പ്രേക്ഷർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ചിത്രത്തിന് വിജയാശംസകൾ നേർന്നിരിക്കുകയാണ് നടൻ മമ്മൂട്ടി. എമ്പുരാൻ ഒരു ചരിത്ര വിജയമായി മാറട്ടെ എന്നാണ് മമ്മൂട്ടി ആശംസിച്ചിരിക്കുന്നത്.
“എംപുരാന്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ആശംസകൾ, ഒരു ചരിത്ര വിജയമാവട്ടെ! ചിത്രം ലോകമെമ്പാടുമുള്ള അതിർവരമ്പുകൾ ഭേദിക്കുകയും മലയാള ചലച്ചിത്ര വ്യവസായത്തിനു മുഴുവൻ അഭിമാനിക്കാവുന്ന നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പ്രിയ ലാലിനും പൃഥ്വിക്കും വലിയ വിജയമുണ്ടാകട്ടെ!”- എന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
എമ്പുരാന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ താൻ ആരാധകർക്കൊപ്പം കാണുമെന്ന് മോഹൻലാൽ നേരത്തെ അറിയിച്ചിരുന്നു. എമ്പുരാൻ വെറുമൊരു സിനിമ അല്ലെന്നും തങ്ങളുടെ ചോരയും വിയർപ്പുമാണെന്നും ബാക്കി എല്ലാം ദൈവം തീരുമാനിക്കട്ടെ എന്നും മോഹൻലാൽ പറഞ്ഞു. സിനിമയെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്നും ചിത്രം പ്രേക്ഷകരോട് നേരിട്ടത് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 47 വർഷമായി ഇന്റസ്ട്രിയിലുള്ള ആളാണ് ഞാൻ. എമ്പുരാൻ പോലൊരു സിനിമ ചെയ്യുക എന്നത് അത്ര എഴുപ്പമുള്ള കാര്യമല്ല. റിയൽ പാൻ ഇന്ത്യൻ ചിത്രമാണിത്. എമ്പുരാൻ ഒരു മാജിക്കാണ്. ആ സിനിമ ചെയ്തതിന് പൃഥ്വിരാജിനോട് നന്ദി പറയുകയാണ്. ഇതൊരു സിനിമ മാത്രമല്ല. ഞങ്ങളുടെ ചോരയും വിയർപ്പുമാണ്. ഇതിൽപരം എമ്പുരാനെ കുറിച്ച് ഒന്നും പറയാനില്ല. കാരണം ഞങ്ങളുടെ സിനിമ നിങ്ങളോട് സംസാരിക്കും.
കേരളം ഒരു ചെറിയ ഇന്റസ്ട്രിയാണ്. പക്ഷേ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ആദ്യത്തെ സിനിമ സ്‌കോപ്, 70 എംഎം, ത്രീഡി, ഇപ്പോൾ മലയാളത്തിലെ ആദ്യ ഐമാക്സ് സിനിമ. സിനിമയ്ക്ക് പ്രേക്ഷകർ നൽകിയിരിക്കുന്ന പിന്തുണ വളരെ വലുതാണ്. അവർ എമ്പുരാനായി കാത്തിക്കുകയാണ്. ഇതൊരു മാജിക്കാണ്. ബാക്കിയെല്ലാം ദൈവം തീരുമാനിക്കട്ടെ, എന്നാണ് മോഹൻലാൽ പറഞ്ഞത്.