരിപാടി 250 ഓളം പേര്‍ക്ക് കൊടുക്കുന്നുണ്ട്. അഞ്ച് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് കൊടുക്കുന്നുണ്ട്. ഇവയൊന്നും പുറത്ത് പറയാറില്ല. പക്ഷെ കാണുമ്പോള്‍ എല്ലാവരും വണ്ടിയില്‍ വന്നിറങ്ങുന്നു. അതിന് പിന്നുണ്ടായ അധ്വാനം അറിയില്ല. കാശ് കിട്ടുമെങ്കിലും രാവില മുതല്‍ രാത്രി വരെ ഉറക്കമൊഴിച്ച് പണിയെടുത്താണ് പലരും സമ്പാദിച്ചത്’, എന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :