പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ കാണാനുളള മലയാളികളുടെ ആവേശം ഇന്നും ചോർന്ന് പോയിട്ടില്ല. അദ്ദേഹത്തോടുള്ളത് പോലെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അവരുടെ വിശേഷങ്ങളും വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്.
സിനിമയെപ്പോലെ തന്നെ കുടുംബത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് മോഹൻലാൽ. മൈ വൈഫ് ഈസ് മൈ ലൈഫ് എന്നാണ് മോഹൻലാൽ ഭാര്യയെ കുറിച്ച് പറയാറുള്ളത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു മാധ്യമത്തിന് നൽകിയൊരു അഭിമുഖത്തിൽ അദ്ദേഹം സുചിത്രയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചില സോഷ്യൽ മീഡിയ പേജുകളിലൂടെ വീണ്ടും വൈറലായി മാറുന്നത്.
ഞാനും എന്റെ ഭാര്യയും വല്ലപ്പോഴും കാണുന്ന ആളുകളാണ്. എന്നിരുന്നാൽ തന്നെയും കാണുമ്പോഴുള്ള ആ പെപ്പ് അപ്പ് എപ്പോഴും ഉണ്ടാകാറുണ്ട്. നമ്മൾ ഒരാളെ എങ്ങനെ ബഹുമാനിക്കുന്നോ സ്നേഹിക്കുന്നോ അതുപോലെ അവർ തിരിച്ച് ചെയ്യണം എന്നാണ്. ഞങ്ങൾ തമ്മിൽ എല്ലാം സുന്ദര മനോഹരനിമിഷങ്ങളാണ്. നിമിഷം എന്ന് പറയാൻ ആകില്ല. നമ്മൾ അത് എങ്ങനെ പെർസീവ് ചെയ്യുന്നു കണക്ട് ചെയ്യുന്നു എന്നുള്ളതാണ്.
ഓരോരുത്തർക്കും ഓരോ തരത്തിലാണ്. ഞാൻ വളരെ സന്തോഷത്തോടെ കുട്ടികളും കുടുംബവുമൊക്കെയായി ജീവിക്കുന്ന ആളാണ്. ഉറപ്പായും ആ ക്യാംപെയിനിൽ എന്ന പോലെ ഞാനും പറയും എന്റെ ജീവിതം എന്റെ ഭാര്യയാണെന്ന്. ഉലഹന്നാൻ പറയുംപോലെ ജീവിതത്തിൽ ചില കാര്യങ്ങളിൽ റീടേക്കുകളാകാം.
പിണക്കങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷെ ഞാൻ പിണക്കങ്ങൾക്ക് മുമ്പിൽ കീഴടങ്ങിക്കൊടുക്കുന്ന ആളാണ്. വഴക്കിനെ വലുതാക്കാൻ ഒരിക്കലും ഇഷ്ടപ്പെടുന്ന ആളല്ല. നിങ്ങൾ ചെയ്യുന്ന കാര്യം ശരിയല്ലെന്ന് പറയുമ്പോഴല്ലേ ദേഷ്യവും വഴക്കും ഉണ്ടാവുക. അത്തരം അവസരം ഞാനായി ഉണ്ടാക്കാറില്ലെന്നും നടൻ പറഞ്ഞിരുന്നു.
1988 ഏപ്രിൽ 28 ന് ആയിരുന്നു മോഹൻലാൽ സുചിത്ര വിവാഹം. അന്നുമുതൽ ലാലേട്ടന്റെ നിഴലായി സുചിത്രയുണ്ട്. വീട്ടുകാര്യങ്ങൾക്ക് പുറമെ താരരാജാവ് തുടങ്ങിവച്ച ബിസിനെസ്സ് സാമ്രാജ്യങ്ങൾ നോക്കി നടത്തുന്നതിലും സുചിത്രയുടെ പങ്ക് ചെറുതല്ല. സുചിത്ര ജനിച്ചതും വളർന്നതും സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ്. തമിഴ് സിനിമ നിർമാതാവ് കെ ബാലാജിയുടെ മകളാണ് സുചിത്ര.
ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു. പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം മറ്റൊരു ജോത്സ്യനെ കാണിച്ചപ്പോൾ പ്രശ്‌നങ്ങളൊന്നും ഇല്ല എന്നായിരുന്നു അത്രേ പറഞ്ഞത്. തിക്കുരിശ്ശിയായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും പ്രണയത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്.
വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിനു മുൻപേ സുചിത്ര മോഹൻലാലിന്റെ ആരാധികയായിരുന്നുവെന്ന കാര്യം ഒരിക്കൽ സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജി തന്നെ വെളിപ്പെടുത്തിയിരുന്നു. സിനിമയിലൂടെ തന്നെയായിരുന്നു മോഹൻലാൽ സുചിത്രയുടെ മനസ്സ് കീഴടക്കിയതും.
പിന്നീട് ഇരുവരും പ്രണയത്തിലാവുകയും തുടർന്ന് കത്തുകൾ എഴുതുകയും ചെയ്തിരുന്നു. ദിവസവും അഞ്ച് കാർഡുകൾ വീതം അയച്ച സമയമുണ്ടായിരുന്നുവെന്നും താരപത്നി മുമ്പ് പറഞ്ഞിട്ടുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ മോഹൻലാൽ സിനിമകൾ മിസ്സാക്കാതെ കാണുന്നയാളായിരുന്നു സുചിത്ര.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ വേഷം കണ്ടപ്പോൾ ലാലിനോട് ദേഷ്യം തോന്നിയെന്നും എന്റെ മാമാട്ടി കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലെ വേഷത്തോടെ വെറുപ്പ് ഇഷ്‌ടമായി മാറുകയായിരുന്നുവെന്നും സുചിത്ര തന്നെ പറഞ്ഞിട്ടുണ്ട്. പൊതുവേദികളിൽ സംസാരിക്കാൻ ഇത്തിരി മടി കാണിക്കുന്ന പ്രകൃതമാണ് സുചിത്രയുടേത്. പ്രണവിന്റെ ആദി എന്ന ചിത്രത്തിന്റെ സമയത്തായിരുന്നു സുചിത്ര പൊതുവേദിയിൽ ആദ്യമായി സംസാരിക്കുന്നത്.