അടുത്ത സിനിമ പ്രഖ്യാപിക്കുന്നു; രചനയും സംവിധാനവും അനൂപ് മേനോൻ; സന്തോഷം പങ്കുവെച്ച് മോഹൻലാൽ

നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ.

ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. മീശ പിരിച്ച ലാലേട്ടൻ വേഷങ്ങളോട് ഒരു പ്രത്യേക ആരാധനയാണ് മലയാളികൾക്ക്. എന്നാൽ മീശയില്ലാതെ ക്ലീൻ ഷേവിൽ മോഹൻലാൽ തകർത്തഭിനയിച്ച സിനിമകൾ ഉണ്ട്. മോഹൻലാലിന്റെ മുഖത്തെ സൂക്ഷാമിഭനയം പുറത്തെടുത്ത കഥാപാത്രങ്ങളാണ് അതിൽ പലതും.

ഇപ്പോഴിതാ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് മോഹൻലാൽ. അനൂപ് മേനോനാണ് പുതിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങൾ മോഹൻലാൽ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. അനുപ് മേനോൻ, ടിനി ടോം എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.

തന്റെ അടുത്ത സിനിമ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. എന്റെ അടുത്ത സിനിമ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്, പ്രണയവും ആഗ്രഹവും സംഗീതവും കടന്നുള്ള ഒരു നാടകീയ യാത്ര. തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങളിലായി ചിത്രീകരിക്കും.

അനൂപ് മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുകയും ടൈംലെസ് മൂവീസിന്റെ നിർമ്മാണത്തിൽ ബിടിഎസ് എന്ന മികച്ച ടീമിനെ ഉൾപ്പെടുത്തുകയും ചെയ്യുന്ന ഈ സബ്ജക്ട് എന്റെ ഹൃദയത്തോട് വളരെ അടുത്തുനിൽക്കുന്നു. ഞങ്ങളുടെ ഇതിഹാസ യാത്രയുടെ ഭാഗമാകാൻ നിങ്ങളെ എല്ലാവരെയും ഞാൻ ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു’ എന്നാണ് മോഹൻലാലിന്റെ പോസ്റ്റ്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പലരും വിമർശിച്ചുകൊണ്ടാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. എമ്പുരാനിലൂടെ ഏട്ടൻ തിരിച്ചുവരും എന്ന് പ്രതീക്ഷിച്ചിരുന്നു പക്ഷേ ഈ ചിത്രത്തിലൂടെ ഉടനെ തിരിച്ചു പോകാനും സാധ്യതയുണ്ട്, ഇനിയെങ്കിലും തിരഞ്ഞെടുപ്പുകൾ കുറച്ച് ശ്രദ്ധിച്ചൂടെ, നന്നാവില്ല എന്ന് ശപഥം എടുത്തതാണോ, എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള നെഗറ്റീവ് കമന്റുകൾ മാത്രമാണ് പോസ്റ്റിന് താഴെ വരുന്നത്.

മോഹൻലാലിനെ സംബന്ധിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങൾ അത്ര നല്ലതായിരുന്നില്ല എന്ന് തന്നെയാണ് ആരാധകരും പറയുന്നത്. വളരെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ വരെ പരാജയപ്പെട്ടിരുന്നു. ഇതിനുള്ള കാരണമായി, പുതിയ സംവിധായകരുമായി മോഹൻലാൽ സിനിമ ചെയ്യാത്തതും കരിയറിലെ ഇപ്പോഴത്തെ വീഴ്ചയ്ക്ക് കാരണമാണെന്ന് അഭിപ്രായപ്പെടുന്നവർ ഏറെയാണ്. മറുവശത്ത് മമ്മൂ‌ട്ടി നവാഗത സംവിധായകർക്കൊപ്പം ചേർന്ന് ഹിറ്റുകൾ സൃഷ്ടിക്കുന്നതും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

മാത്രമല്ല, അനൂപ് മേനൊനാണ് വിമർശനങ്ങൾക്ക് പ്രധാന കാരണമെന്നാണ് കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്. അനൂപ് മേനോൻ സംവിധാനം ചെയ്ത സിനിമകൾ ഒന്നും ഇതുവരെ വലിയ രീതിയിൽ വിജയം നേടിയിട്ടുമില്ലാത്തതും ആരാധകരെ നിരാശയിലാഴ്ത്തുന്നു. എന്നാൽ, ൽ പകൽ നക്ഷത്രങ്ങൾ എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയത് അനൂപ് മേനോൻ ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് മാതൃഭൂമിയുടെ മികച്ച നടനുള്ള ക്രിട്ടിക് പുരസ്‌കാരം ലഭിച്ചിരുന്നു.

മലയാള സിനിമയ്ക്ക് മറ്റൊരു മുഖം കൊണ്ടുവന്ന, മലയാള സിനിമയുടെ സ്റ്റൈൽ തന്നെ മാറ്റിമറിച്ച കോക്ടെയിൽ, ബ്യൂട്ടിഫുൾ, ടിൻവാൻഡ്രം ലോഡ്ജ് പോലുള്ള സിനിമകളുടെ എഴുത്തുകാരനും അനൂപ് മേനോൻ തന്നെയാണ് എന്നുള്ള കാര്യവും ഇവിടെ സ്മരിക്കേണ്ടതായിട്ടുണ്ട്. അതിനാൽ തന്നെ മുൻവിധിയോടെ ചിത്രത്തെ നോക്കി കാണാനാവില്ല.

സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവം എന്ന ചിത്രത്തിൽ മോഹൻലാൽ ജോയിൻ ചെയ്തിട്ടുണ്ട്. രണ്ടാളും ഒരുമിക്കുന്ന 20-ാമത്തെ സിനിമയാണിത്. ഈ സിനിമ നിർമിക്കുന്നത് ആശീർവാദ് സിനിമാസ് ആണ്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി പത്തിനാണ് ആരഭിക്കുന്നത്. അഖിൽ സത്യന്റെ കഥയ്‌ക്ക് സോനു ടിപിയാണ് തിരക്കഥയൊരുക്കുന്നത്. ഒരുപാട് മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച, സത്യൻ അന്തിക്കാട്- മോഹൻലാൽ കോംബോ വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷയേറെയാണ്.

Vijayasree Vijayasree :