മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം; ശബരിമലയിൽ മമ്മൂട്ടിയ്ക്കായി വഴിപാട് നടത്തി മോഹൻലാൽ

മലയാളത്തിന്റെ സ്വന്തം താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മലയാള സിനിമയുടെ നെടും തൂണുകൾ എന്നാണ് ഇവരെ വിശേഷിപ്പിക്കാറുള്ളതും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറാറുണ്ട്. മലയാളത്തിലെ ഏറ്റവും താര രാജാക്കൻമാരായ ഇരുവരുടെയും സൗഹൃ​ദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒരേ കാലഘട്ടത്തിൽ താരങ്ങളായി മാറിയവരാണ് മോഹൻലാലും മമ്മൂട്ടിയും.

തുടക്ക കാലം മുതൽ പരസ്പരം താങ്ങായി ഇരുവരും മുന്നോട്ട് പോയി. സിനിമയ്ക്കപ്പുറമാണ് തങ്ങളുടെ സൗഹൃദമെന്ന് ഇവർ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ശബരിമല ദർശനത്തിനെത്തിയ നടൻ മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തിയിരിക്കുകയാണ്. മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. കഴിഞ്ഞ ദിവസം വെെകുന്നേരത്തോടെയാണ് മോഹൻലാൽ ശബരമലയിൽ എത്തിയത്.

പമ്പയിൽ നിന്ന് ഇരുമുടി കെട്ടിയാണ് മോഹൻലാൽ സന്നിധാനത്ത് എത്തിയത്. തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബുധനാഴ്ച രാവിലെ നിർമാല്യം തൊഴുത് മലയിറങ്ങും. ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ വഴിപാട് അർപ്പിച്ചിട്ടുണ്ട്. പുതിയ ചിത്രം എമ്പുരാൻ റിലീസിനടുത്തിരിക്കെയാണ് മോഹൻലാൽ ശബരിമല ദർശനം നടത്തിയത്. മമ്മൂട്ടിക്കുള്ള വഴിപാടിന്റെ രസീത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഇരുവരുടെയും സൗഹൃദത്തെ പ്രശംസിക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മമ്മൂ‌ട്ടിയ്ക്ക് കുടലിൽ അർബുദം സ്ഥിരീകിരിച്ചെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ 73 കാരനായ നടൻ കാൻസർ ചികിത്സയ്ക്ക് വേണ്ടി ഷൂട്ടിംഗിൽ നിന്നും മാറി നിൽക്കുകയാണെന്നും താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തന്റെ അടുത്ത് മക്കളായ സുറുമിയും ദുൽഖർ സൽമാനും ഉണ്ടെന്നുമാണ് പ്രചരിച്ചിരുന്നത്. പിന്നാലെ മമ്മൂട്ടിയുടെ പിആർ ടീം രം​ഗത്തെത്തിയിരുന്നു.

നിലവിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നും മമ്മൂട്ടിക്ക് കാൻസറില്ലെന്നും ഇവർ വ്യക്തമാക്കുന്നു. അത് വ്യാജ വാർത്തയാണ്. റമദാനിൽ നോമ്പുള്ളതിനാൽ ഇപ്പോൾ വെക്കേഷനിലാണ് അദ്ദേഹം. ഷൂട്ടിംഗുകളിൽ നിന്നും മാറി നിൽക്കുന്നു. ബ്രേക്ക് കഴിഞ്ഞ് മോഹൻലാലിനൊപ്പമുള്ള മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിന് തിരിച്ചെത്തും എന്നാണ് മമ്മൂട്ടിയുടെ പിആർ ടീം പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് മോഹൻലാൽ മമ്മൂട്ടിയ്ക്ക് വഴിപാട് നടത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ഒട്ടനവധി തവണ ഇരുവരുടെയും സിനികൾ ബോക്സ് ഓഫീസിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഫാൻ ഫെെറ്റുകൾ ഇപ്പോഴും നടക്കുന്നു, കരിയറിൽ ഒരാൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉയർച്ച താഴ്ചകൾ വന്നും പോയുമിരിക്കുന്നു. എന്നാൽ ഇതൊന്നും മോഹൻലാൽ-മമ്മൂട്ടി സൗഹൃദത്തെ ബാധിച്ചില്ല. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടിയിന്ന് കടന്ന് പോകുന്നത്. മോഹൻലാലിന് കഴിഞ്ഞ കുറച്ച് വർഷങ്ങളാണ് തുടരെ പരാജയങ്ങളാണ്. ആരാധകർ ഇത് ചർച്ചയാക്കാറുണ്ടെങ്കിലും ഇതൊന്നും താരങ്ങളുടെ ആത്മബന്ധത്തെ ബാധിച്ചതേയില്ല. ‌

16 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. നയൻതാരയാണ് ചിത്രത്തിൽ നായികയെന്ന പ്രത്യേകതയുമുണ്ട്. ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് സിനിമയുടെ പൂജ നടന്നത്. ശ്രീലങ്കയിൽ വെച്ചായിരുന്നു ചടങ്ങ്. മമ്മൂട്ടിയും മോഹൻലാലും ചട‌ങ്ങിനെത്തിയിരുന്നു.

