വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനുമായ രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് ഇതിനോടകം തന്നെ നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയെത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. രത്തൻ ടാറ്റയുടെ വേർപാട് രാജ്യത്തെ ഓരോരുത്തരുടെയും വ്യക്തിപരമായ നഷ്ടമാണെന്ന് ആണ് മോഹൻലാൽ കുറിച്ചത്.
ശ്രീ രത്തൻ ടാറ്റയുടെ വിയോഗം നമുക്കെല്ലാവർക്കും ആഴത്തിലുള്ള, വ്യക്തിപരമായ നഷ്ടമായി തോന്നുന്നു. ദയയുടെയും വിനയത്തിന്റെയും കരുണയുടെയും ആൾരൂപമായിരുന്നു രത്തൻ ടാറ്റ. അദ്ദേഹം തന്റെ വിജയം അളന്നത് അദ്ദേഹം നിർമിച്ച വ്യവസായങ്ങൾ കൊണ്ട് മാത്രമല്ല, മറിച്ച് അവൻ ഓരോ ദിവസവും ജീവിച്ച അനുകമ്പയും സമഗ്രതയും കൊണ്ടാണ്.
മറ്റുള്ളവരോട് കാണിക്കുന്ന സ്നേഹവും മനുഷ്യത്വവുമാണ് രത്തൻ ടാറ്റയുടെ വിജയം. മറ്റുള്ളവരെ സഹായിക്കുക എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹം. ശ്രീ രത്തൻ ടാറ്റ, നിങ്ങളുടെ സാന്നിധ്യം ആഴത്തിൽ നഷ്ടപ്പെടും, പക്ഷേ നിങ്ങൾ അവശേഷിപ്പിച്ച ദയ, സ്നേഹവും പാരമ്പര്യവും വരും തലമുറകൾക്ക് ഞങ്ങളെ പ്രചോദിപ്പിക്കുകയും വഴികാട്ടുകയും ചെയ്യും.
ഓം ശാന്തി- എന്നാണ് മോഹൻലാൽ കുറിച്ചത്.
1937 ലായിരുന്നു രത്തൻ ടാറ്റയുടെ ജനനം. ടാറ്റ ഗ്രൂപ്പ് സ്ഥാപകൻ ജംസെറ്റ്ജി ടാറ്റയുടെ ചെറുമകനായിരുന്നു. 1948 -ൽ മാതാപിതാക്കളെ നഷ്ടമായ ശേഷം മുത്തശ്ശി നവജ്ബായി ടാറ്റയാണ് അദ്ദേഹത്തെ വളർത്തിയത്. 1955-ൽ ന്യൂയോർക്കിലെ റിവർഡെയ്ൽ കൺട്രി സ്‌കൂളിൽ നിന്ന് ബിരുദം നേടി.
1959-ൽ കോർണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ആർക്കിടെക്ചറിലും, സ്ട്രക്ചറൽ എൻജിനീയറിംഗിലും ബിരുദം നേടി. 1975-ൽ ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ മാനേജ്‌മെന്റ് പ്രോഗ്രാം പൂർത്തിയാക്കി. 1991-ൽ രത്തൻ ടാറ്റ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി. കമ്പനിയെ ആഗോള പ്രശസ്തിയിലേയ്ക്ക് ഉയർത്തി.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗ്രൂപ്പിന്റെ വരുമാനം 40 മടങ്ങ് വർദ്ധിച്ചു,. 2016-ൽ 103 ബില്യൺ ഡോളറിലെത്തി. ടാറ്റ മോട്ടോഴ്സിന്റെ ജാഗ്വാർ ലാൻഡ് റോവർ വാങ്ങൽ, ടാറ്റ സ്റ്റീൽ കോറസ് ഏറ്റെടുക്കൽ തുടങ്ങിയ പ്രധാന ഏറ്റെടുക്കലുകൾക്ക് ചുക്കാൻ പിടിച്ചയ് രത്തൻ ടാറ്റയാണ്. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു.
ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു.