മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് ഏതാനും നാളുകളായി പലതരത്തിലുളള വാർത്തകളാണ് സോഷ്യൽ മീഡിയയിലും മറ്റുമായി പ്രചരിക്കുന്നത്. അദ്ദേഹത്തിന് കുടലിൽ കാൻസർ ആണെന്നുളള തരത്തിലും വാർത്തകൾ വന്നിരുന്നു. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കവേയാണ് ഇത്തരത്തിലൊരു വാർത്ത പുറത്തെത്തിയത്. എന്നാൽ ഈ റിപ്പോർട്ടുകൾ തള്ളി അദ്ദേഹത്തിന്റെ പിആർ ടീം രംഗത്ത് വരികയും ചെയ്തിരുന്നു.
പിന്നാലെ നടൻ മോഹൻലാൽ ശബരിമല ദർശനത്തിനിടെ മമ്മൂട്ടിക്ക് വേണ്ടി വഴിപാട് കഴിച്ചതും വലിയ വാർത്തയായി. ഇതോടെ മമ്മൂട്ടി അസുഖബാധിതനാണെന്നുളള പ്രചാരണത്തിന് ശക്തിയുമേറി. അതിനിടെ നടൻ തമ്പി ആന്റണി മമ്മൂട്ടിക്ക് കുടലിൽ കാൻസർ ആണെന്ന് വെളിപ്പെടുത്തി രംഗത്ത് വരികയുണ്ടായി. എന്നാൽ ഇത് സംബന്ധിച്ച് മമ്മൂട്ടിയിൽ നിന്നോ അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങളിൽ നിന്നോ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഇപ്പോഴിതാ വഴിപാടിനെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. വഴിപാട് നടത്തിയ വിവരം പുറത്ത് വന്നത് അവിചാരിതമായാണെന്ന് മോഹൻലാൽ പറയുന്നു. ചെന്നൈയിൽ എമ്പുരാൻ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് തമിഴ് മാധ്യമപ്രവർത്തകർ മോഹൻലാലിനോട് ചോദിച്ചത്.
താങ്കൾ ശബരിമലയിൽ പോയപ്പോൾ മമ്മൂട്ടിക്ക് വേണ്ടി പ്രാർത്ഥന നടത്തിയതായി വാർത്തകൾ വന്നിരുന്നുവെന്നും നിങ്ങളുടെ ആഴത്തിലുളള സൗഹൃദത്തെ കുറിച്ച് ഒന്ന് പറയാമോ എന്നായിരുന്നു ഒരു തമിഴ്മാധ്യമപ്രവർത്തകന്റെ ചോദ്യം. അതേക്കുറിച്ച് എന്ത് പറയാനാണ് എന്നാണ് മോഹൻലാൽ ചോദിക്കുന്നത്.
ശബരിമലയിൽ പോയി അദ്ദേഹത്തിന് വേണ്ടി പൂജ നടത്തി. ദേവസ്വം ബോർഡിലെ ആരോ രസീത് ലീക്ക് ചെയ്തതാണ്. അതേക്കുറിച്ച് എന്തിനാണ് സംസാരിക്കുന്നത്. അതെല്ലാം വളരെ വ്യക്തിപരമാണ്. ഒരാൾ ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനെക്കുറിച്ച് പറയുന്നത് എന്തിനാണ്. ഒരുപാട് പേർ നിങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കും എന്ന് പറഞ്ഞിട്ട് വേറെന്തെങ്കിലും സംസാരിക്കും.
പ്രാർത്ഥിക്കും എന്ന് പറഞ്ഞാൽ ഉറപ്പായും നിങ്ങൾ പ്രാർത്ഥിക്കണം. തന്റെ സുഹൃത്തും സഹോദരനുമാണ് മമ്മൂട്ടിയെന്നും മോഹൻലാൽ പറയുന്നു. മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ചും മോഹൻലാൽ സംസാരിച്ചു. അദ്ദേഹത്തിന് കുഴപ്പമില്ല. എന്തോ ചെറിയ പ്രോബ്ലം ഉണ്ടായിരുന്നു. എല്ലാവർക്കും ഉണ്ടാകുന്നത് പോലെ. ആശങ്കപ്പെടാനൊന്നുമില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.
