സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ചിത്രമായിരുന്നു ദേവദൂതൻ. ഇപ്പോഴിതാ ചിത്രം റീ റിലീസിന് ഒരുങ്ങുന്നുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. സിബി മലയിൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാരിവില്ലിൻ ഗോപുരങ്ങൾ എന്ന വരാനിരിക്കുന്ന സിനിമയുടെ പ്രമോഷനിടെയാണ് സിബി മലയിൽ ദേവദൂതന്റെ റീ റിലീസിനെ കുറിച്ച് പറഞ്ഞത്.
ഇപ്പോഴിതാ ദേവദൂതൻ വീണ്ടും റിലീസിനെത്തുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. കലൂർ ഗോകുലം പാർക്കിൽ വച്ചു നടന്ന ദേവദൂതന്റെ ട്രെയ്‍ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിലിമിൽ ചിത്രീകരിച്ച ഒരു സിനിമയാണിത്. വർഷങ്ങൾക്ക് ശേഷം യാതൊരു കേടും കൂടാതെ ഇത് എങ്ങനെ കിട്ടി എന്നാണ് ഞാൻ ആദ്യം ചോദിച്ചത്. പഴയ പല ലാബുകളും ഇപ്പോൾ ഇല്ല. അല്ലെങ്കിൽ ഫിലിം റോളുകൾ കാലാന്തരത്തിൽ നശിച്ചുപോയിട്ടുണ്ടായിരിക്കും. ഈ സിനിമയ്ക്ക് ഒരു ഭാഗ്യമുണ്ടായി. വീണ്ടും റിലീസിനെത്തുന്നു. ആർക്കോ ആരോടോ എന്തോ പറയാനുണ്ട് എന്നതാണ് ‘ദേവദൂതന്റെ’ ടാഗ് ലൈൻ.
ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു, നിങ്ങളോട് ഞങ്ങൾക്ക് എന്തോ പറയാനുണ്ടെന്ന്. ഒരു നടനെന്ന നിലയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ്. സിനിമയുടെ ഭാഗമായ ജയപ്രദ, ജയലക്ഷ്മി, മുരളി എന്നിങ്ങനെ എല്ലാവരെയും ഈ വേദിയിൽ ഓർക്കുന്നു. ഈ സിനിമ എന്തുകൊണ്ട് അന്നത്തെ കാലത്ത് ഓടിയില്ല എന്ന് ചോദിക്കുമ്പോൾ, കാലം തെറ്റി ഇറങ്ങിയ സിനിമ എന്നൊന്നും ഞാൻ പറയുന്നില്ല.
ഒരുപക്ഷേ ആ സിനിമയുടെ അർത്ഥം അന്ന് ആളുകളിൽ എത്താത്തതുകൊണ്ടായിരിക്കാം. അല്ലെങ്കിൽ മറ്റു സിനിമകൾക്കൊപ്പം ഇറങ്ങിയിതുകൊണ്ടുമാകാം. ഒരുപാട് നല്ല സിനിമകൾ ഓടാതിരുന്നിട്ടുണ്ട്. ക്യാമറ, സംഗീതം എന്നിങ്ങനെ എല്ലാ അർത്ഥത്തിലും വേറിട്ട് നിൽക്കുന്നതാണ് ‘ദേവദൂതൻ’.
എന്റെ കരിയറിലെ ഏറ്റവും നല്ല സിനിമകൾ നൽകിയ സംവിധായകനാണ് സിബി. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ മുതലുള്ള പരിചയമാണ്. ‘സദയം’, ‘ദശരഥം’ എന്നിങ്ങനെ ഒട്ടേറെ നല്ല സിനിമകൾ നൽകിയ സംവിധായകനാണ്. ‘ദേവദൂതൻ’ ഒരിക്കൽ കൂടി പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ ആഗ്രഹിച്ച ആ മനസിന് നന്ദി’ എന്നും മോഹൻലാൽ പറഞ്ഞു.
2000തില്‍ റിലീസ് ചെയ്ത മിസ്റ്ററി ത്രില്ലര്‍ ചിത്രമാണ് ദേവദൂതന്‍രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമയില്‍ വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ജയപ്രദ, വിനീത് കുമാര്‍, മുരളി, ജഗതി ശ്രീകുമാര്‍, ജഗദിഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിദ്യാസാഗര്‍ സംഗീതമൊരുക്കിയ സിനിമയിലെ ഗാനങ്ങള്‍ക്കെല്ലാം ഇന്നും വലിയ പ്രേക്ഷക സ്വീകാര്യതയുണ്ട്.