ശ്രീലങ്ക, ലണ്ടൻ, അബു ദാബി, അസർബെെജാൻ, തായ്ലന്റ്, വിശാഖ പട്ടണം, ഹെെദരാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ്. ഈ മൾട്ടി സ്റ്റാർ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിന് മുമ്പ് ട്വന്റി ട്വന്റി എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ബസൂക്കയാണ് മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ബസൂക്ക. ഏപ്രിൽ 10 ന് ചിത്രം തിയറ്ററുകളിലെത്തും. മോഹൻലാലിന്റെ എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളാണ് റിലീസിനുള്ളത്.

ഈ മഹേഷ് നാരായണൻ ചിത്രം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പകുതി വഴിയ്ക്ക് മുടങ്ങിയെന്നും വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിൻറെ നിർമാതക്കളിൽ ഒരാളായ സലിം റഹ്മാൻ രംഗത്ത് വന്നിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ മലയാള സിനിമ വ്യവസായത്തെ എങ്ങനെ തകർക്കാമെന്ന ഗവേഷണത്തിലാണ്. യാതൊരു സാമൂഹ്യ പ്രതിബന്ധതയുമില്ലാത്ത ചില ഓൺലൈൻ മാധ്യമങ്ങൾ. സിനിമ കലാസൃഷ്ടിയാണെങ്കിലും കോടികൾ മുടക്കു മുതലുള്ള ബിസിനസ് കൂടിയാണ്.

ഇപ്പോൾ ഇക്കൂട്ടർ പുതുതായി വിവാദമാക്കാൻ ശ്രമിക്കുന്നത് മഹേഷ് നാരായണൻ സംവിധാനം നിർവഹിക്കുന്ന ആന്റോ ജോസഫ് നിർമാണക്കമ്പനിയുടെ ബിഗ് ബജറ്റ് മൾടി സ്റ്റാർ ചിത്രത്തെക്കുറിച്ചാണ്. വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളും ഡൽഹി ഷെഡ്യൂളും പൂർത്തീകരിച്ച് മാർച്ച് അവസാനത്തോടെ ഷൂട്ട് പുനരാരംഭിക്കാനിരിക്കുന്ന ചിത്രം സാമ്പത്തിക പ്രതിസന്ധിയും നടൻ മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലവും ഇനി പുനരാരംഭിക്കുന്നില്ലെന്ന വ്യാജ വാർത്തകളാണ് പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

ഈ സിനിമയുമായി സഹകരിക്കുന്ന ചില നടന്മാരുടെ അസൗകര്യം മൂലം ഷെഡ്യൂളുകളിൽ ചില മാറ്റങ്ങൾ സംഭവിച്ചതൊഴിച്ചാൽ സാമ്പത്തിക പ്രതിസന്ധിയോ, കോ-നിർമാതാക്കൾക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ, പ്രതിസന്ധികളോ നിനിമക്ക് ഇതുവരെ ഉണ്ടായിട്ടില്ല. സിനിമ വളരെ മനോഹരവും ലളിതവുമായി അതിന്റെ പണിപ്പുരയിലാണ്. മലയാളിക്കും മലയാള സിനിമ ഇൻഡസ്ട്രിക്കും അഭിമാനിക്കാവുന്നതരത്തിൽ നിനിമ പൂർത്തിയാക്കി മുൻ തീരുമാന പ്രകാരം റിലീസ് ചെയ്യും.

ഈ സിനിമയുടെ തുടരെയുള്ള വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത കാലാവസ്ഥയിലുള്ള ഷെഡ്യൂളുകൾ അഭിനേതാക്കളിൽ പലർക്കും മനുഷ്യ സഹജകമായി സംഭവിക്കുന്ന, ഉണ്ടാകാവുന്ന ചില ശാരീരിക അസ്വസ്ഥകൾ ഉണ്ടായിട്ടുണ്ട്. അത് മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്കും ഉണ്ടായിട്ടുണ്ട്. അതിനെ പൊടിപ്പും തൊങ്ങലും വച്ച് ആ പ്രിയപ്പെട്ട നടനെ വേദനിപ്പിക്കും വിധം അസത്യങ്ങൾ നിറഞ്ഞ വാർത്തകൾ പടച്ചുവിടുന്നവരും സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നവരെല്ലാം ആ നടനോടും മലയാളികളോടും ചെയ്യുന്ന പൊറുക്കാൻ കഴിയാത്ത ക്രൂരതയാണ്.