കേട്ടിടത്തോളം ഒന്നും പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ടർമാരുടെ അഭിപ്രായമെന്നാണ് തമ്പി ആന്റണി പ്രിയ താരത്തെ കുറിച്ച് സോഷ്യൽമീഡിയയിൽ എഴുതിയത്. നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരാണ് തമ്പി ആന്റണിയും മമ്മൂട്ടിയും. മമ്മൂട്ടി… മലയാളികളുടെ മമ്മൂക്ക. കുടലിലെ ക്യാൻസർ കൊള്നോസ്കോപ്പിയിലൂടെയാണ് സാധാരണ കണ്ടുപിടിക്കാറുള്ളത്. അമ്പത് വയസ് കഴിഞ്ഞാൽ പത്ത് വർഷത്തിൽ ഒരിക്കലാണ് അത് ചെയ്യാറുള്ളത്.
ഇല്ലെങ്കിൽ എല്ലാവരും ചെയ്യേണ്ടതാണ്. ഇത് എല്ലാ വർഷവും ചെയ്യേണ്ടതാണ്. മമ്മൂക്ക തീർച്ചയായും അതൊക്കെ ശ്രദ്ധിക്കുന്ന ആളായിരുന്നിരിക്കണം. ഭക്ഷണ കാര്യത്തിലും അദ്ദേഹം അതീവ ശ്രദ്ധാലുവാണ്. പളുങ്കിൽ അഭിനയിക്കുബോൾ ഞങ്ങൾ അമ്പിളിചേട്ടനുമൊത്ത് ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്. ഫിഷ് ഫ്രൈ ഉൾപ്പടെ പല മീൻ വിഭവങ്ങൾ കൊണ്ടുവന്ന പ്ലേറ്റ് മമ്മൂക്ക ഞങ്ങളുടെ അടുത്തേക്ക് മാറ്റിവെക്കും.
അടുത്തിരിക്കുന്നവർക്ക് കൊടുക്കാൻ ഒരു മടിയുമില്ല മമ്മൂക്കയ്ക്ക്. അതറിയാവുന്ന അമ്പിളിചേട്ടൻ ആ വിവരം എന്നോടത് നേരത്തെ പറഞ്ഞിരുന്നു. അന്നേ ഞാൻ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ലഘുഭഷണരീതി. ഇപ്പോൾ ഒരുപക്ഷെ പ്രകടമായ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടിരിക്കാം. എന്നാലും തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്… കേട്ടിടത്തോളം ഒന്നും പേടിക്കാനില്ലെന്ന് തന്നെയാണ് ഡോക്ട്ടർന്മാരുടെ അഭിപ്രായമെന്നും കേട്ടു.
ഓപറേഷനോ റേഡിയേഷനോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്. അതൊക്ക കഴിഞ്ഞവരെ എനിക്കറിയാം അവരൊക്കെ ഇരുപത് വർഷംകഴിഞ്ഞിട്ടും പൂർണ ആരോഗ്യവാന്മാരായി സാധാരണ ജീവിതം നയിക്കുന്നു. മലയാളികളുടെ മമ്മൂക്ക പൂർണ ആരോഗ്യവാനായി തന്നെ വീണ്ടും സിനിമകളിൽ സജീവമാകും എന്നതിൽ ഒരു സംശയവുമില്ല. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു എന്നായിരുന്നു തമ്പി ആന്റണിയുടെ കുറിപ്പ്.
കഴിഞ്ഞ ദിവസം സംവിധായകൻ ജോസ് തോമസ്. തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്ന വാക്കുകളും വൈറലായിരുന്നു. ഇക്കഴിഞ്ഞ ദിവസം എന്റെയൊരു അകന്ന ബന്ധു എന്നെ വിളിച്ചു ചോദിച്ചു മമ്മൂക്കയ്ക്ക് എന്താണ് സംഭവിച്ചത്. ഞാൻ പറഞ്ഞു എന്ത് സംഭവിക്കാനെന്ന്. എന്തോ ക്യാൻസർ ആണ്, അസുഖമാണ് എന്നൊക്കെ പറയുന്നു. മമ്മൂക്ക മരിച്ചുപോവുമോ? എന്നും ചോദിച്ചു. ഞാൻ പറഞ്ഞു തീർച്ചയായും മരിച്ചുപോവും. അവിടെ നിന്ന് അയ്യോ എന്ന് ശബ്‌ദം കേട്ടു. ഞാൻ ചോദിച്ചു എന്താണ് നിങ്ങൾക്ക് പറ്റിയതെന്ന്.
