ഇന്ന് മലയാളത്തില്‍ അറിയപ്പെടുന്ന നിര്‍മ്മാതാക്കളില്‍ ഒരാളാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന്റെ െ്രെഡവറായെത്തി പിന്നീട് ആശീര്‍വാദ് ഫിലിംസിന്റെ ഓണറായി മാറുകയായിരുന്നു അദ്ദേഹം. മലയാളസിനിമയെ ഉയരങ്ങളിലേക്ക് കൈപിടിച്ചുകയറ്റിയ നിര്‍മാണക്കമ്പനിയാണ് ആശീര്‍വാദ് സിനിമാസ്. തിയേറ്ററുകള്‍ ഇളക്കിമറിച്ച നരസിംഹത്തിലൂടെയായിരുന്നു കടന്നുവരവ്.
പ്രേക്ഷകര്‍ ആഘോഷമാക്കിയ പല മോഹന്‍ലാല്‍സിനിമയുടെയും തുടക്കത്തില്‍ നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ എന്ന ടൈറ്റില്‍ തെളിഞ്ഞു. മംഗലശ്ശേരി നീലകണ്ഠന്‍ രണ്ടാംവരവ് നടത്തിയ രാവണപ്രഭുവും തല്ലിത്തോല്‍പ്പിക്കാനായി വെല്ലുവിളിച്ച മുള്ളന്‍കൊല്ലി വേലായുധന്റെ നരനും മലയാളസിനിമയുടെ തലവര മാറ്റിയ ജോര്‍ജുകുട്ടിയുടെ ദൃശ്യവും ഇരുനൂറുകോടി ക്ലബ്ബിലിടം നേടിയ ലൂസിഫറുമെല്ലാം ആശീര്‍വാദിന്റെ ആകാശത്തെ തിളക്കമേറിയ ചില നക്ഷത്രങ്ങള്‍ മാത്രം
ഇന്ന് സിനിമാ ലോകത്തെ ശ്രദ്ധേയ കൂട്ടുകെട്ടാണ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും. മോഹന്‍ലാലിന്റെ കരിയറില്‍ വലിയ സ്വാധീനം ആന്റണി പെരുമ്പാവൂരിനുണ്ട്. ആന്റണി പെരുമ്പാവൂര്‍ മുഖേനെയാണ് മോഹന്‍ലാലിനടുത്തേയ്ക്ക് തിരക്കഥകള്‍ എത്തുന്നത് എന്നാണ് സംസാരം. ഇതേ കുറിച്ച് ആന്റണി തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നു. ആന്റണി കഥകേള്‍ക്കുന്നു എന്നത് അന്‍പത് ശതമാനം ശരിയും, അന്‍പത് ശതമാനം തെറ്റുമാണ്.
കാരണം, ആശീര്‍വാദ് നിര്‍മിക്കുന്ന സിനിമകളുടെ കഥകളെല്ലാം ഞാനും ലാല്‍സാറും ചേര്‍ന്നാണ് കേള്‍ക്കുന്നതും സ്വീകരിക്കുന്നതും. ആ കഥകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഞാനും പങ്കാളിയാകാറുണ്ട്. മറ്റ് നിര്‍മാതാക്കള്‍ ഒരുക്കുന്ന സിനിമകളുടെ കഥകള്‍ ലാല്‍സാര്‍ തന്നെയാണ് കേള്‍ക്കുന്നത്. അത്തരം ചര്‍ച്ചകളില്‍ ഞാനിരിക്കാറില്ല. അതിനുകാരണം, എതെങ്കിലും തരത്തില്‍ ആ സിനിമ നടക്കാതെ പോയാല്‍ എനിക്കിഷ്ടപ്പെടാത്തതിന്റെ പേരിലാണ് അങ്ങനെ സംഭവിച്ചതെന്ന് പറയരുതല്ലോ എന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.
വര്‍ഷങ്ങളായി മോഹന്‍ലാലിനൊപ്പമാണ് ആന്റണി പെരുമ്പാവൂര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ന് മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളുടെ നിര്‍മാതാവാണ് അദ്ദേഹം. തങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. 20 വയസ് കഴിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ സാറിനടുത്ത് വണ്ടി ഓടിക്കാന്‍ പോയതാണ് ഞാന്‍.
