മലയാള സിനിമാ വ്യവസായം തകരാൻ പോവുന്ന സ്ഥിതി; മലയാള സിനിമയെ നമുക്കു രക്ഷിക്കണം. പലർക്കും അറിഞ്ഞു കൂടാത്ത ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ഞങ്ങൾ ചെയ്യുന്നുണ്ട്; മോഹൻലാൽ

ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ് ആയ മോഹൻലാലിനും നേരിടേണ്ടി വന്നത്. ഇത്രയും ഗുരുതരമായ പ്രശ്നങ്ങൾക്കിടിയും അദ്ദേഹത്തിന്റെ മൗനമായിരുന്നു വിമർശനങ്ങൾക്ക് കാരണമായത്. നിരവധി പേരാണ് മോഹൻലാലും മമ്മൂട്ടിയും മൗനം വെടിയണമന്നാവശ്യപ്പെട്ട് രം​ഗത്തെത്തിയിരുന്നത്.

എന്നാൽ ഇപ്പോഴിതാ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. ആധികാരികമായി സംസാരിക്കാൻ തനിയ്ക്ക് അറിയില്ലാ എന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ തുടങ്ങുന്നത് തന്നെ. താൻ ഒരിടത്തേയ്ക്കും ഒളിച്ചോടി പോയതല്ല. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. കുറച്ച് നാൾ ​ഗുജറാത്തിലുണ്ടായിരുന്നു, കുറച്ച് നാൾ ബോംബേ, ചെന്നൈ അങ്ങനെ ഒരുപാട് നാളായി കേരളത്തിലുണ്ടായിരുന്നില്ലെന്ന് പറഞ്ഞ മോഹൻലാൽ മലയാള സിനിമാ വ്യവസായം തകരാൻ പോവുന്ന സ്ഥിതിയാണ് എന്നും പറഞ്ഞു.

താൻ അഭിനയത്തിലേക്ക് വന്നപ്പോൾ ഒരു സൗകര്യവും ഉണ്ടായില്ല. ഒരുപാട് നല്ല താരങ്ങളുള്ള വ്യവസായ രംഗമാണ്. മലയാള സിനിമയിലേക്ക് ഫോക്കസ് ചെയ്ത് ഈ മേഖലയെ ആകെ തകർക്കരുത്. സർക്കാരും പൊലീസും കുറ്റക്കാർക്കെതിരെയുണ്ട്. കോടതി വരെ എത്തി നിൽക്കുന്ന വിഷയമാണ് ഇത്.

പതിനായിരക്കണക്കിന് പേർ ജോലി ചെയ്യുന്ന വ്യവസായ രംഗമാണിത്. ആർക്കുവേണമെങ്കിലും അമ്മയുടെ നേതൃത്വത്തിലേക്ക് വരാം. മലയാള സിനിമയെ നമുക്കു രക്ഷിക്കണം. പലർക്കും അറിഞ്ഞു കൂടാത്ത ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ഞങ്ങൾ ചെയ്യുന്നുണ്ട്. തെറ്റുകുറ്റങ്ങൾ ഉണ്ടായേക്കാം. ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുന്നതു ശരിയല്ല.

കേരളത്തിൽ നിന്നുള്ള ഒരു വലിയ മൂവ്മെന്റ് ആയി ഇത് മാറണം. സിനിമയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഇതുപോലുള്ള കമ്മിറ്റികൾ ഉണ്ടാകണം എന്നാണ് ആഗ്രഹം. കുറ്റം ചെയ്തിട്ടുള്ള ആളുകൾ ശിക്ഷിക്കപ്പെടണമെന്നാണ് എന്റെ ആഗ്രഹം. ദയവുചെയ്ത് എല്ലാവരും കൂടി സഹകരിച്ച് മലയാള സിനിമ മേഖല തകരാതിരിക്കാൻ ശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാരംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ശരങ്ങൾ വരുന്നതും തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് അമ്മയല്ല.

അമ്മയ്ക്ക് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, വീടുകൾ നി‍ർമ്മിച്ച് നൽകാനുണ്ട്, മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ട്. അതൊന്നും നിർത്തിവച്ചിട്ടില്ല. ഗൂഗിൾ മീറ്റ് വഴി എല്ലാ ഭാരവാഹികളുടെയും അനുമതി വാങ്ങിയിട്ടാണ് രാജി തീരുമാനം പ്രഖ്യാപിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണസിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടിവന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ധാർമ്മിക ഉത്തരവാദിത്വം മുൻനിർത്തി രാജി വെക്കുന്നുവെന്നാണ് പത്രക്കുറിപ്പിൽ മോഹൻലാൽ പറയുന്നത്.

വാർത്താകുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയായിരുന്നു;

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈം ഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു.

രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നൽകുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണസമിതി താത്ക്കാലിക സംവിധാനമായി തുടരും.

‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും. എന്നായിരുന്നു കുറിപ്പ്.

Vijayasree Vijayasree :