പ്രണയ രംഗങ്ങള്‍ അവതരിപ്പിക്കുന്ന സമയത്ത് ഉള്ളില്‍ അറിയാതെ ഒരു പ്രണയം ഉണ്ടാവും. പ്രണയം ആ ഷോട്ട് കഴിയുമ്പോള്‍ കളയുക എന്നതാണ് നമ്മളുടെ ധര്‍മ്മം; വൈറലായി മോഹന്‍ലാലിന്റെ വാക്കുകള്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.

അഭിനയ മികവില്‍ ഇന്ത്യയിലെ നടന്‍മാരില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന മോഹന്‍ലാലിനെക്കുറിച്ച് നേരത്തെ പല പ്രമുഖരും സംസാരിച്ചിട്ടുണ്ട്. ഒപ്പമഭിനയിച്ച മിക്ക നടിമാരും മോഹന്‍ലാലിനെക്കുറിച്ച് വാചാലരാവാറുണ്ട്. രസകരമായി ഷൂട്ടിംഗ് മുന്നോട്ട് പോവാനും ഒപ്പമുള്ളവരെ കംഫര്‍ട്ടബിള്‍ ആക്കാനും മോഹന്‍ലാലിന് സാധിക്കുന്നെന്ന് ഇവര്‍ പറയുന്നു. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാനും മോഹന്‍ലാലിന് മടി ഇല്ല.

തമിഴില്‍ കമല്‍ഹാസനും മലയാളത്തില്‍ മോഹന്‍ലാലുമാണ് ഇത്തരം രംഗങ്ങളോട് മുഖം തിരിക്കാത്ത ആദ്യ കാലത്തെ നടന്‍മാര്‍. മുന്‍പൊരിക്കല്‍ മുകേഷ് ഇതേ പറ്റി മോഹന്‍ലാലിനോട് ചോദിച്ചിരുന്നു. ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ പ്രണയം തോന്നാറുണ്ടോ എന്ന് മുകേഷ് മോഹന്‍ലാലിനോട് ചോദിച്ചത്.

മോഹന്‍ലാല്‍ എന്ന നടന്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രേമ രംഗങ്ങളില്‍ അഭിനയിച്ച ആളാണ്. ഒരുപാട് നായികമാരോടൊപ്പം വളരെ ഇഴുകി ചേര്‍ന്ന് അഭിനയിച്ച ആളാണ്. വളരെ ആത്മാര്‍ത്ഥത നിറഞ്ഞ ഒരു സമീപനം അതില്‍ കാണുന്നുണ്ട്. ശരിക്കും ഇവരെ സ്‌നേഹിക്കുമോ ആ സമയത്ത്, എന്നായിരുന്നു മുകേഷിന്റെ ചോദ്യം. ഇതിന് മോഹന്‍ലാല്‍ മറുപടി നല്‍കി.

‘തീര്‍ച്ചയായും. പ്രണയമെന്ന് പറയുന്നത് ഒരു നല്ല അവസ്ഥ ആണ്. ആ സമയത്ത് മാത്രമല്ല എപ്പോഴും നമ്മള്‍ പ്രണയത്തിലാണ് എല്ലാവരുമായും. ആ പ്രണയം അവരിലേക്ക് കുറച്ച് ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നു എന്നേ ഉള്ളൂ. തീര്‍ച്ചയായിട്ടും പ്രണയ രംഗങ്ങള്‍ അവതരിപ്പിക്കുന്ന സമയത്ത് ഉള്ളില്‍ അറിയാതെ ഒരു പ്രണയം ഉണ്ടാവും. പ്രണയം ആ ഷോട്ട് കഴിയുമ്പോള്‍ കളയുക എന്നതാണ് നമ്മളുടെ ധര്‍മ്മം,’ മോഹന്‍ലാല്‍ പറഞ്ഞു.

‘അതാണ് അറിയേണ്ടത് ആ പ്രണയം കളയുമോ അതോ കൂടെക്കൊണ്ട് നടക്കുമോ എന്നായി മുകേഷിന്റെ അടുത്ത ചോദ്യം. ചിലത് കളയും. ചിലത് കുറച്ച് നാള്‍ കഴിഞ്ഞ് കളയും,’ എന്നും മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം അടുത്തിടെ മോഹന്‍ലാലിനെ കുറിച്ച് സന്തോഷ് ശിവന്‍ പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു.