സിനിമയെ ബാധിക്കുന്ന തരത്തിലുള്ള എന്തെങ്കിലും ശാരീരിക പ്രയാസങ്ങളോ, ബുദ്ധിമുട്ടുകളോ അദ്ദേഹത്തിന് ഉണ്ടായിട്ടില്ല. മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമക്കെതിരെയുള്ള ഇത്തരം ക്യാംപെയ്നുകൾ ഇൻഡസ്ട്രിക്കു തന്നെ അപകടമാണ്. ഇത്തരം നിരുത്തരവാദപരമായ, വ്യാജ വാർത്തകൾ പ്രേക്ഷകർ അതിന്റെ അവജ്ഞതയോടെ തള്ളിക്കളയണമെന്ന് സിനിമയുടെ നിർമാതാക്കൾ എന്ന നിലയിൽ പ്രിയ മലയാളികളോട് അഭ്യർഥിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

അടുത്തിടെ, മമ്മൂട്ടി മോഹൻലാൽ സൗ​ഹൃദത്തിന്റെ ആഴത്തെക്കുറിച്ച് നടി സുഹാസിനി പരാമർശിച്ചിരുന്നു. ഭർത്താവ് സംവിധായകൻ മണിരത്നം പറഞ്ഞ കാര്യങ്ങളാണ് സുഹാസിനി പങ്കുവെച്ചത്. മമ്മൂട്ടിയോട് കഥ പറയാൻ മണി അദ്ദേഹത്തിന്റെ വീട്ടിൽ പോയി. ഒരു ചെറിയ പയ്യൻ വന്ന് ഒരു വടിയെടുത്ത് മമ്മൂട്ടി അവനെ ഓടിച്ചു. ആരാണതെന്ന് ചോദിച്ചപ്പോൾ അവൻ പ്രണവ്, മോഹൻലാലിന്റെ മകനാണെന്ന് പറഞ്ഞു. മണി ഷോക്കായി. സ്വന്തം മകനെ പോലെ മമ്മൂട്ടി രണ്ട് അടി മമ്മൂട്ടി അവന് കൊടുത്ത കാര്യം മണി തന്നോട് പറഞ്ഞിരുന്നെന്ന് സുഹാസിനി ഓർത്തു.

ഇതേക്കുറിച്ച് മോഹൻലാലും സംസാരിക്കുകയുണ്ടായി. മലയാളത്തിലെ അഭിനേതാക്കൾ തമ്മിൽ കുടുംബ ബന്ധം പോലെയുള്ള ബന്ധമുണ്ടെന്നാണ് മോഹൻലാൽ പറഞ്ഞത്. നാൽപത് വർഷമായുള്ള സാഹോദര ബന്ധമാണ് മമ്മൂട്ടിയുമായെന്ന് ഒരിക്കൽ മോഹൻലാൽ പറഞ്ഞിട്ടുണ്ട്. കരിയറിലെ തുടക്ക കാലത്ത് നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഇരുവരും തമ്മിൽ മത്സരം ഉണ്ടോ, മമ്മൂട്ടിയെ നായകനാക്കി മോഹൻലാൽ സിനിമ സംവിധാനം ചെയ്യുമോ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം മോ​ഹൻലാൽ മറുപടി പറഞ്ഞിരുന്നു.

ഞാനും മമ്മൂട്ടിയും 55 സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഇപ്പോഴും സിനിമകൾ ചെയ്യാൻ തയ്യാറാണ്. എന്റെ സിനിമകളും അദ്ദേഹത്തിന്റെ സിനിമകളും വ്യത്യസ്തമാണ്. ഞങ്ങൾക്ക് മത്സരമില്ല. ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് അഭിനയിക്കുക, അങ്ങനെയൊരു സിനിമയുടെ പ്രൊഡക്ഷനൊക്കെ എളുപ്പമല്ല. ഞങ്ങൾക്ക് മത്സരിക്കേണ്ട കാര്യമില്ല. ഞങ്ങൾ സിനിമയിൽ വന്ന സമയം സിനിമയുടെ സുവർണ കാലമാണ്.