ചേട്ടൻ എന്താ ഈ പറയുന്നത്? മമ്മൂക്ക മരിച്ചുപോവുമെന്നോ.. ഞാൻ ചോദിച്ചു താൻ മരിക്കില്ലേ, അപ്പോഴാണ് അദ്ദേഹത്തിന്റെ സ്വബോധം വീണ്ടുകിട്ടിയത്. അത് ശരിയാണ്, പക്ഷേ ഇപ്പോഴത്തെ അവസ്ഥയും അസുഖവും എന്താണ് എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഞാൻ പറഞ്ഞു, സുഹൃത്തേ പലരും പറഞ്ഞിട്ടുള്ള അറിവ് മാത്രമേ ഉള്ളൂ. സിനിമാ രംഗത്തെ അദ്ദേഹവുമായി അടുത്തിടപഴകുന്ന പലരുമായും ഞാൻ ബന്ധപ്പെട്ടിരുന്നു.
രോഗത്തിന്റെ ഒരു ആരംഭം മാത്രമാണ്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. രണ്ടാഴ്‌ചത്തെ റേഡിയേഷൻ കൊണ്ട് അദ്ദേഹം സുഖം പ്രാപിച്ചുവരും. അത് പറഞ്ഞപ്പോൾ ആ പയ്യന് ആശ്വാസമായി. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഇവിടെ ഓൺലൈൻ മീഡിയയിലാണ് കൂടുതലും മമ്മൂക്കയുടെ രോഗത്തെ കുറിച്ച് വ്യാജ പ്രചാരണവും ശരിയായ വാർത്തയും ഒക്കെ പ്രചരിക്കുന്നത്. മറ്റൊരു അച്ചടി മാധ്യമത്തിലും നിങ്ങൾക്ക് ഇത് കാണാൻ കഴിയില്ല.
മമ്മൂട്ടിയെ പോലെയൊരു മഹാനടന്റെ രോഗവിവരം മറച്ചു വയ്‌ക്കേണ്ടത് ഒരു സാമാന്യ മര്യാദയാണ് എന്നത് കൊണ്ടായിരിക്കാം. മമ്മൂട്ടി ഈ അടുത്ത കാലത്ത് തുടർച്ചയായി വോമിറ്റ് ചെയ്‌തു കൊണ്ടിരുന്നു. അതെന്തോ ഒരു രോഗത്തിന്റെ ലക്ഷണമാണ് എന്ന് തോന്നിയിട്ടാവണം പരിശോധനയ്ക്ക് വിധേയമാക്കിയത്. അതിലാണ് കുടൽ ക്യാൻസറിന്റെ ഒരു തുടക്കം, റേഡിയേഷനിലൂടെ മാറ്റാൻ കഴിയുന്നത് കണ്ടെത്തുന്നത്. അതാണ് സംഭവിച്ചത്.
ഇത് വാർത്തകളിലൂടെ പുറംലോകം അറിയണമെന്ന് മമ്മൂട്ടി ആഗ്രഹിച്ചുകാണില്ല. കാരണം മമ്മൂട്ടിയെ ആരാധിക്കുന്ന, സ്നേഹിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്. അവരുടെ ഉള്ളിൽ ഒരു വേദന ഉണ്ടാക്കേണ്ട എന്ന് കരുതിയാണ്. അത് അസുഖ വിവരം അറിഞ്ഞാൽ അദ്ദേഹത്തിന് ചാൻസ് നഷ്‌ടപ്പെടും എന്നറിഞ്ഞത് കൊണ്ടൊന്നുമല്ല. എനിക്ക് പരിചയമുള്ള കാലം തൊട്ട് അദ്ദേഹം മദ്യപിച്ചിട്ടില്ല. ആഹാര കാര്യങ്ങളിൽ കൃത്യ നിഷ്‌ഠയുള്ള ആളാണ് എന്നും ജോസ് തോമസും പറഞ്ഞിരുന്നു.