കാലാപ്പാനിയിലെയും യോദ്ധയിലേയും അനുഭവങ്ങളാണ് സന്തോഷ് ശിവന്‍ പങ്കുവെക്കുന്നത്. കാലാപ്പാനി ചെയ്യുമ്പോള്‍ ഞങ്ങള്‍ ഞെട്ടിയ സംഭവമുണ്ടായിട്ടുണ്ട്. സാബു സിറിലാണ് ആര്‍ട്ട്‌സ്. ആര്‍ട്ട് ചെയ്യാനുള്ള പ്രോപ്പര്‍ട്ടിയൊക്കെ കൊണ്ടു വരുന്ന കപ്പല്‍ ഞങ്ങളുടെ മുന്നില്‍ വച്ച് കത്തിപ്പോയി. മുഴുവന്‍ കത്തി ഇല്ലാതായി. അവസാനം എല്ലാം നമ്മള്‍ സ്വന്തം ഉണ്ടാക്കേണ്ടി വന്നു. ആന്‍ഡാമാനിലേക്ക് ഞങ്ങള്‍ കുതിരയെ കൊണ്ടു പോയപ്പോഴാണ് അവര്‍ ആദ്യമായി കുതിരയെ കാണുന്നത്. അവസാനം കുതിരയെ തിരികെ കൊണ്ടു വരാന്‍ സമ്മതിച്ചില്ല. അവരാരും കുതിരയെ കണ്ടിട്ടില്ല എന്നാണ് സന്തോഷ് ശിവന്‍ പറയുന്നത്.

ഞാനും ലാല്‍ സാറും പ്രഭു സാറും പ്രിയനും രണ്ട് മൂന്ന് പേരും കൂടെ കടലിന്റെ നടുക്ക് ഇറക്കി വിട്ട ശേഷം ഓംകി ്രൈടബ്‌സിനെ കാണാന്‍ പോയി. ചെറിയ ബോട്ടില്‍ പോയി, പിന്നെ കിലോമീറ്ററുകള്‍ നടക്കണം. ഇരിക്കണമെങ്കില്‍ സ്റ്റൂള്‍ വേണം. പ്രഭുവൊക്കെ സ്റ്റുളും പിടിച്ചാണ് നടക്കുന്നത്. ഓംകീസിനെ കാണുന്നതൊക്കെ സീനിലുണ്ടെന്നും സന്തോഷ് ശിവന്‍ പറയുന്നു.

ഒരു സീനില്‍ ആദിവാസി സ്ത്രീ ലാല്‍ സാറിനെ അടിക്കുന്ന സീനുണ്ട്. ആ സ്ത്രീ ഒന്ന് ചിരിച്ചിട്ട് ഒറ്റയടി വച്ചു കൊടുത്തു. അതൊരു ഒന്നൊന്നര അടിയായിരുന്നു. ഫേക്കടിയൊന്നുമല്ല. ഞാന്‍ കണ്ടതില്‍ ഏറ്റവും റിയലായ അടിയാണ്. ഈയ്യടുത്ത് ലാല്‍ സാറിനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, ആ അടി ഓര്‍മ്മയുണ്ടോ എന്ന്. ഉണ്ട് ഉണ്ട് നന്നായി ഓര്‍ക്കുന്നുണ്ടെന്ന് പറഞ്ഞു. അവര്‍ നന്നായിട്ട് തന്നെ അടിച്ചു. മീന്‍ പിടിക്കുന്ന കൈ അല്ലേ, അത് വച്ച് നല്ല ഒരെണ്ണം കൊടുത്തു. അത് സിനിമയിലുണ്ട് എന്നും സന്തോഷ് ശിവന്‍ പറഞ്ഞു.

അതേസമയം, കരിയറില്‍ മോശം സമയത്തിലൂടെ ആണ് മോഹന്‍ലാല്‍ കടന്ന് പോവുന്നത്. 2022 ല്‍ നടന്റെ ഒരു സിനിമ പോലും ജനപ്രീതി നേടിയിട്ടില്ല. ബിഗ് ബജറ്റില്‍ വന്ന സിനിമകളെല്ലാം പ്രേക്ഷകരെ നിരാശപ്പെടുത്തി. സിനിമാ ലോകത്ത് വലിയ ചര്‍ച്ചയാണ് മോഹന്‍ലാലിന്റെ ഈ പരാജയങ്ങള്‍ ഉണ്ടാക്കിയത്. ഒരു ഹിറ്റ് സിനിമയിലൂടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മരയ്ക്കാര്‍, മോണ്‍സ്റ്റര്‍, തുടങ്ങിയ സിനിമകള്‍ വലിയ പ്രതീക്ഷയോടെ ആണ് തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ വലിയ നിരാശയാണ് സിനിമ പ്രേക്ഷകര്‍ക്ക് ഉണ്ടാക്കിയത്. അതേസമയം നടന്റെ വരാനിരിക്കുന്ന സിനിമകളില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുണ്ട്. എലോണ്‍, മലൈക്കോട്ടെ വാലിബന്‍ എന്നീ സിനിമകളാണ് വരാനിരിക്കുന്ന്. ലിജോ ജോസ് പെല്ലിശേരിയോടൊപ്പം മോഹന്‍ലാല്‍ ആദ്യമായെത്തുന്ന സിനിമ ആണ് മലൈക്കോട്ടെ വാലിബന്‍.

വലിയ പ്രതീക്ഷയാണ് ഈ സിനിമയ്ക്ക് മേല്‍ ആരാധകര്‍ക്ക് ഉള്ളത്. ഇതോടൊപ്പം നടന്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയും ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയേക്കും. ആശിര്‍വാദ് സിനിമാസാണ് ബറോസ് നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോയുടെ കഥ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ഷൂട്ടിംഗും ഈ വര്‍ഷം നടക്കും.

Vijayasree Vijayasree :