ഒരുപാട് സംവിധായകർ, കഥ, നിർമ്മാതാക്കൾ. ആ സമയത്ത് എത്തിപ്പെട്ടു എന്നതാണ് ഭാഗ്യം. എസ് പി പിള്ള, ശിവാജി സാർ, അമിതാഭ് ബച്ചൻ, പദ്മിനിയമ്മ, വേണു ചേട്ടൻ, ഗോപി ചേട്ടൻ അങ്ങനെ പലർക്കൊപ്പവും അഭിനയിച്ചു. ഇതിലൊന്നും മത്സരിക്കേണ്ട കാര്യമില്ല, മത്സരിച്ചാൽ കുഴപ്പമാകും. മമ്മൂട്ടി -മോഹൻലാൽ ചിത്രം എന്തുകൊണ്ട് വരുന്നില്ലെന്ന് ചോദിച്ചാൽ നമ്മുക്ക് അങ്ങനെയല്ലാതെ സിനിമകൾ ചെയ്യാനുണ്ട്. നാളെ അങ്ങനെയൊരു കഥയുമായി ഒരാൾ വന്നാൽ തീർച്ചയായും ആലോചിക്കും.

അപ്പോൾ അതിന്റെ പ്രൊഡക്ഷൻ, കോസ്റ്റ് എല്ലാം നോക്കേണ്ടതുണ്ട്. രണ്ട് പേരെ വെച്ച് ഒരു സിനിമ ചെയ്യുന്നതിന്റെ സാമ്പത്തികം അടക്കമുള്ള കാര്യങ്ങൾ നോക്കേണ്ടതുണ്ട്. മമ്മൂട്ടിയുമായി വളരെ സ്നേഹത്തിലും സൗഹൃദത്തിലുമാണ് പോകുന്നത്. എപ്പോഴും വിളിക്കാറും സംസാരിക്കാറുമുണ്ട്. ഞങ്ങളുടെ മക്കളും കുടുംബം പോലെ തന്നെയാണ്. എല്ലാ ദിവസും രാവിലെ മമ്മൂട്ടിയെ വിളിക്കുമെന്നല്ല. എനിക്കൊരു ആവശ്യം വരുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും കാര്യം അറിയണമെങ്കിലുമൊക്കെ അദ്ദേഹത്തെ വിളിക്കാറുണ്ട് അദ്ദേഹം തിരിച്ചും എന്നും മോഹൻലാൽ പറഞ്ഞു.

1982-ലാണ് ഇരുവരും ആദ്യമായി പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. നവോദയയുടെ ‘പടയോട്ടം’ എന്ന സിനിമയിലായിരുന്നുവത്. അതിൽ മോഹൻലാലിന്റെ അച്ഛനായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. പിന്നാലെ ഐ.വി.ശശി സംവിധാനം ചെയ്ത അഹിംസ, സിന്ധൂരസന്ധ്യയ്ക്ക് മൗനം, ഇതാ ഇന്നുമുതൽ, അതിരാത്രം, അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, കരിമ്പിൻ പൂവിനക്കരെ, കണ്ടു കണ്ടറിഞ്ഞു, കരിയിലകാറ്റു പോലെ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, അടിമകൾ ഉടമകൾ തുടങ്ങി 51 സിനിമകളിൽ ഇരുവരും ഒരുമിച്ചെത്തി. അതിലേറെയും സംവിധാനം ചെയ്തത് ഐ.വി.ശശിയാണ്.

1998-ൽ ഫാസിൽ സംവിധാനം ചെയ്ത ‘ഹരികൃഷ്ണൻസ്’ എന്ന സിനിമ ഇരുവരുടേയും കൂട്ടുകെട്ടിൽ വൻ വിജയം നേടി. രണ്ട് താരങ്ങളുടെയും ആരാധകർക്കുവേണ്ടി, രണ്ടുരീതിയിൽ ഷൂട്ട് ചെയ്ത ക്ലൈമാക്‌സ് സീൻ വാർത്തകളിൽ നിറയുകയും ചെയ്തു. 2000-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘നരസിംഹ’ത്തിൽ നായകൻ മോഹൻലാലാണ്. പക്ഷേ നായകന്റെ അച്ഛനെ രക്ഷിക്കാനെത്തുന്ന വക്കീലായി മമ്മൂട്ടി സിനിമയിൽ കസറി. പൂവള്ളി ഇന്ദുചൂഡനെയും അഡ്വ. നന്ദഗോപാൽ മാരാരെയും ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. 2013-ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ‘കടൽ കടന്ന് ഒരു മാത്തുക്കുട്ടി’യിൽ മോഹൻലാൽ അതിഥിതാരമായെത്തിയിരുന്നു.

Vijayasree Vijayasree :