കരിയറിൽ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടി ഇപ്പോൾ കടന്ന് പോകാറെന്ന് ആരാധകർ പറയാറുണ്ട്. ഒന്നിന് പിറകെ ഒന്നായി താരം ശ്രദ്ധേയ സിനിമകൾ ചെയ്തു. ചില സിനിമകൾ സ്വന്തം പ്രൊഡക്ഷൻ ഹൗസായ മമ്മൂട്ടി കമ്പനി തന്നെ നിർമ്മിക്കുന്നു. നിരൂപക പ്രശംസ നേടിയ നിരവധി സിനിമകളുടെ ഭാഗമാകാൻ മമ്മൂട്ടിക്ക് കഴിയുന്നു എന്നതും ശ്രദ്ധേയമാണ്. ഭ്രമയുഗമാണ് അടുത്ത കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട മമ്മൂട്ടി ചിത്രം.
അതേസമയം, മഹേഷ് നാരായണൻ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. മമ്മൂട്ടിയും മോഹൻലാലും 16 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ഇതിന് മുമ്പ് ട്വന്റി ട്വന്റി എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. നയൻതാരയാണ് ചിത്രത്തിൽ നായികയെന്ന പ്രത്യേകതയുമുണ്ട്. ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് സിനിമയുടെ പൂജ നടന്നത്.
ശ്രീലങ്കയിൽ വെച്ചായിരുന്നു ചടങ്ങ്. മമ്മൂട്ടിയും മോഹൻലാലും ചടങ്ങിനെത്തിയിരുന്നു. ശ്രീലങ്ക, ലണ്ടൻ, അബു ദാബി, അസർബെെജാൻ, തായ്ലന്റ്, വിശാഖ പട്ടണം, ഹെെദരാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ്. ഈ മൾട്ടി സ്റ്റാർ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബസൂക്കയാണ് മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ബസൂക്ക. ഏപ്രിൽ 10 ന് ചിത്രം തിയറ്ററുകളിലെത്തും.
അതേസമയം, മോഹൻലാൽ എമ്പുരാന്റെ പ്രൊമോഷൻ തിരക്കുകളിലാണ്. മാർച്ച് 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വലിയ താരനിര അണിനിരക്കുന്നു. ചെന്നെെയിലെ ചടങ്ങിൽ എമ്പുരാനിലെ നായിക മഞ്ജു വാര്യർ സിനിമയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഏത് നടനും നടിക്കും ബ്രഹ്മാണ്ഡ സിനിമയുടെ ഭാഗമാകുകയെന്ന് വലിയ സ്വപ്നമായിരിക്കും. എപ്പോഴും അത് നടക്കില്ല. ഒരു ഭാഗ്യം പോലെ വരുന്നതാണ്. എനിക്ക് ലൂസിഫർ പോലെ വലിയൊരു സിനിമയുടെ ഭാഗമാകാനായി.
ഇന്ന് വരെയുള്ള കരിയറിൽ ശക്തമായ കഥാപാത്രങ്ങളിലൊന്ന് ലഭിച്ചത് ഇത് പോലൊരു സിനിമയിലാണെന്നത് വലിയ ഭാഗ്യമായി കാണുന്നു. പ്രിയദർശിനി എന്ന കഥാപാത്രം ഏവരും സ്വീകരിച്ചു. ലൂസിഫർ ഇഷ്ടപ്പെട്ടത് പോലെ എമ്പുരാനും പ്രേക്ഷകർക്കിഷ്ടപ്പെടും. ഈ സിനിമയിൽ അവസരം ലഭിച്ചതിൽ പൃഥ്വിരാജിനോടും മുരളി ഗോപിയോടും നന്ദി പറയുന്നു. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
ഈ സിനിമയുടെ സ്കെയിലാനവശ്യമായ സൗകര്യങ്ങൾ ഒരു പരിമിതിയും ഇല്ലാതെ നൽകിയ ആന്റണി പെരുമ്പാവൂർ സർ, ഗോകുലം ഗോപാലൻ സർ, ലെെക്ക എന്നിവരോടും നന്ദി പറയുന്നു. ലാലേട്ടനൊപ്പം ഞാൻ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂ. ഓരോ പടത്തിലെയും കഥാപാത്രങ്ങൾ അത്രയും ശ്രദ്ധിക്കപ്പെട്ടതായിരുന്നെന്നും മഞ്ജു വാര്യർ ചൂണ്ടിക്കാട്ടി. ടൊവിനോ തോമസും ചടങ്ങിൽ പങ്കെടുത്തിരുന്നു.