ഒരു ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ച് പോരുമ്പോള്‍ സര്‍, എന്നെ എവിടെയെങ്കിലും വെച്ച് കണ്ടാല്‍ ഓര്‍ക്കുമോ എന്ന് ചോദിച്ചു. എന്താ ആന്റണി അങ്ങനെ ചോദിക്കുന്നത്, നമ്മള്‍ ഇത്രയും ദിവസത്തെ പരിചയം ഉള്ളവരല്ലേ. തീര്‍ച്ചയായും ആന്റണി എന്റെ ഓര്‍മയില്‍ ഉണ്ടാകുമെന്ന് പറഞ്ഞു. കുറച്ച് നാള്‍ കഴിഞ്ഞ് ഞാനും എന്റെ സുഹൃദ് വലയവും മോഹന്‍ലാല്‍ സാറിന്റെ ഷൂട്ടിംഗ് കാണാന്‍ ചെന്നു.
മൂന്നാംമുറ എന്ന സിനിമയുടെ ഷൂട്ടിംഗാണ്. അവിടെ ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ ലാല്‍ സര്‍ എപ്പോഴാണ് എന്നെ കാണുന്നത് എന്ന് നോക്കുമ്പോള്‍ ലാല്‍ സര്‍ ആരെയോ കൈ കാണിച്ച് വിളിക്കുന്നു. എന്നെയാണോ വിളിക്കുന്നത്, ഒരു മാസം കഴിഞ്ഞിട്ടും എന്നെ കണ്ടിട്ട് മനസിലായോ എന്ന് ചിന്തിച്ചു. എന്നെത്തന്നെയാണ് വിളിച്ചത്. ഞാന്‍ പരിസരം മറന്ന് ഓടി. പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ എന്നെ തടയാന്‍ വന്നപ്പോള്‍ ലാല്‍ സര്‍ പോര് എന്ന് പറഞ്ഞു.
ആ ഷൂട്ടിംഗ് തീരുന്നത് വരെ ലാല്‍ സാറിന് വേണ്ടി എല്ലാം ചെയ്തു. അത് കഴിഞ്ഞ് ആന്റണി എന്റെ കൂടെ പേര് എന്നാണ് ലാല്‍ സര്‍ പറഞ്ഞതെന്നും ആന്റണി പെരുമ്പാവൂര്‍ ഓര്‍ത്തു. താനല്ല ദൈവം എന്നെക്കൊണ്ട് ആന്റണിയെ വിളിപ്പിച്ചതാണെന്ന് വിശ്വസിക്കുന്നെന്ന് ഇതേ കേട്ട മോഹന്‍ലാല്‍ പറഞ്ഞു. എനിക്ക് സിനിമ അഭിനയിക്കാന്‍ മാത്രമേ അറിയൂ. ബാക്കി ഒരുപാട് കാര്യങ്ങളുണ്ട്.
അത്തരം കാര്യങ്ങളിലൊന്നും വലിയ പ്രാധാന്യം കൊടുക്കുന്ന ആളല്ല ഞാന്‍. എന്റെ കല്യാണം കഴിഞ്ഞിട്ട് 29 വര്‍ഷമായി. എന്റെ ഭാര്യയെയും ആന്റണിയെയും എനിക്ക് ഒരുമിച്ചാണ് കിട്ടിയത്. ഒരുപക്ഷെ എന്റെ ഭാര്യക്ക് അവരേക്കാള്‍ സ്‌നേഹം എനിക്ക് ആന്റണിയോടാണെന്ന് തോന്നിയിട്ടുണ്ടാകും. കൂടുതല്‍ സമയവും ഞാന്‍ ആന്റണിയുടെ കൂടെയാണ് സഞ്ചരിക്കുന്നതും കഴിയുന്നതും.
എന്റെ കരിയറിലെ ഉയര്‍ച്ചയിലും നന്മയിലും ആന്റണി പെരുമ്പാവൂര്‍ എന്ന വ്യക്തിയുണ്ട്. ആ സത്യത്തെ താന്‍ മാനിക്കുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനിമകളുടെ തിരക്കുകളിലാണിപ്പോള്‍ മോഹന്‍ലാല്‍. മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അണിയറയില്‍ നിരവധി ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്.