സ്വരമാധുരികൊണ്ട് സംഗീതാസ്വാദകരെ അത്ഭുതപ്പെടുത്തിയ, ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന് ഇന്ന് 83ാം പിറന്നാള്‍. അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളില്‍ മൂത്ത പുത്രനായി 1940 ജനുവരി 10 നു ഫോര്‍ട്ട് കൊച്ചിയില്‍ ജനിച്ച കെ ജെ യേശുദാസ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയിട്ടു വര്‍ഷങ്ങളേറെയാകുന്നു.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ള നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തുന്നത്. ഈ അവസരത്തില്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും അദ്ദേഹത്തിന് ആസംസകളുമായി എത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം പ്രിയ ഗായകന് ആശംസകള്‍ അറിയിച്ചത്.
മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു;
‘തലമുറകള്‍ പകര്‍ന്നെടുക്കുന്ന ഗന്ധര്‍വനാദം. ലോകമെമ്പാടുമുള്ള ഏത് മലയാളിയും ദിവസത്തില്‍ ഒരിക്കലെങ്കിലും കേള്‍ക്കുന്ന അമൃതസ്വരം. കേരളത്തിന്റെ സ്വകാര്യ അഭിമാനമായ എന്റെ പ്രിയപ്പെട്ട ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.’ -എന്ന് മോഹന്‍ലാല്‍ കുറിച്ചു.
സംഗീതജ്ഞനായിരുന്ന പിതാവില്‍ നിന്നാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ ബാലനായ യേശുദാസ് അഭ്യസിച്ചത്. പിന്നീട് തിരുവനന്തപുരം മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളെജ് എന്നിവിടങ്ങളിലും പഠിച്ചു. ഗാനഭൂഷണം പാസ്സായതിനു ശേഷം ആകാശവാണി നടത്തിയ ശബ്ദപരിശോധനയില്‍ പങ്കെടുത്തെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല.
22ാം വയസ്സിലാണ് സിനിമയില്‍ ആദ്യമായി പിന്നണി പാടാന്‍ അവസരം ലഭിക്കുന്നത്. പ്രേം നസീര്‍, സഹോദരന്‍ പ്രേം നവാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കെ എസ് ആന്റണിയുടെ സംവിധാനത്തില്‍ 1962ല്‍ റിലീസ് ചെയ്യപ്പെട്ട ‘കാല്‍പ്പാടുകള്‍’ ആയിരുന്നു ചിത്രം. പിന്നീടങ്ങോട്ട് യേശുദാസ് യുഗത്തിന് തുടക്കം കുറിക്കുകയായിരുന്നു.
അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാഷകളിലും യേശുദാസ് പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌ക്കാരം ഏറ്റവുമധികം തവണ നേടിയിട്ടുള്ളത് യേശുദാസ് ആണ്. കേരള, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെയും മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകളും അദ്ദേഹം കരസ്ഥമാക്കി.