അമ്മയ്‌ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും; പി. ജയചന്ദ്രന്റെ വേർപാടിൽ അനുശോചനം അറിയിച്ച് മോഹൻലാൽ

ഭാവ​ഗായകൻ പി. ജയചന്ദ്രന്റെ വേർപാടിൽ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ. തനിക്ക് ജ്യേഷ്ഠ സഹോദരനു തുല്യമായിരുന്നു ജയേട്ടനെന്നും അദ്ദേഹം പറഞ്ഞു. ജയചന്ദ്രൻ തന്റെ വീട് സന്ദർശിച്ചിരുന്ന കാലവും അമ്മയ്‌ക്ക് പാട്ടുകൾ പാടി നൽകിയിരുന്നുവെന്നും മോഹൻലാൽ പങ്കുവച്ചു.

മോഹൻലാലിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു:

പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നു. മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്‌ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും.

അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് എന്റെ സൗഭാഗ്യമായി കരുതുന്നു.ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം.- എന്ന് മോഹൻലാൽ കുറിച്ചു.

കഴിഞ്‍ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു ജയചന്ദ്രൻ വിടപറഞ്ഞത്. അ‍ർബുദത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം വൈകിട്ട് പൂങ്കുന്നത്തെ വീട്ടിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് തൃശൂർ അമല ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതൽ പൂങ്കുന്നത്തെ വീട്ടിലാണ് പൊതുദർശനം. 10 മണി മുതൽ 12 വരെ സം​ഗീത നാടക അക്കാദമിയിലും പൊതുദർശനമുണ്ടാകും. ശനിയാഴ്ച വൈകിട്ട് ചേന്ദമം​ഗലം തറവാട്ട് വീട്ടിലാണ് സംസ്കാരം നടക്കുക. 1944 മാർച്ച് 3ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജയചന്ദ്രൻ ജനിച്ചത്. രവിവർമ്മ കൊച്ചനിയൻ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായിരുന്നു അദ്ദേഹം.

Vijayasree Vijayasree :