അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ്; മോഹന്‍ലാല്‍ എത്തിയേക്കില്ലെന്ന് വിവരം

ഇന്ന് നടക്കാനിരിക്കുന്ന അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിനായി നിരവധി ചലച്ചിത്ര താരങ്ങള്‍ക്ക് ആണ് ക്ഷണം ലഭിച്ചത്. ബോളിവുഡ്, തെന്നിന്ത്യന്‍ താരങ്ങള്‍ക്കൊപ്പം മലയാള സിനിമയില്‍ നിന്നും നടന്‍ മോഹന്‍ലാല്‍ സുരേഷ് ഗോപി എന്നിവര്‍ ക്ഷണിക്കപ്പെട്ടവരുടെ പട്ടികയില്‍ ഉണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. സംവിധായകന്‍ വിജി തമ്പിയാണ് മലയാള ചലച്ചിത്ര പ്രവര്‍ത്തകരില്‍ ക്ഷണം ലഭിച്ച പ്രമുഖരില്‍ മറ്റൊരാള്‍.

രണ്ടു ദിവസം കൂടിക്കഴിഞ്ഞാല്‍ അടുത്ത സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് മോഹന്‍ലാല്‍. താരങ്ങലില്‍ പലരും അയോധ്യയിലേയ്ക്ക് യാത്രതിരിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ അങ്ങോട്ട് തിരിച്ച വിവരം എവിടെയും കാണുന്നില്ല. ജനുവരി മാസത്തിന്റെ തുടക്കത്തില്‍ അയോധ്യയില്‍ നിന്നുള്ള അക്ഷതം മോഹന്‍ലാല്‍ സ്വീകരിച്ചിരുന്നു.

എന്നാല്‍ അദ്ദേഹം ചടങ്ങില്‍ സംബന്ധിക്കാന്‍ സാധ്യതയില്ല എന്നാണ് ചലച്ചിത്ര മേഖലയില്‍ നിന്നും ലഭ്യമായ വിവരം. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഹിന്ദി താരങ്ങള്‍ പലരും സ്ഥലത്തെത്തി. ചിലര്‍ അയോധ്യയില്‍ എത്തിച്ചേര്‍ന്നപ്പോള്‍, മറ്റുള്ളവര്‍ ലക്ക്‌നൗവിലാണ്. കങ്കണ റണൗത്ത്, ഷെഫാലി ഷാ, രണ്‍ദീപ് ഹൂഡ, പവന്‍ കല്യാണ്‍, രജനികാന്ത്, ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ ഞായറാഴ്ച തന്നെ ഇവിടേക്കെത്തി

സ്‌പോര്‍ട്‌സ് താരങ്ങളും, രാഷ്ട്രീയ പ്രവര്‍ത്തകരും രാമക്ഷേത്രത്തിലേക്ക് ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. മുംബൈ, ചെന്നൈ പോലുള്ള നഗരങ്ങളില്‍ നിന്നും അയോധ്യയിലേക്ക് താരങ്ങള്‍ പുറപ്പെടുന്ന കാഴ്ച കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു

ചിലര്‍ സ്ഥിരം വിമാനങ്ങളില്‍ യാത്ര തിരിച്ചപ്പോള്‍, ചാര്‍ട്ടേര്‍ഡ് വിമാനം ഇറക്കിയാണ് മറ്റുചിലര്‍ അയോധ്യയില്‍ എത്തിയത്. അതിരൂക്ഷമായ ശൈത്യം നേരിടുന്ന സ്ഥലമാണ് നിലവില്‍ അയോധ്യ. ഈ കാലാവസ്ഥയില്‍ നിന്നുകൊണ്ടാണ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുക.

Vijayasree Vijayasree :