മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.
രഞ്ജിത്ത് കഥയെഴുതിയ നാലാമത്തെ ചിത്രമായിരുന്നു മോഹന്‍ലാലും നെടുമുടി വേണുവും പ്രധാന വേഷങ്ങള്‍ ചെയ്ത ഓര്‍ക്കാപ്പുറത്ത് എന്ന സിനിമ. ഫോര്‍ട്ട് കൊച്ചിയില്‍ ഷൂട്ട് ചെയ്ത സിനിമയില്‍ നായിക രമ്യ കൃഷ്ണനായിരുന്നു. കോമഡിക്കും ആക്ഷനും പ്രാധാന്യം നല്‍കി കമല്‍ സംവിധാനം ചെയ്ത ഈ ചിത്രം കമലിന്റെ മറ്റ് ചിത്രങ്ങളില്‍ നിന്നെല്ലാം വളരെ വ്യത്യസ്തവുമാണ്. മോഹന്‍ലാലിനെ ആ കാലഘട്ടത്തില്‍ ഇത്രയും സ്‌റ്റൈലിഷും ഫ്രീക്കായിട്ടും കണ്ട മറ്റൊരു ചിത്രമില്ല.
മലയാളത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ സിനിമകളില്‍ അണ്ടറേറ്റഡായ ഒന്നാണ് ഓര്‍ക്കാപ്പുറത്ത്. കമലും മോഹന്‍ലാലും ഒന്നിച്ചപ്പോഴെല്ലാം പിറന്നത് വ്യത്യസ്തമായ സിനിമകളായിരുന്നു. അതില്‍ ഒന്നാണ് ഓര്‍ക്കാപ്പുറത്ത്. വെറും 28 വയസ് പ്രായമുള്ളപ്പോഴാണ് ഫ്രെഡ്ഡി നിക്കോളാസ് എന്ന പഞ്ച ഗുസ്തക്കാരനായി ഓര്‍ക്കാപ്പുറത്തില്‍ മോഹന്‍ലാല്‍ വിലസിയത്.
ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ കുറച്ചുനാള്‍ ലീവെടുത്തു വീട്ടില്‍ ഇരിക്കാമായിരുന്നുവെന്ന മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ഡയലോഗും ഓര്‍ക്കാപ്പുറത്ത് സിനിമയിലാണ്. കാക്കോത്തിക്കാവിലെ അപ്പൂന്‍ത്താടികള്‍ക്കുശേഷം കമല്‍ സംവിധാനം ചെയ്ത സിനിമ കൂടിയാണ് ഓര്‍ക്കാപ്പുറത്ത്. മോഹന്‍ലാലും സെഞ്ച്വറി ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.
ഇതിന്റെ തിരക്കഥ എഴുത്ത് നടക്കുന്ന സമയത്ത് ഒരു ഘട്ടത്തില്‍ കഥയെ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത തരത്തില്‍ റൈറ്റര്‍ ബ്ലോക്കുണ്ടായപ്പോള്‍ തങ്ങളെ സഹായിച്ചത് പ്രിയദര്‍ശനാണെന്ന് പറയുകയാണ് ഇപ്പോള്‍ സംവിധായകന്‍ കമല്‍. പ്രിയദര്‍ശന്‍ പറഞ്ഞ ഐഡിയ തിരക്കഥ തന്നെ മാറ്റിമറിച്ചുവെന്നും കമല്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഫ്രെഡ്ഡിയായി അഭിനയിക്കാന്‍ ശ്രമിച്ചപ്പോള്‍ മോഹന്‍ലാലിനുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ചും കമല്‍ വെളിപ്പെടുത്തി. ‘ഇങ്ങനൊരു കഥയുമായി രണ്ടുപേര്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞ് കുഞ്ഞുമോന്‍ വിളിച്ചപ്പോള്‍ ജനറല്‍ ടിക്കറ്റ് എടുത്താണ് ഞാന്‍ ചെന്നൈയിലേക്ക് ട്രെയിന്‍ കേറിയത്. അവിടെ ചെന്നശേഷം മോഹന്‍ലാലിന് ത്രെഡ് ഇഷ്ടപ്പെട്ടുവെന്ന് അറി!ഞ്ഞ് തിരക്കഥ എഴുതാന്‍ തുടങ്ങി.’
‘പക്ഷെ ട്രെഷര്‍ ഹണ്ടിന്റെ ഭാഗം എത്തിയപ്പോള്‍ കഥയെ മുന്നോട്ട് കൊണ്ടുപോകുന്ന നല്ല ഐഡിയകളൊന്നും ഞങ്ങള്‍ക്ക് കിട്ടാതെയായി. അപ്പോഴേക്കും മോഹന്‍ലാല്‍ ഫ്രെഡ്ഡിയാകാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചിരുന്നു. കണ്ണില്‍വെക്കുന്ന ലെന്‍സ് അടക്കം വരുത്തിച്ചിരുന്നു. സിനിമ ഉപേക്ഷിക്കേണ്ടി വരുമെന്ന സ്ഥിതിയായപ്പോള്‍ തിരക്കഥ എഴുതുന്നതില്‍ വന്ന ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ മോഹന്‍ലാലിനോട് പറഞ്ഞു.’
‘എല്ലാം തിരുവനന്തപുരത്തെ തന്റെ വീട്ടിലേക്ക് വരാന്‍ മോഹന്‍ലാല്‍ ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ പ്രിയദര്‍ശനും മോഹന്‍ലാലിനൊപ്പം വന്നു. അങ്ങനെ പ്രിയനാണ് പിയാനോയ്ക്ക് ഉള്ളില്‍ നിന്നും നിധി കണ്ടെത്തുന്നുവെന്ന ത്രെഡ് പറഞ്ഞത്. അതോടെ തിരക്കഥയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ മാറി സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി. ഷൂട്ടിങ് തുടങ്ങിയശേഷം ലെന്‍സ് ഉപയോഗിച്ച് ഇന്‍ഫെക്ഷന്‍ വന്ന് മോഹന്‍ലാലിന് കണ്ണ് തുറക്കാന്‍ പറ്റാത്ത സ്ഥിതിയായി.’
‘അതിനുശേഷം മോഹന്‍ലാല്‍ ഒരു ഐ സ്‌പെഷ്യലിസ്റ്റായ ഡോക്ടറെ സെറ്റില്‍ ഷൂട്ടിങ് തീരും വരെ വെച്ചു. അതുപോലെ പഞ്ച ഗുസ്തി ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു ഫൈറ്റര്‍ അഭിനയിക്കുന്നതിന് പകരം മോഹന്‍ലാലിന്റെ കൈ അമര്‍ത്തി പിടിച്ച് തിരിച്ചു. അന്ന് മോഹന്‍ലാലിന് ശരിക്കും ദേഷ്യം വന്നു. ശേഷം ലാലിന്റെ കൈ കുഴയ്ക്ക് നീരുവെച്ച സ്ഥിതിയുമുണ്ടായി. അതുപോലെ ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ കുറച്ചുനാള്‍ ലീവെടുത്തു വീട്ടില്‍ ഇരിക്കാമായിരുന്നുവെന്ന ഡയലോഗ് മോഹന്‍ലാല്‍ സ്വയം കയ്യില്‍ നിന്നും ഇട്ട് പറഞ്ഞതാണ്’, എന്നാണ് കമല്‍ ഓര്‍ക്കാപ്പുറത്ത് സിനിമയുടെ ഷൂട്ടിങ് അനുഭവം പങ്കിട്ട് പറഞ്ഞത്.