മോഹൻലാൽ വീണ്ടും അമ്മയുടെ പ്രസിഡന്റ്; ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബു മത്സരിക്കില്ല!!

താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി നടന്‍ മോഹൻലാൽ വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് മോഹൻലാൽ താരസംഘടനയുടെ പ്രസിഡന്റാവുന്നത്.

2018 ലാണ് മോഹൻലാൽ അമ്മയുടെ പ്രസിഡന്റായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തുടർച്ചയായി മൂന്നാം തവണയാണ് എതിരില്ലാതെ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. പത്രികാ സമർപ്പണത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ മാത്രമാണ് ഉണ്ടായിരുന്നത്.

സംഘടനയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരമുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇത്തവണ ഇടവേള ബാബു മത്സരിക്കില്ല. 25 വര്‍ഷത്തോളം അമ്മ ഭാരവാഹിത്വത്തില്‍ ഉണ്ടായിരുന്ന ഇടവേള ബാബു സ്ഥാനമൊഴിയുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകത. ഏറെ കാലത്തിന് ശേഷമാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു മാറിനിൽക്കുന്നത്. 25 വർഷത്തോളമായി സംഘടനയുടെ വിവിധ ഭാരവാഹിത്വം വഹിച്ച വ്യക്തിയാണ് അദ്ദേഹം.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദീഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരും മത്സരിക്കും. 40 ഓളം പേര്‍ വിവിധ സ്ഥാനങ്ങളിലേക്ക് നോമിനേഷന്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് വിവരം.

ജൂണ്‍ 30 നാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുക. സംഘടനയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കും ഇത്തവണത്തെ പൊതുയോഗം വേദിയാകുമെന്നാണ് സൂചന.

Athira A :